ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടത്തിൽ അമരാവതി ഇല്ല

Web Desk
Posted on November 04, 2019, 11:50 am

വിജയവാഡ: പുതിയ കേന്ദ്രഭരണ പ്രദേശങ്ങളായി ജമ്മുകശ്മീരിനെയും ലഡാക്കിനെയും അവതരിപ്പിച്ച പുതിയ രാഷ്ട്രീയ ഭൂപടത്തിൽ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതി ഇല്ല. മുൻ ടിഡിപി സര്‍ക്കാർ അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാത്തതാണ് ഇതിന് കാരണമെന്നാണ് ഇപ്പോഴത്തെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന്റെ ആരോപണം.

സര്‍വെ ഓഫ് ഇന്ത്യ പുറത്ത് വിട്ട പുതിയ ഭൂപടത്തിലും സംസ്ഥാനത്തെ വിഭജിക്കും മുമ്പുള്ളത് പോലെ തന്നെ ആന്ധ്രാപ്രദേശിന്റെ ഭരണതലസ്ഥാനം ഹൈദരാബാദ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമപ്രകാരം 2014 മുതൽ പത്ത് വർഷത്തേക്ക് തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും പൊതു തലസ്ഥാനമായി ഹൈദരാബാദ് തുടരും. പ്രധാനമന്ത്രി നരേന്ദ്രമോഡി തറക്കല്ലിട്ട അമരാവതിയെക്കുറിച്ച് പുതിയ ഭൂപടത്തിൽ പരാമർശമില്ലാത്തതിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.