January 28, 2023 Saturday

ഒരു രോഗവും ഒരു രാജ്യത്തിന് മാത്രമുള്ളതല്ല

എം എസ് രാജേന്ദ്രൻ
ലോകജാലകം
April 5, 2020 4:50 am

കഷണ്ടിക്കും കുശുമ്പിനും മരുന്നില്ല എന്നാണ് പഴഞ്ചൊല്ല്. അത്രപോലും ചികിത്സ ഇല്ലാത്ത ഒരു രോഗമാണ് അഹന്ത. വ്യക്തികള്‍ക്കെന്നപോലെ രാജ്യങ്ങള്‍ക്കും ചികിത്സയില്ലാത്ത ഒരു മാറാരോഗമാണിത്. ഇന്ത്യയില്‍ വെട്ടിപ്പിടിത്തം നടത്താന്‍ ഗ്രീസില്‍ നിന്ന് ക്രിസ്തുവിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയ അലക്സാണ്ടര്‍ ചക്രവര്‍ത്തി തന്നെ ഇന്ത്യക്കാരെ ഈ പാഠം പഠിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ശക്തനായ രാജാവായിരുന്ന പുരുവിനെ തോല്പിച്ച് തടവുകാരനായി പിടിച്ചപ്പോള്‍ അലക്സാണ്ടര്‍ ചോദിച്ച ചോദ്യവും പുരു നല്കിയ മറുപടിയും എന്നെന്നും ഓര്‍ക്കാവുന്നതാണ്. ‘ഞാന്‍ താങ്കളോട് എങ്ങനെയാണ് പെരുമാറേണ്ടത്’ എന്ന അലക്സാണ്ടറുടെ ചോദ്യവും പുരുവിന്റെ മറുപടിയും ഇതിനുദാഹരണമാണ്.

‘ഞാന്‍ താങ്കളോട് എങ്ങനെയാണ് പെരുമാറേണ്ടത്’ എന്ന ചോദ്യത്തിന് പുരു നല്കിയ മറുപടി ഇതായിരുന്നു: ‘ഒരു രാജാവ് മറ്റൊരു രാജാവിനോടെന്നപോലെ’ എന്ന മറുപടി അലക്സാണ്ടറെ ആകര്‍ഷിച്ചു. ‘ഒരു രാജാവ് മറ്റൊരു രാജാവിനോടെന്നപോലെ’ എന്ന മറുപടി അഹന്തയ്ക്ക് മാത്രമല്ല ആത്മാഭിമാനത്തിനും ദൃഷ്ടാന്തമാണ്. പുരുവിനെ ഇന്ത്യയിലെ ഗ്രീക്ക് ഗവര്‍ണര്‍ ആയി നിയമിച്ചുകൊണ്ടുള്ള അലക്സാണ്ടറുടെ യാത്രഅയപ്പ് അഹന്തയ്ക്കും ആത്മാഭിമാനത്തിനും എന്നെന്നും ദൃഷ്ടാന്തമായിരിക്കും. ഈ ആത്മാഭിമാനത്തിനുപകരം അഹന്ത മാത്രം പ്രകടമാക്കുന്ന ഒരു പ്രസിഡന്റാണ് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചെെനയില്‍ കൊറോണ എന്ന മഹാരോഗം പിടിപെട്ട് ആയിരമായിരം ജീവന്‍ പൊലിഞ്ഞപ്പോള്‍ അത് ഒരു ‘ചെെനീസ് രോഗം’ ആണെന്നു പറഞ്ഞ് ആക്ഷേപിച്ച ട്രംപിന്റെ അവിവേകത്തെ അഹങ്കാരമെന്നോ ധാര്‍ഷ്ട്യമെന്നോ വിളിച്ചാണ് അപലപിക്കേണ്ടതെന്ന് നിശ്ചയമില്ല. ഒരു മഹാമാരിയുടെ പിടിയില്‍പെട്ട് ആയിരങ്ങള്‍ ഉഴലുമ്പോള്‍ അത് ഒരു ‘ചെെനീസ് രോഗം’ ആണെന്ന് ആക്ഷേപിക്കാന്‍ ചങ്കൂറ്റം കാണിച്ച ട്രംപിന്റെ അഹന്തയെന്നും അജ്ഞതയെന്നും വിവരിക്കാം. ലോകശക്തിയായ അമേരിക്കയെ ഒരു രോഗത്തിനും കീഴ്പ്പെടുത്താനാവില്ലെന്ന പ്രസ്താവന അഹന്തയും അജ്ഞതയും കൂടിക്കലര്‍ന്ന ഒന്നാണ്.

എന്നാല്‍ ചെെന ആ മഹാവിപത്തിന് മുന്നില്‍ മുട്ടുകുത്തിയില്ലെന്ന് മാത്രമല്ല പതിനായിരങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടും കൂസാതെ, കുലുങ്ങാതെ, ആ മഹാഭീമന്‍ രോഗത്തെ മുട്ടുകുത്തിക്കുക തന്നെ ചെയ്തു. ക്യൂബയുടെ സഹായത്തോടെ കൊറോണയെ മുട്ടുകുത്തിക്കാനുള്ള ദിവ്യഔഷധം വ്യാപകമായി ഉപയോഗിച്ച് കൊറോണയുടെ മൂലകേന്ദ്രമായ വുഹാന്‍ നഗരത്തില്‍ ഒരു ജീവിതം വീണ്ടും ആരംഭിക്കുക തന്നെ ചെയ്തു. ജന്മനാള്‍ തൊട്ട്, 1959 മുതല്‍ ക്യൂബ എന്ന ‘കൊതുകിനെ’ ചതയ്ക്കാന്‍ കുടമെടുത്ത അമേരിക്കയ്ക്ക് ചികിത്സാരംഗത്ത് ലോകപ്രസിദ്ധി നേടിയ ക്യൂബയെ വാഴ്ത്താനാവാത്തതില്‍ ആശ്ചര്യം വേണ്ട. അതിനെ തള്ളിപ്പറയാതെ നിശബ്ദത എങ്കിലും പാലിച്ചു കൂടെ എന്ന് ഈ പ്രസിഡന്റിനോട് ചോദിക്കാവുന്നതാണ്. അപ്പോള്‍ അമേരിക്കയൊ. ചെെനയിലേതിനെക്കാള്‍ കൂടുതല്‍ ജീവനുകള്‍ അപഹരിച്ചുകൊണ്ടായിരുന്നു അവിടെ ആ രോഗത്തിന്റെ മുന്നേറ്റം, അപ്പോഴും ക്യൂബന്‍ ഔഷധം ഉപയോഗപ്പെടുത്താന്‍ അമേരിക്ക മടിച്ചുനില്ക്കുമൊ? അമേരിക്കയ്ക്ക് ലോക മഹാശക്തി എന്ന അഹന്ത പരണത്ത് വച്ചുകൊണ്ട് ക്യൂബയുടെ മെഡിക്കല്‍ സഹായം ചോദിച്ചുവാങ്ങാനാവുമോ? കൊറോണ കാരണം ചെെനയിലേതിനേക്കാള്‍ ജീവനുകള്‍ നഷ്ടപ്പെട്ടിരിക്കുന്ന സ്പെയിന്‍ ക്യൂബന്‍ ഡോക്ടര്‍മാരെ അവിടേക്ക് വിളിച്ചുവരുത്തിയിരിക്കുകയാണ്.

അഹംഭാവത്തെക്കാള്‍ മനുഷ്യജീവനുകള്‍ രക്ഷപ്പെടുത്തുന്നതില്‍ വ്യഗ്രതയുള്ള സ്പെയിന്‍ കൊച്ചു ക്യൂബയുടെ ലോകോപകാരമായ ദൗത്യത്തെ വാഴ്ത്തിക്കൊണ്ടാണ് അവിടെ നിന്നുള്ള വലിയൊരു സംഘം ഡോക്ടര്‍മാരുടെ സേവനം ചോദിച്ച് വാങ്ങിയിരിക്കുന്നത്. ട്രംപിന് മാനാഭിമാനമായിരിക്കും വലുത്. മെക്സിക്കോയില്‍ നിന്നുള്ള കുടിയേറ്റത്തിന് തടയിടാന്‍ ആയിരം മെെലുകള്‍ ദെെര്‍ഘ്യമുള്ള ഒരു വന്‍മതില്‍ കോടിക്കണക്കിനു ഡോളര്‍ ചെലവു ചെയ്ത് അവിടെ പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുകയാണല്ലോ. അങ്ങനെയുള്ള അമേരിക്കയ്ക്ക് ജന്മവെെരികളായ ക്യൂബയുടെ സഹായം ചോദിച്ചുവാങ്ങാനാവുകയില്ലല്ലൊ. എന്നാല്‍ ഈ വെെരം ക്യൂബയ്ക്ക് അമേരിക്കയോട് ഇല്ലെന്നാണ് ഓര്‍ക്കേണ്ടത്. ജന്മനാള്‍തൊട്ട് ആ കൊച്ചു ദ്വീപിനെ തകര്‍ക്കാന്‍ അവര്‍ എന്തും ചെയ്യുമെന്നായപ്പോഴാണ് സോവിയറ്റ് മിസെെലുകള്‍ അവിടെ സ്ഥാപിച്ച് ക്യൂബ ആ വിപത്ത് ഒഴിവാക്കിയത്. കൊറോണ എന്ന ലോകമഹാവിപത്ത് ഒഴിവാക്കാന്‍ ലോകം മുഴുവന്‍ കെെകോര്‍ത്തു പിടിക്കുമ്പോഴാണ് അമേരിക്ക സ്വന്തം വന്‍ശക്തി വെെഭവം കെെവെടിയാതെ ജനജീവിതം അപകടപ്പെടുത്തുമാറുള്ള ഹ്രസ്വവീക്ഷണം വച്ചുപുലര്‍ത്തുന്നത്. കൊറോണയ്ക്ക് രാജ്യത്തിന്റെ വലിപ്പച്ചെറുപ്പമൊന്നും ഒരു പ്രശ്നമല്ലെന്ന് മൂക്കിന്നപ്പുറം കാണാന്‍ കഴിവില്ലാത്ത അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് അവരുടെ പാടായി എന്നു പറഞ്ഞ് ലോകത്തിന് കെെകഴുകാന്‍ പറ്റുന്നില്ലെന്നതാണ് മനുഷ്യരാശിയുടെ മുന്നിലുള്ള പ്രശ്നം. കാരണം ഒരു കൊറോണ പോലും നിലനില്ക്കുന്നത് ലോകത്തിനു നാശമാണ് സംഭവിക്കാന്‍ പോകുന്നത്. ഇക്കാര്യം വിവരമുള്ള മനുഷ്യര്‍ക്കെല്ലാം നല്ലതുപോലെ ഓര്‍മ്മയുണ്ട്. അതുകൊണ്ടാണ് പഞ്ചഭൂഖണ്ഡങ്ങളും ഈ വിപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെെകാലിട്ടടിക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ ലോകത്തിനു വേണ്ടി കൂടിയാണ് ഈ മുന്‍കരുതലിന് വേണ്ടി ഇത്രയേറെ ത്യാഗമനുഷ്ഠിക്കുന്നത്.

മൂന്നാഴ്ചത്തെ ലോക്കൗട്ട് ആണല്ലൊ ഇന്ത്യക്കാര്‍ ഒന്നടങ്കം അനുഭവിച്ചിരിക്കുന്നത്. ലോകത്തൊരിടത്തും ഒരു പൊതുകാര്യത്തിനായി ഇത്രയേറെ ത്യാഗസന്നദ്ധത മറ്റാരും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവില്ല. മൂന്നാഴ്ചക്കാലം മുഴുവന്‍ വീടുകള്‍ അടച്ചുപൂട്ടി റോഡില്‍പോലും ഇറങ്ങാതെയുള്ള ഈ കൊറോണ നിര്‍മ്മാര്‍ജനയജ്ഞത്തിന് ഇന്ത്യയിലെ ജനങ്ങള്‍ ഇത്രയും വലിയ വില നല്കേണ്ടിയിരുന്നുവൊ എന്ന ചോദ്യം ചോദിക്കാന്‍പോലും അധികമാരും തയാറായിട്ടില്ല. ഒരു കൊറോണ അണു ലോകത്തെവിടെയെങ്കിലും ശേഷിച്ചാല്‍ അതു പെറ്റുപെരുകിയിട്ടുണ്ടാകുന്ന വിപത്തിന്റെ വെെപുല്യം നേരിടാനുള്ള ജനങ്ങളുടെ സഹനസന്നദ്ധത ചോദ്യം ചെയ്യപ്പെടുന്നില്ലെങ്കില്‍ ആ ത്യാഗമനോഭാവത്തെ ചൂഷണം ചെയ്യാന്‍ മുതിരാതിരിക്കുന്നതാണ് ഭംഗി. മൂന്നാഴ്ച ഒരു രാജ്യത്തെ ഒന്നടങ്കം അടച്ചുപൂട്ടിയിടുന്ന ശിക്ഷ അത്ര ചെറുതൊന്നായി കാണരുത്. അര നൂറ്റാണ്ട് മുന്‍പ് അടിയന്തരാവസ്ഥക്കാലത്ത് പോലും ജനങ്ങള്‍ക്ക് ഇതുപോലുള്ള വമ്പിച്ച ബുദ്ധിമുട്ടുകള്‍ ഒരിക്കലും സഹിക്കേണ്ടിവന്നില്ല. പ്രാഥമികാവശ്യങ്ങള്‍പോലും സ്വയം നിഷേധിച്ചുകൊണ്ടാണ് ഈ പട്ടാള ഭരണതുല്യമായ നടപടികളെ ഇന്ത്യയിലെ ആളുകള്‍ മിണ്ടാതെ സഹിക്കുന്നത്. ലോകത്തൊരിടത്തും ഒരിക്കലും ഉണ്ടാകാത്ത ഈ നടപടികള്‍ കൂടുതല്‍ നീട്ടിക്കൊണ്ടുപോകാന്‍ ഇടയാവുകയുമരുത്. ഒരു രോഗവും ഏതെങ്കിലും ഒരു രാജ്യത്തില്‍ മാത്രമായി ഒതുങ്ങുന്നില്ലെന്ന് ലോക സാമൂഹ്യവ്യവസ്ഥകള്‍ നിലംപരിശായതിന്റെ ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്കെല്ലാം ബോധ്യമുണ്ട്. അന്ന് അതിലേക്കും ഇന്ത്യയും അതിന്റേതായ സംഭാവനകള്‍ നല്കണമെന്ന ബോധമാണ് ഇന്ത്യന്‍ ജനതയെ ഈ ത്യാഗത്തിന് പ്രേരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.