Web Desk

തിരുവനന്തപുരം

May 29, 2020, 10:05 pm

സംസ്ഥാനത്ത് സമൂഹവ്യാപനമില്ല: മുഖ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും സമൂഹവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം ബാധിതരുടെ എണ്ണം കൂടുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുമ്പോൾ ഇത് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ 12,191 ഐസൊലേഷൻ ബെഡ്ഡുകൾ സജ്ജമാണ്. നിലവിൽ 1,080 പേർ മാത്രമേയുള്ളൂ.

1,296 സർക്കാർ ആശുപത്രികളിൽ 49,702 കിടക്കകൾ, 1,369 ഐസിയു കിടക്കകൾ, 1,045 വെന്റിലേറ്ററുകൾ എന്നിവയുണ്ട്. സ്വകാര്യമേഖലയിൽ 866 ആശുപത്രികളിലായി 81,904 കിടക്കകളും 6,059 ഐസിയു കിടക്കകളും 1,578 വെന്റിലേറ്ററുകളുമുണ്ട്. 851 കൊറോണ കെയർ സെന്ററുകൾ നിലവിലുണ്ട്. അതുകൊണ്ടുതന്നെ രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ വല്ലാതെ പരിഭ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹവ്യാപന സാധ്യത മനസ്സിലാക്കുന്നതിനായി സെൻറിനെൽ സർവൈലൻസ് നടത്തുന്നതിന്റെ ഭാഗമായി ‘ഓഗ്മന്റഡ് ടെസ്റ്റ്’ നടത്തി. ഏപ്രിൽ 26ന് ഒറ്റ ദിവസം കൊണ്ട് 3,128 സാമ്പിളുകൾ ഇത്തരത്തിൽ പരിശോധിക്കുകയും, അത് തുടരുകയും ചെയ്യുന്നുണ്ടെന്നുംമുഖ്യമന്ത്രി പറഞ്ഞു. തിരിച്ചെത്തിയ പ്രവാസികളുടെ സെന്റിനൽ സർവൈലൻസ് (പൂൾഡ്) പരിശോധനയിൽ 29 പേർക്ക് ഫലം പോസിറ്റീവായി. ഈ കണക്കുകൾ വച്ചുതന്നെയാണ് സംസ്ഥാനത്ത് സമൂഹവ്യാപനം ഇല്ല എന്ന് പറയാനാകുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

620. 71 കോടി രൂപ അനുവദിച്ചു

കോവിഡ് മാനേജ്മെന്റിന് മാത്രമായി മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേന ഇതുവരെ 620. 71 കോടി രൂപ അനുവദിച്ചു. 227.35 കോടി രൂപ ഇതുവരെ ചെലവിട്ടു.

ENGLISH SUMMARY: no community distribution in kerala