ലക്ഷദീപിൽ സ്വകാര്യവൽക്കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന നിലപാട് ആവര്‍ത്തിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ നിന്നും മടങ്ങി. ദ്വീപിൽ വികസന പ്രവർത്തനങ്ങളുടെ പേരിൽ ജനങ്ങളെ ദുരിതത്തിലാക്കുന്ന ഭരണകൂടത്തിന്റെ നടപടികളിൽ ജനങ്ങൾക്കുള്ള ആശങ്കകൾ സേവ് ലക്ഷദ്വീപ് ഫോറം കോർ കമ്മിറ്റി ഭാരവാഹികൾ അഡ്മിനിസ്ട്രേറ്റർ എത്തിയ ദിവസം കൂടിക്കാഴ്ചയിൽ നിവേദനത്തിലൂടെയും ചർച്ചകളിലൂടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനുകൂല നടപടിയൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.
ജൂലൈ 27 ന് ദ്വീപിലെത്തിയ പട്ടേൽ ഇന്നലെ മടങ്ങുന്നതുവരെ ലക്ഷദ്വീപിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും തുടങ്ങിവച്ച പദ്ധതികളുടെ പുരോഗതി സംബന്ധിച്ചുള്ള ചർച്ചകൾക്കും വിലയിരുത്തലുകൾക്കുമായാണ് സമയം ചെലവഴിച്ചത്. സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച മടങ്ങുമെന്ന് അറിയിച്ച പട്ടേൽ ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേണ്ടിയാണ് ഒരു ദിവസം കൂടി ദ്വീപില്‍ തുടർന്നത്. ലക്ഷദ്വീപിലെ വിർജിൻ കോക്കനട്ട് ഓയിൽ ഉല്പാദനം, കടലോര വില്ല പദ്ധതി, ഫിഷറീസ് ഇൻഫ്രാ സ്ട്രക്ചറിൽ മത്സ്യങ്ങൾ സംഭരിക്കുന്നതിനായി പുതിയതായി സ്ഥാപിച്ച ഡീപ് ഫ്രീസർ, ഫിഷ് ഹാന്റിലിംഗ് സെന്റർ, സിവിൽ സ്റ്റേഷൻ, ഡാക്ക് ബംഗ്ലാവിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, വെസ്റ്റേൺ സൈഡ്, ഈസ്റ്റേൺ സൈഡ് ജെട്ടികളുടെ പ്രവർത്തനം, അഗത്തി കലാ അക്കാഡമി മ്യൂസിയം, സ്വകാര്യ വ്യക്തിയുടെ പൗൾട്രി ഫാം എന്നിവിടങ്ങളും അദ്ദേഹം ഒരാഴ്ചക്കുള്ളിൽ സന്ദർശിച്ചു.
വികസനത്തിന്റെ പേരിൽ ദ്വീപിനെ സ്വകാര്യവത്കരിക്കാനും ദ്വീപിന്റെ സംസ്കാരം തകർക്കാനുമുള്ള നടപടികൾക്കെതിരെ ജനങ്ങളെ ഒന്നിച്ചണിനിരത്തി സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി.
English summary; No compromise in Lakshadweep; The administrator returned
You may also like this video;