റെജി കുര്യന്‍

ന്യൂഡല്‍ഹി

January 15, 2021, 10:37 pm

ഒമ്പതാം ചര്‍ച്ചയിലും തീരുമാനമായില്ല; ട്രാക്ടര്‍ റാലി നടത്താനുറച്ച് കർഷകർ

Janayugom Online

പ്രക്ഷോഭം നടത്തുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇന്നലെ നടന്ന ഒമ്പതാംവട്ട ചര്‍ച്ചയിലും തീരുമാനമായില്ല. 19ന് ഇരുപക്ഷവും വീണ്ടും സമ്മേളിക്കും. കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുക എന്ന തീരുമാനം ഉണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് കര്‍ഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമം പിന്‍വലിക്കാന്‍ ആകില്ലെന്നും പകരം ഭേദഗതികള്‍ ആകാം എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങളും നടപ്പിലാക്കുന്നത് മരവിപ്പിച്ചിരിക്കുകയാണ്.

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന നാല്‍പതിലധികം കര്‍ഷക സംഘടനാ പ്രതിനിധികളും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറും കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും സോം പ്രകാശുമാണ് ഇന്നലെ വിജ്ഞാന്‍ ഭവനില്‍ നാലു മണിക്കൂറിലധികം നീണ്ട ചര്‍ച്ചകളില്‍ പങ്കെടുത്തത്. ഉച്ചതിരിഞ്ഞ് ആരംഭിച്ച ചര്‍ച്ചയുടെ ഇടവേളയില്‍ തന്നെ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. കര്‍ഷക സമരത്തില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനു ശേഷം നടന്ന ആദ്യവട്ട ചര്‍ച്ചയിലും ഇരുപക്ഷവും വിട്ടുവീഴ്ചയുടെ പാതയല്ല സ്വീകരിച്ചത്.

ഇന്നലത്തെ ചര്‍ച്ചകള്‍ 120 ശതമാനം പരാജയമായിരുന്നു. അവശ്യ സാധന നിയമങ്ങള്‍ സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളോടു പ്രതികരിക്കാന്‍ കൃഷിമന്ത്രി തയ്യാറായില്ല. എന്തു വിലകൊടുത്തും റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍ ചര്‍ച്ചകള്‍ക്കു ശേഷം പ്രതികരിച്ചു. കര്‍ഷക സമരത്തിനു ദിനംപ്രതി പിന്തുണ വര്‍ധിക്കുന്നത് സര്‍ക്കാരിനുമേൽ വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. കര്‍ഷക സമര അനുകൂല പ്രകടനങ്ങള്‍ക്കു നേരെ ഇന്നലെ ഹരിയാനയിലും ഉത്തര്‍ പ്രദേശിലും പൊലീസ് വൻ പ്രതിരോധം തീര്‍ത്തു.

ENGLISH SUMMARY:No deci­sion was tak­en in the ninth dis­cus­sion as the farm­ers decid­ed to hold a trac­tor rally
You may also like this video