താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെയുള്ളവർ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെടാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചതായി പ്രസിഡന്റ് എം രഞ്ജിത്ത് പറഞ്ഞു. കോടികൾ ചെലവാക്കുന്ന ബിഗ് ബജറ്റ്, മൾട്ടിസ്റ്റാർ ചിത്രങ്ങൾ ഉടൻ വേണ്ടെന്ന തീരുമാനത്തിലാണ് നിർമ്മാതാക്കൾ. സിനിമയുടെ ആകെ നിർമ്മാണ ചെലവ് 50 ശതമാനം എങ്കിലും കുറയണമെന്നും നിർമ്മാതാക്കൾ പറഞ്ഞു.
അമ്മ ഉൾപ്പെടെയുള്ള സംഘടനകളുമായി ഇക്കാര്യം ചർച്ച ചെയ്യും. സിനിമാ വ്യവസായം മുമ്പൊരിക്കലും നേരിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഉയർന്ന പ്രതിഫലം നൽകി വലിയ ചെലവിൽ സിനിമകളെടുക്കാനുള്ള അവസ്ഥ ഇപ്പോഴില്ലെന്നും നിർമ്മാതാക്കൾ പറഞ്ഞു.
സിനിമാ നിർമ്മാണത്തിന് എത്ര പണം ചെലവഴിക്കാനാകുമെന്ന് മുൻകൂട്ടി ആർക്കും കണക്കാക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ നിർമ്മാതാക്കൾ പലരും രംഗത്തു നിന്നു പിൻമാറുന്നു. കഴിഞ്ഞ വർഷം റിലീസായ ചിത്രങ്ങളിൽ ആറ് സിനിമകൾ മാത്രമാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്. വിവിധ അവകാശ വിൽപ്പനയിലൂടെയും മറ്റുമാണ് സിനിമകൾ പിടിച്ചു നിന്നത്. ഇനി തീയേറ്ററുകളിൽ നിന്നുള്ള വരുമാനവും കുറയും. കഴിഞ്ഞ വർഷമിറങ്ങിയ പകുതിയോളം സിനിമകളുടെ നിർമ്മാതാക്കൾ പ്രവാസികളാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അവരൊന്നും പണം മുടക്കാൻ കഴിയുന്ന അവസ്ഥയിലായിരിക്കില്ല. അതുകൊണ്ടാണ് നിർമ്മാണ ചെലവ് പകുതിയെങ്കിലും കുറയ്ക്കണമെന്ന് പറയുന്നതെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
english summary: no big budget movies suddenly
you may also like this video: