എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ച കോണ്‍ഗ്രസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Web Desk
Posted on August 19, 2019, 7:47 pm

തൃശൂര്‍: നാട്ടിക എംഎല്‍എ ഗീതാ ഗോപിയെ ജാതീയമായി അധിക്ഷേപിക്കുന്നതിനു വേണ്ടി ചാണകവെള്ളമൊഴിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. എംഎല്‍എ കുത്തിയിരിപ്പു സമരം നടത്തിയ ചേര്‍പ്പ് മിനി സിവില്‍ സ്റ്റേഷനിലെ വരാന്ത സമരമവസാനിപ്പിച്ചു പോയ ശേഷം ചാണകവെള്ളമൊഴിച്ച് ചൂലുകൊണ്ട് അടിച്ചു കഴുകി ജാതീയമായി അധിക്ഷേപിച്ചതിന് ചേര്‍പ്പ് പോലീസ് ചാര്‍ജ്ജ് ചെയ്ത കേസിലെ പ്രതികളായ 11 പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സോഫി തോമസ് തള്ളി.

ജൂലായ് 27 ന് ഉച്ചയ്ക്ക് 1.40 മണിക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചേര്‍പ്പ്-തൃപ്രയാര്‍ പബ്ലിക്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് എംഎല്‍എ യും സംഘവും മിനി സിവില്‍ സ്റ്റേഷന്‍ വരാന്തയില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്ന് എം എല്‍ എ സമരമവസാനിപ്പിച്ച് പോയ ശേഷം എംഎല്‍എ ഇരുന്ന സ്ഥലത്ത് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബക്കറ്റില്‍ ചാണകവെള്ളം ഒഴിച്ച് എംഎല്‍എ യെ പൊതുജനമദ്ധ്യത്തില്‍ ജാതീയമായി അധിക്ഷേപിച്ചു എന്നാണ് പോലീസ് ചാര്‍ജ്ജ് ചെയ്ത കേസ്.
ചേര്‍പ്പ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

പരാതിക്കാരിയായ നാട്ടിക എംഎല്‍എയുടെ അസാന്നിദ്ധ്യത്തില്‍ ചാണകംവെള്ളം ഒഴിച്ച് ചൂലുകൊണ്ടടിച്ചു കഴുകിയ പ്രവര്‍ത്തി പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന പ്രതികളുടെ വാദം തള്ളി, പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടിയുള്ള പ്രതികളുടെ അപേക്ഷ തള്ളി ഉത്തരവുണ്ടാവണമെന്ന ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ ഡി ബാബുവിന്റെ വാദം സ്വീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

YOU MAY LIKE THIS VIDEO ALSO