അവിശ്വാസ പ്രമേയം:ചന്ദ്രബാബു നായിഡു കെജ്രിവാളിനെ സന്ദര്‍ശിച്ചു

Web Desk
Posted on April 04, 2018, 8:20 pm

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ തെലങ്കാന സമര്‍പ്പിക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണതേടി തെലങ്കാന മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി നേതാവിനെ സന്ദര്‍ശിച്ചു. ബുധനാഴ്ചയാണ് ചര്‍ച്ച നടന്നത്. തെലങ്കാനയക്ക് പ്രത്യേക പദവി വേണമെന്ന കാര്യത്തിലും ഇരുവരും ചര്‍ച്ച നടത്തി.

ആംആദ്മി പാര്‍ട്ടിയുടെ അണികളിലൂടെ ഇരുസഭകളിലും അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കുമെന്നും ടിഡിപിയുടെ വക്താവ് അറിയിച്ചു. ആംആദ്മിയ്ക്ക് ലോകസഭയില്‍ നാല് എംപിമാരും രാജ്യസഭയില്‍ മൂന്ന് എംപിമാരുമാണുള്ളത്. ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനെയും ചന്ദ്രബാബുനായിഡു ഇന്നു കാണുമെന്നാണ് സൂചന.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് കേന്ദ്രം തീരുമാനിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ മാസം ടിഡിപി എന്‍ഡിഎ ഉപേക്ഷിച്ചത്. നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ ടിഡിപി അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്തിരുന്നു. ഡല്‍ഹിയിലെ നേതാക്കളുടെയടുത്ത് അവിശ്വാസ പ്രമേയത്തിന് പിന്തുണതേടിയാണ് ചെന്ദ്രബാബു നായിഡു കഴിഞ്ഞദിവസം രാജ്യ തലസ്ഥാനത്ത് എത്തിയത്.
വീരപ്പ മൊയ്‌ലി, എന്‍സിപി പ്രസിഡന്റ് ശരദ് പവാര്‍, ഹര്‍സിമ്രാട്ട് കൗര്‍ എന്നിവരുമായി നായിഡു ചര്‍ച്ച നടത്തി. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ടിഎംസിയുടെ സുധീപ് ബന്ധോപാധ്യായ, സിപിഐ നേതാവ് ഡി രാജ, എഐഡിഎംകെയുടെ വി മൈത്രേയന്‍, അപ്‌ന ദളിന്റെ അനുപ്രിയ പട്ടേല്‍, സമാജ്വാദി പാര്‍ട്ടിയുടെ റാം ഗോപാല്‍ യാദവ് എന്നിവരുമായും അവിശ്വാസ പ്രമേയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.