29 March 2024, Friday

Related news

November 18, 2023
April 1, 2023
February 3, 2023
November 29, 2022
September 19, 2022
September 16, 2022
July 7, 2022
July 7, 2022
June 5, 2022
May 20, 2022

പഞ്ചാബിൽ തീരുമാനമായില്ല; കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗം മാറ്റിവെച്ചു

Janayugom Webdesk
ചണ്ഡീഗഡ്
September 19, 2021 2:12 pm

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവച്ച സാഹചര്യത്തില്‍ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയാര് എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ധാരണയായില്ല. ഇതിനിടെ പഞ്ചാബിലെ അടുത്ത മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കുമെന്നത് സംബന്ധിച്ച് സമയവായമാവാത്ത സാഹചര്യത്തിൽ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗം മാറ്റിവച്ചിട്ടുണ്ട്.നാല് മാസം കഴിഞ്ഞാല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഫോര്‍മുലയാണ് തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകും. രണ്ട് സമുദായത്തെ പ്രതിനിധീകരിക്കുന്നവരാകും ഉപമുഖ്യമന്ത്രിമാര്‍.രണ്ട് കാര്യങ്ങളാണ് അമരീന്ദര്‍ സിങിന്റെ രാജിയിലെത്തിയത്. ഒന്ന് അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് പഞ്ചാബില്‍ തുടര്‍ ഭരണം കിട്ടില്ലെന്ന അഭിപ്രായ സര്‍വ്വെ റിപ്പോര്‍ട്ടുകളാണ്. മറ്റൊന്ന്, 30ലധികം കോണ്‍ഗ്രസ് എംഎല്‍എമാര്‍ അമരീന്ദറിനെ മാറ്റിയില്ലെങ്കില്‍ രാജിവച്ച് എഎപിയില്‍ ചേരുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അമീരന്ദര്‍ സിങുമായി സംസാരിച്ചതും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതും.

 


ഇതുകൂടി വായിക്കൂ: കോണ്‍ഗ്രസേ… പഞ്ചാബ് ജുദ്ധം തീര്‍ത്തേ തീരൂ


 

മൂന്ന് തവണ താന്‍ അപമാനിതനായി എന്നാണ് അമരീന്ദര്‍ സിങ് സോണിയയെ അറിയിച്ചത്. പിന്നീട് നിയമസഭാ കക്ഷിയോഗം ചേരുന്നതിന് മുമ്പ് അദ്ദേഹം രാജി പ്രഖ്യാപിച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി.അമരീന്ദറിനെതിരെ കരുനീക്കം നടത്തിയ നവജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിക്കില്ലെന്ന് അമരീന്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിദ്ദു പാകിസ്താനുമായി അടുപ്പമുള്ള വ്യക്തിയാണെന്നും ഒരിക്കലും മുഖ്യമന്ത്രിയാക്കരുതെന്നും അമരീന്ദര്‍ പറയുന്നു. തന്റെ മുന്നില്‍ ഒരുപാട് അവസരങ്ങളുണ്ടെന്നും സമയമാകുമ്പോള്‍ തീരുമാനം എടുക്കുമെന്നും അമരീന്ദര്‍ വ്യക്തമാക്കി. ഇനി കോണ്‍ഗ്രസിന് മുന്നിലുള്ള അടുത്ത വെല്ലുവിളി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയെ നിയമിക്കുന്നതില്‍ പാളിച്ച സംഭവിക്കരുതെന്ന് ഹൈക്കമാന്റ് കരുതുന്നു. ഈ സാഹചര്യത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാരിനെ നിയോഗിക്കാനാണ് ആലോചന. മുഖ്യമന്ത്രി, രണ്ട് ഉപമുഖ്യമന്ത്രിമാര്‍ എന്നതാണ് പുതിയ ഫോര്‍മുല.പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖര്‍ മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ജാഖര്‍. ഇദ്ദേഹത്തിന്റെ പേര് നേരത്തെ ഉയര്‍ന്നിരുന്നു. സിദ്ദുവിനെ മുഖ്യമന്ത്രിയാക്കില്ലെന്നാണ് വിവരം. അത് കൂടുതല്‍ ഗ്രൂപ്പ് പോരിന് കാരണമാകുമെന്ന് ഹൈക്കമാന്റ് വിലയിരുത്തുന്നു. തുടര്‍ന്നാണ് സുനില്‍ ജാഖറിന് വഴി തുറക്കുന്നത്. ദളിത്, സിഖ് വിഭാഗങ്ങളില്‍ നിന്ന് ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമത്രെ.


ഇതുകൂടി വായിക്കൂ: അമരീന്ദറിനെ മാറ്റിയതില്‍ പൊട്ടിത്തെറിച്ച് ഒമര്‍ അബ്ദുള്ള; കോണ്‍ഗ്രസിന് മുന്നറിയിപ്പ്


 

മുന്‍ മന്ത്രി ഛരഞ്ജിത് സിങ് ചന്നി, മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ രാജ് കുമാര്‍ വെര്‍ക എന്നിവരാണ് ദളിത് സമൂഹത്തില്‍ നിന്ന് ഉപമുഖ്യമന്ത്രിമാരാകാന്‍ സാധ്യത.യുള്ളത്. സിദ്ദുവുമായി അടുപ്പമുള്ള സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ, അമരീന്ദറിനെതിരെ വിമത നീക്കം നടത്തിയ മുന്‍ മന്ത്രി എന്നിവരുടെ പേരുകളാണ് സിഖ് വിഭാഗത്തില്‍ നിന്ന് പരിഗണനയിലുള്ളത്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതാപ് ബജ്‌വ, കോണ്‍ഗ്രസ് രാജ്യസഭാംഗം അംബിക സോണി, സുഖ്ബീന്ദര്‍ സിങ് സര്‍കരിയ, തൃപ്ത് രജീന്ദര്‍ ബജ്‌വ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സിദ്ദു മുഖ്യമന്ത്രിയാകാന്‍ കരുനീക്കം നടത്തുന്നില്ല എന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയാകണമെന്നാണ് സിദ്ദുവിന്റെ ആഗ്രഹമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്.

 

Eng­lish Sum­ma­ry:  No deci­sion in Pun­jab; Con­gress Leg­isla­tive Par­ty meet­ing adjourned

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.