കോവിഡ് 19 പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ഉണ്ടായ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാനുള്ള നടപടികൾ ഇതുവരെയായും പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടി സംസ്ഥാനങ്ങളെ ഗുരുതര പ്രതിസന്ധിയിലാക്കി. ഇതിന്റെ ഫലമായി പല സംസ്ഥാനങ്ങളിലെയും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പോലും ബാധിച്ചു. കോവിഡ് പ്രതിസന്ധിക്കായി സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം നൽകിയില്ലെന്നതിന് പുറമേ ജിഎസ്ടിയിൽ അവകാശപ്പെട്ട വിഹിതമോ കുടിശ്ശികയോ നൽകാൻ തയ്യാറാകുന്നില്ല. കൊറോണ പ്രതിരോധത്തിനായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ആനുകൂല്യങ്ങൾ നൽകാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുന്നു.
മോഡി സർക്കാരിന്റെ ഇപ്പോഴത്തെ നടപടികൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് ഭീഷണിയാകുന്നുവെന്നും ഇവർ വിലയിരുത്തുന്നു. സംസ്ഥാനങ്ങളിൽ നടക്കുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ സംബന്ധിച്ച് നടത്തിയ സർവ്വേകളിൽ കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നതായി ദി സ്റ്റേറ്റ്സമാൻ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് മാസത്തെ കേന്ദ്ര നികുതി, തീരുവകൾ എന്നിവയുടെ വിഹിതമായി ഏപ്രിൽ 20ന് കേന്ദ്ര ധനമന്ത്രാലയം 46,038 കോടി രൂപ സംസ്ഥാനങ്ങൽക്ക് അനുവദിച്ചു. പതിനഞ്ചാം ധനക്കമ്മിഷന്റെ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള വിഹിതമാണ് നൽകുന്നതെന്നും പറഞ്ഞിരുന്നു. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ 17.81 ശതമാനം കുറവാണ് കേന്ദ്ര സർക്കാർ വരുത്തിയത്. 1,192 കോടി രൂപ ലഭിക്കേണ്ട തെലങ്കാനയ്ക്ക് ഇപ്പോൾ ലഭിച്ചത് 982 കോടി രൂപ മാത്രമാണ്.
കേരളം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങൾക്കും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. വിഹിതം സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ പതിനഞ്ചാം ധനക്കമ്മിഷൻ സ്വീകരിച്ചെങ്കിലും ഇതൊന്നും അംഗീകരിച്ചില്ലെന്നാണ് ഇപ്പോഴത്തെ കുറവ് സൂചിപ്പിക്കുന്നത്. സംസ്ഥാനങ്ങൾക്കുള്ള റവന്യൂ നഷ്ടം 74,340 കോടി രൂപയാണെന്നാണ് ധനക്കമ്മിഷൻ റിപ്പോർട്ട് നൽകിയത്. എന്നാൽ കേന്ദ്ര സർക്കാർ ഇതിൽ 40 ശതമാനം കുറവ് വരുത്തി. ഇതും സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നു. ജിഎസ്ടി ഇനത്തിൽ കേന്ദ്ര സർക്കാർ നൽകേണ്ട കുടിശ്ശിക ഇനിയും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടില്ല. സംസ്ഥാനങ്ങളുടെ നിരന്തര സമ്മർദ്ദങ്ങളെ തുടർന്ന് ഒക്ടോബർ മുതൽ നവംബർ മാസം വരെയുള്ള കുടിശിക ഇനത്തിൽ 34.053 കോടി രൂപ കേന്ദ്രം അനുവദിച്ചു.
ഡിസംബർ, ജനുവരി മാസങ്ങളിലെ കുടിശിക ഇനിയും നൽകിയിട്ടില്ല. ലോക്ഡൗണിനെ തുടർന്നുള്ള റവന്യു കമ്മി പരിഹരിക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ല. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിച്ചില്ല. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ ധനക്കമ്മി പരിഹരിക്കുന്നതിന് ഫിസ്കൽ റെസ്പോൺസിബിലിറ്റി ആന്റ് ബജറ്റ് മാനേജുമെന്റ് ( എംആർബിഎം) പരിധി ഉയർത്തണമെന്ന് കേരളം, ബിഹാർ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അഭ്യന്തര ജിഡിപിയുടെ മൂന്ന് ശതമാനമായി ധനക്കമ്മി നിലനിർത്താൻ സംസ്ഥാന സർക്കാരുകൾക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ പരിധി ഉയർത്തണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ഇത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്രസഹായത്തിന്റെ കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ മേഖലകളിൽ കടുത്ത സാമ്പത്തിക പ്രയാസം ഉണ്ട്. പ്രവാസികളെ പുനരധിവസിപ്പിക്കേണ്ട പ്രശ്നവും ഉണ്ട്. ഇതിനും കേന്ദ്ര സഹായം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി സൗഹൃദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും മീറ്റർ റീഡിംഗ് വൈകുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവർ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കോവിഡ് ബാധ സംസ്ഥാനത്ത് പൂർണമായി കഴിഞ്ഞു എന്ന ചിന്താഗതി പാടില്ല. ഇപ്പോഴും ഭീഷണിയുണ്ടെന്നും ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
English Summary: No covid-19 help by central government to state
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.