25 April 2024, Thursday

സർക്കാർ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് വേണ്ട

Janayugom Webdesk
തിരുവനന്തപുരം
October 7, 2021 10:23 pm

സർക്കാർ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോറങ്ങൾ ലളിതമാക്കാനും അവ ഒരു പേജിൽ പരിമിതപ്പെടുത്താനും നിർദ്ദേശിക്കും. എന്നാല്‍ ബിസിനസ്, വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷാഫീസ് തുടരും.

പൗരന്മാർക്ക് വിവിധ സർട്ടിഫിക്കറ്റുകളും സേവനങ്ങളും നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കും. ഒരിക്കൽ നൽകിയ സർട്ടിഫിക്കറ്റുകൾ മറ്റു സർക്കാർ ഓഫീസുകളിലെ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. കാലയളവ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിഷ്കർഷിക്കാം. എന്നാൽ ഇവ ഏറ്റവും കുറഞ്ഞത് ഒരു വർഷക്കാലമായിരിക്കണം. വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് രേഖകള്‍ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണമെന്ന രീതി ഒഴിവാക്കി. രേഖകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.
കേരളത്തിൽ ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റോ അഞ്ചു വർഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കിൽ അവരെ നേറ്റീവായി പരിഗണിക്കും. കേരളത്തിനു പുറത്തു ജനിച്ചവർക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ തന്നെ നൽകും. ഇനി മുതൽ റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാൽ മതി. ഇവ ഇല്ലാത്തവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്. 

അപേക്ഷകന്റെ എസ്എസ്എൽസി ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. ലൈഫ് സർട്ടിഫിക്കറ്റിന് കേന്ദ്രസർക്കാർ പെൻഷൻകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ‘ജീവൻ പ്രമാൺ’ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ സംവിധാനം കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്. ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകർക്ക് നൽകാനും തീരുമാനമായി.
eng­lish summary;No appli­ca­tion fee for gov­ern­ment services
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.