ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസും രക്ഷിതാക്കള്‍ക്ക് ഇന്റർവ്യൂവും നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് ഒരു തരത്തിലുള്ള ബാലപീഡനമാണെന്നും നടപടിയുണ്ടാവുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നുമുതൽ എട്ട് വരെ സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നിയമപരമായി അംഗീകരിച്ച നാടാണ് നമ്മുടേത്. ഒരു തരത്തിലുള്ള വിദ്യാഭ്യാസ കച്ചവടവും അനുവദിക്കുകയില്ല. സ്വകാര്യ എൻജിനീയറിങ്, മെഡിക്കൽ, മറ്റു പ്രൊഫഷണൽ കോളജുകളിലും ഫീസ് സർക്കാർ നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ നിർദ്ദേശങ്ങളും ഉത്തരവുകളും അനുസരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെടും. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതികൾ സ്വീകരിക്കാൻ പ്രത്യേക സംവിധാനം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 2024 — 25 അധ്യയന വർഷത്തേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം കേന്ദ്ര സര്‍ക്കാര്‍ ആറ് ആക്കിയെങ്കിലും കേരളത്തില്‍ അത് അഞ്ച് വയസ് തന്നെയായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്രീപ്രൈമറി ക്ലാസുകളിലേയും പുതിയ പുസ്തകങ്ങൾ അടുത്ത അധ്യയനവർഷം നിലവിൽ വരും. ഹയർ സെക്കൻഡറിയിലെ പാഠപുസ്തക പരിഷ്കരണം ഡിസംബറില്‍ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ അക്കാദമിക മികവും ഗുണനിലവാരവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ഗുണമേന്മാ പദ്ധതി ആരംഭിക്കും. ഇതിനായി 37.80 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ശില്പശാലയും 18ന് രാവിലെ 10.30ന് സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിന് ഓരോ വിദ്യാലയത്തേയും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.