ഉംപുന്‍ ദുരന്തം: കേന്ദ്രസഹായത്തില്‍ വിവേചനമരുത്

Web Desk
Posted on May 23, 2020, 2:30 am

ഉംപുന്‍ ചുഴലിക്കാറ്റ് അഭൂതപൂര്‍വ്വവും വിവരണാതീതവുമായ നാശനഷ്ടങ്ങളാണ് പശ്ചിമ ബംഗാളില്‍ വരുത്തിവച്ചത്. ഒഡിഷയും ഉംപുന്‍ ഭീകരതയ്ക്ക് ഇരയായെങ്കിലും നാശനഷ്ടങ്ങള്‍ ഏറെയും സംഭവിച്ചത് പശ്ചിമബംഗാളിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ചുഴലികൊടുങ്കാറ്റ് വിതച്ച നാശത്തില്‍ 72 മനുഷ്യജീവനുകള്‍ നഷ്ടമായി. പശ്ചിമബംഗാളിന്റെ തെക്കന്‍മേഖലയിലാകെ വന്‍നാശമാണ് ഉണ്ടായത്. 24 ദക്ഷിണ പര്‍ഗാനസ് ജില്ല ഏതാണ്ട് 99 ശതമാനവും തുടച്ചുമാറ്റപ്പെട്ടു. ഉത്തര പര്‍ഗാനസ്, ഹൗറ, കൊല്‍ക്കത്ത, പടിഞ്ഞാറന്‍ മേദിനിപുര്‍, കിഴക്കന്‍ മേദിനിപുര്‍, പുരളിയ, ബാന്‍കുര എന്നീ ജില്ലകളിലെല്ലാം ഉംപുന്‍ സംഹാരതാണ്ഡവം നടത്തി.

സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തവിധം സമ്പൂര്‍ണനാശമാണ് ചുഴലിക്കാറ്റ് വരുത്തിവച്ചത്. 1737ല്‍ മുപ്പതിനായിരത്തോളം പേരുടെ ജീവന്‍ കവര്‍ന്ന കൊടുങ്കാറ്റിനുശേഷം പശ്ചിമബംഗാള്‍ കണ്ട ഏറ്റവും ഭീകരമായ പ്രകൃതിദുരന്തം എന്നാണ് ഉംപുന്‍ വിതച്ച നാശം വിലയിരുത്തപ്പെടുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അഞ്ചര ലക്ഷത്തിലധികം ജനങ്ങളെ ചുഴലികൊടുങ്കാറ്റിന്റെ പാതയില്‍ നിന്ന് യഥാസമയം ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലാക്കാന്‍ കഴിഞ്ഞത് വലിയ ജീവനാശം ഒഴിവാക്കാന്‍ സഹായകമായി. എന്നാല്‍ ആയിരക്കണക്കിന് തകര്‍ന്ന വീടുകളും അനേകം റോഡുകളും താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയജലം കയറാതെ തടയുന്നതിനു നിര്‍മ്മിച്ച ഭിത്തികള്‍, കടല്‍ഭിത്തികള്‍ എന്നിവയ്ക്കുണ്ടായ നാശവും പരിഹരിച്ച് ജനങ്ങളെ പുനരധിവസിപ്പിക്കുക അത്യന്തം ശ്രമകരമായ ദൗത്യമായിരിക്കും.

വെെദ്യുതി വിതരണത്തിലും വാര്‍ത്താവിനിമയ സംവിധാനത്തിലും ഉണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. കോവിഡ് 19 വ്യാധിയുടെ മൂര്‍ധന്യത്തില്‍ സംഭവിച്ച പ്രകൃതിദുരന്തം പശ്ചിമബംഗാളിനെ സാമ്പത്തികമായി തകര്‍ത്തിരിക്കുന്നുവെന്നുതന്നെ പറയാം. 2019 നവംബറില്‍ നാശംവിതച്ച ബുള്‍ബുള്‍ ചുഴലിയില്‍ നിന്നും കരകയറി പുനരധിവാസവും പുനര്‍നിര്‍മ്മാണവും പൂര്‍ത്തിയാക്കും മുമ്പെ മഹാമാരിയുടെയും പതിനായിരക്കണക്കിനു കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചൊഴുക്കിന്റെയും നടുവിലാണ് മഹാദുരന്തം. അഭൂതപൂര്‍വമായ ഈ ദുരന്തത്തില്‍ നിന്നും കരകയറാന്‍ പശ്ചിമബംഗാളിന് വലിയതോതില്‍ സഹായവും ഐക്യദാര്‍ഢ്യവും കൂടിയേതീരൂ. ഒഡിഷയും ഉംപുന്‍ താണ്ഡവത്തിന് ഇരയാകേണ്ടിവന്നുവെങ്കിലും അവിടെ നാശനഷ്ടത്തിന്റെ തോത് താരതമ്യേന ലഘുവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂ­ചിപ്പിക്കുന്നത്.

ആ പ­രിഗണന പശ്ചിമബംഗാളിന്റെ പുനരുദ്ധാരണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അന്തരീക്ഷവും ഫെഡറല്‍ സംവിധാനത്തിലെ ബലതന്ത്രവും പശ്ചിമബംഗാളിന് ഏറെയൊന്നും അനുകൂലമല്ലെന്നത് പരക്കെ അംഗീകരിക്കപ്പെടുന്ന യാഥാര്‍ത്ഥ്യമാണ്. ഉംപുന്‍ ദുരന്തത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഒഡിഷ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരുമായി നടത്തിയ സംഭാഷണം സംബന്ധിച്ച വാര്‍ത്തകളിലും അത്തരം ആശങ്കകള്‍ നിലനില്‍ക്കുന്നു. പശ്ചിമബംഗാളില്‍ ഉംപുന്‍ സൃഷ്ടിച്ച നാശനഷ്ടം ചുരുങ്ങിയത് ഒരു ലക്ഷം കോടി രൂപയെങ്കിലും വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ നാശം നേരിട്ട് വീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി ആയിരം കോടിയുടെ അടിയന്തര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ നടുവില്‍ നിന്നും മറ്റൊരു മഹാദുരന്തത്തിലേക്ക് പൊടുന്നനെ വലിച്ചെറിയപ്പെട്ട പശ്ചിമബംഗാള്‍ രാഷ്ട്രീയ വിവേചനത്തിന് ഇരയായിക്കൂട.

അത്തരത്തില്‍ ആശങ്കപ്പെടാന്‍ നിര്‍ബന്ധിതമാക്കുന്ന സമീപനങ്ങളാണ് പലപ്പോഴും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണകൂടത്തില്‍ നിന്നും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കേരളം നേരിടേണ്ടിവന്ന പ്രളയങ്ങളും കേന്ദ്രം സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവലംബിച്ച സമീപനങ്ങളും അങ്ങനെ ചിന്തിക്കാന്‍ പ്രേരകമാകുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ പെട്ടപ്പോഴും അര്‍ഹമായ സഹായം നിഷേധിക്കുക മാത്രമല്ല, സഹായിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്ന രാജ്യങ്ങളെ വിലക്കുകയും പ്രവാസി മലയാളി സമൂഹങ്ങളില്‍ നിന്നും കേരള പുനര്‍നിര്‍മ്മാണനിധി സമാഹരണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തത് നമ്മുടെ അനുഭവമാണ്.

വിദേശത്തുനിന്നും കേരള പുനര്‍നിര്‍മ്മാണത്തിന് സഹായം സ്വീകരിക്കുന്നതിന് തടസം സൃഷ്ടിച്ചവര്‍ തന്നെ വിവാദ പിഎം-കെയേഴ്സ് നിധിയിലേക്കുള്ള സംഭാവനകള്‍ യഥേഷ്ടം സ്വീകരിക്കുകയും ചെയ്യുന്നുവെന്നത് വിവേചനമായി മാത്രമെ കാണാനാവൂ. മോഡി സര്‍ക്കാരിന്റെ നയങ്ങളില്‍ ചിലതിനെ എതിര്‍ക്കുമ്പോഴും അതിന്റെ നിലനില്പില്‍ തന്ത്രപരമായ പിന്തുണ നല്‍കാന്‍ ഒഡിഷയിലെ നവീന്‍ പട്നായിക് ഭരണകൂടം തയ്യാറായിട്ടുണ്ട്. രാഷ്ട്രീയത്തിലെ അത്തരം കൊടുക്കല്‍ വാങ്ങലിന്റെ പേരില്‍ ഫെഡറല്‍‍ തത്വങ്ങള്‍ വിസ്മരിച്ച് കേന്ദ്രം ദുരന്തമുഖത്ത് പെരുമാറില്ലെന്നു കരുതാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍ മമത‑മോഡി സര്‍ക്കാരുകളുടെ ബലതന്ത്രവും പശ്ചിമബംഗാള്‍ സംസ്ഥാനം അസംബ്ലി തെരഞ്ഞെടുപ്പിന്റെ വാതില്‍പ്പടിയിലാണെന്നതും ആശങ്കയ്ക്ക് കാരണമാകുന്നു. രാഷ്ട്രീയ വെെരം ബംഗാള്‍ ജനതയുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കി മാറ്റാന്‍ ഒരു കാരണവശാലും അനുവദിച്ചുകൂട.