Web Desk

ന്യൂഡൽഹി:

January 29, 2021, 9:23 pm

സുപ്രീം കോടതിയെ വിമർശിച്ചതിന്റെ പേരിൽ മാപ്പുപറയില്ല : കുനാല്‍ കമ്ര

Janayugom Online

സുപ്രീം കോടതിയെ വിമർശിച്ചതിന്റെ പേരിൽ മാപ്പുപറയാൻ തയ്യാറല്ലെന്ന് കൊമേഡിയന്‍ കുനാല്‍ കമ്ര. തമാശകളെ ആ രീതിയില്‍ കണക്കാക്കണമെന്നും കമ്ര കോടതിയിൽ നൽകിയ മറുപടിയിൽ പറഞ്ഞു.

നിയമത്തിലും കോടതിയിലും ജനങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയത് അവയുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ്. അല്ലാതെ അതിനെ കുറിച്ചുള്ള വിമര്‍ശനങ്ങളിലൂടെയല്ല. ആക്ഷേപഹാസ്യത്തിന്റെ വിഷയമായതിന്റെ പേരിൽ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന അധികാരികള്‍ക്ക് അവരുടെ ചുമതലകള്‍ നിര്‍വഹിക്കാൻ എന്തെങ്കിലും തടസം ഉണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്ന് കമ്ര പറഞ്ഞു.
തന്റെ ട്വീറ്റ് ഒരിക്കലും നിയമ വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ ഉദ്ദേശിച്ചായിരുന്നില്ല. വിശ്വാസ്യതയില്‍ ഭീഷണി നേരിടുന്നവര്‍ വിമര്‍ശനങ്ങളെയും ഭയപ്പെടുന്നുവെന്നും കുനാല്‍ കമ്ര വ്യക്തമാക്കി. കോടതിയുടെ പല തീരുമാനങ്ങളോടും എനിക്ക് വിയോജിപ്പുണ്ടാവാം. എന്നാല്‍ സുപ്രീം കോടതിയില്‍ നിന്ന് വരുന്ന ഏത് വിധിയെയും ഒരു ചെറുപുഞ്ചിരിയോടെ ഏറ്റുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിക്കെതിരെ കുനാല്‍ കമ്ര പരിഹാസം നടത്തിയത്. തുടര്‍ന്ന് അഭിഭാഷകര്‍ അടക്കം എട്ടുപേര്‍ കമ്രക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ആറഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി കമ്രയോട് ആവശ്യപ്പെട്ടിരുന്നു.

ENGLISH SUMMARY: No apol­o­gy for crit­i­ciz­ing Supreme Court: Kunal Kamra

YOU MAY ALSO LIKE THIS VIDEO