ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചു. 75 വയസ്സിനു മുകളിലുള്ളവർ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട. പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവർക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണിത് പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. ആദായനികുതി തർക്കങ്ങൾ പരിശോധിക്കാൻ പ്രത്യേകസമിതി രൂപീകരിക്കും. നികുതി പുനഃപരിശോധിക്കാനുള്ള സമയം ആറിൽനിന്ന് മൂന്നുവർഷമാക്കി.
50 ലക്ഷം നികുതിവെട്ടിച്ചെന്ന് തെളിവുണ്ടെങ്കിൽ മാത്രം 10 വർഷം വരെ പരിശോധിക്കാം. പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ടനികുതി ഒഴിവാക്കി. പുതിയ കസ്റ്റംസ് ഡ്യൂട്ടി ഘടന ഒക്ടോബർ ഒന്നിന് നിലവിൽ വരും. ചില വാഹനങ്ങൾക്കുള്ള കസ്റ്റംസ തീരുവ 15 ശതമാനം ഉയർത്തി. സോളർ വിളക്കുകൾക്കുള്ള കസ്റ്റംസ് തീരുവ അഞ്ചു ശതമാനം കുറച്ചു. കർഷകക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി നിർമല സീതാരാമൻ സഭയില്‍ പറഞ്ഞു. 2020–21ൽ ഗോതമ്പു കർഷകർക്കായി 75,000 കോടി രൂപ നൽകും. 43.36 ലക്ഷം കർഷകർക്ക് ഇത് ഗുണകരമാകും. നെൽ കർഷകർക്കായുള്ള വകയിരുത്തൽ 1.72 ലക്ഷം കോടി രൂപയാക്കി ഉയർത്തി. കാർഷിക വായ്പകൾക്കുള്ള വകയിരുത്തൽ 16.5 ലക്ഷം കോടി രൂപയാക്കി. അതേസമയം, കർഷകർക്കായുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നതിനിടെ മുദ്രാവാക്യം മുഴക്കിയും ആർത്തുവിളിച്ചും പ്രതിപക്ഷം പരിഹാസമുയർത്തി.
english summary ; No change in income tax rate; Discount on returns for those over 75 years of age
you may also like this video;