May 28, 2023 Sunday

ഓസ്ട്രേലിയയിൽ കാട്ടുതീ പ്രതിസന്ധി തുടരുമ്പോഴും കാലാവസ്ഥ നയത്തിൽ തിരുത്തൽ വരുത്താൻ ഒരുമ്പെടാതെ പ്രധാനമന്ത്രി

Janayugom Webdesk
December 22, 2019 12:25 pm

സിഡ്നി: കാലാവസ്ഥ വ്യതിയാനം നേരിടാൻ യാതൊന്നും ചെയ്യില്ലെന്ന കൃത്യമായ സന്ദേശം നൽകി പ്രധാനമന്ത്രി സ്കോട്ട്മോറിസൺ. രാജ്യം കഠിനമായ കാട്ടുതീയിലും കൊടുംചൂടിലും പെട്ട് ഉഴലുമ്പോഴാണ് സ്കോട്ട്മോറിസന്റെ ഈ നിഷേധാത്മക നിലപാട്.
രാജ്യം വെന്തുരുകുമ്പോൾ അവധിയാഘോഷിക്കാൻ കുടുംബത്തോടൊപ്പം ഹവായിലേക്ക് പോയ പ്രധാനമന്ത്രിയുടെ നടപടിയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മടങ്ങി വന്ന ഇദ്ദേഹം തന്റെ നടപടിയിൽ മാപ്പു ചോദിക്കുകയുമുണ്ടായി.
എന്നാൽ കഴിഞ്ഞ ദിവസം ന്യൂസൗത്ത് വെയിൽസിലെ അഗ്നിശമനസേന ആസ്ഥാനം സന്ദര്‍ശിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ മറ്റൊരു മുഖമാണ് കണ്ടത്. എല്ലാവരും പരസ്പരം ദയയുള്ളവരായിരിക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ആഗോളതാപനത്തിനെതിരെ കൂടുതൽ നടപടി വേണ്ടതെന്ന ചോദ്യം ഉയർത്തി. താൻ ഉപപ്രധാനമന്ത്രിയെ ചുമതല ഏൽപ്പിച്ച ശേഷമാണ് അവധിയിൽ പോയതെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തോട് മോറിസൺ പ്രതികരിച്ചു. അദ്ദേഹത്തിന് തീരുമാനങ്ങൾ എടുക്കാമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ അവധിയെക്കുറിച്ച് തർക്കം നടത്താതെ നല്ല മനസോടെ ഇരിക്കാന്‍ ഓസ്ട്രേലിയക്കാരെ ഉപദേശിക്കാനും മോറിസൺ മറന്നില്ല. മക്കൾക്ക് നൽകിയ വാഗ്ദാനം പാലിക്കാനാണ് ഹവായിലേക്ക് പോയതെന്നും മോറിസൺ ആവർത്തിച്ചു.
ഓസ്ട്രേലിയൻ ജനത വളരെ ബുദ്ധിമുട്ടേറിയ സന്ദർഭത്തിലൂടെ കടന്നുപോകുമ്പോൾ താനിവിടെ വേണമെന്ന് അവർ ആഗ്രഹിച്ചു എന്ന വസ്തുത തനിക്ക് മനസിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ മോറിസൺ ഉടൻ തന്നെ മലക്കം മറിഞ്ഞു. കാലവസ്ഥ വ്യതിയാന ചർച്ചകളുടെ കാലം കഴിഞ്ഞെന്നായിരുന്നു അദ്ദേഹത്തിന്റെ ഏകപക്ഷീയ പ്രഖ്യാപനം. കാലാവസ്ഥ വ്യതിയാനവും ലോകമെങ്ങുമുള്ള സംഭവങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. കാട്ടുതീയുമായി ഇതിനെ ബന്ധപ്പെടുത്താൻ ഒറ്റ തെളിവുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.