March 23, 2023 Thursday

ഭയന്നോടിയില്ല, തിരിച്ചുവരികയാണ് വർദ്ധിതവീര്യത്തോടെ

Janayugom Webdesk
March 4, 2020 6:30 am

ഡൽഹിയിലെ തെരുവോരം ഇപ്പോൾ ശാന്തമാണെന്ന് പറയാം. കലാപകാരികൾ അഴിഞ്ഞാടിയ തെരുവുകളിൽ കുട്ടികളുടെ പുഞ്ചിരിച്ച മുഖങ്ങൾ. ആ നിഷ്കളങ്കമനസുകൾ പഴയപടി അവിടങ്ങളിൽ ഉല്ലസിക്കുന്നു. രാജ്യം ആഗ്രഹിക്കുന്നതും അതുതന്നെ. മാധ്യമങ്ങൾ പലതും ആ കാഴ്ചകൾ ലോകത്തിനുമുന്നിൽ പങ്കുവയ്ക്കുമ്പോൾ സമാധാനം കാംക്ഷിക്കുന്ന ഇന്ത്യൻ മനസുകൾ ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ആശ്വസിക്കുകയാണ്. നാടിന്റെ ദുരവസ്ഥയിൽ നെഞ്ച് തകർന്ന ഹൃദയം അങ്ങനെ ഒന്നു തണുക്കട്ടെ. പ്രതിഷേധങ്ങൾക്കുനേരെ നിറയൊഴിച്ചും വാളുവീശിയും കലാപകാരികൾ തെരുവുകളിൽ ഉറഞ്ഞുതുള്ളിയത് മതേതരരാജ്യത്തിന് അപമാനമായി.

ബാബറി മസ്ജിദിന്റെ മിനാരങ്ങൾ തച്ചുതകർത്തപ്പോൾ ഇന്ത്യക്കുണ്ടായ മുറിവോളം വലുതായി 46 ജീവനുകളെടുത്ത വർഗീയവാദികളുടെ ഡൽഹി കലാപം. ഡൽഹിയില്‍ പാരമ്പര്യമായി ജീവിച്ചുപോന്ന മുസ്‌ലിം കുടുംബങ്ങളുടെ പാര്‍പ്പിടങ്ങളും അതിനകത്തെ സാധനസാമഗ്രികളും സമസ്തരേഖകളുമെല്ലാം കത്തിച്ചു ചാമ്പലാക്കി. നിത്യച്ചെലവിനുള്ള വകകണ്ടെത്തിയിരുന്ന കൊച്ചുകച്ചവട ടെന്റുകളും മറ്റു സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയും അടിച്ചുതകർത്തും കലാപകാരികൾ അഴിഞ്ഞാടി. ഒരു നാടിന്റെ നിലവിളി ലോകമാകെ കേട്ടിട്ടും ദേശസ്നേഹം പറയുന്ന ഭരണകൂടത്തിന് മാത്രം യാതൊരു അങ്കലാപ്പും ഉണ്ടായില്ല. കലാപത്തിന് ആഹ്വാനം നല്‍കിയ ബിജെപി നേതാവ് കപിൽ മിശ്രയ്ക്ക് കനത്ത കാവലേർപ്പെടുത്തുന്നതിനാണ് നരേന്ദ്രമോഡി ഭരണകൂടം തിടുക്കം കാണിച്ചിരിക്കുന്നത്. ഇതുവരെ 123 എഫ്ഐആർ മാത്രമാണ് കലാപവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. 623 പേരെ അറസ്റ്റുചെയ്തു. കലാപകാരികളായ സംഘപരിവാർ ക്രിമിനലുകൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് ഡൽഹി പൊലീസാണെന്നത് പകൽപ്പോലെ വ്യക്തമാണ്.

ഈ സാഹചര്യത്തിൽ അറസ്റ്റിലായവരിൽ യഥാർത്ഥ കലാപകാരികൾ എത്രത്തോളമുണ്ടെന്ന് സംശയിക്കാം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ ഡൽഹി പൊലീസിന്റെ ഓരോ നീക്കവും ദുരൂഹതകൾ നിറഞ്ഞതാണ്. ശാന്തമായും സമാധാനത്തോടെയുമാണ് രാജ്യത്തുടനീളം പ്രതിഷേധം നടന്നത്. നയത്തിനും നിലപാടിനുമെതിരെയുള്ള പോരാട്ടത്തെ വർഗീയമായി കാണുകയും അതിനുനേരെ സംഘടിതമായി സംഘപരിവാറിന്റെ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഇതെല്ലാം കാഴ്ചക്കാരെപ്പോലെ നോക്കിക്കാണുകയാണ് പൊലീസ് ചെയ്തത്. നിവൃത്തികേടുകൊണ്ടും സ്വയരക്ഷയ്ക്കുമായി പ്രതികരിച്ച പ്രതിഷേധക്കാരെ തടഞ്ഞ് അക്രമകാരികൾക്ക് മുന്നിലേക്കിട്ടുകൊടുത്തതും രാജ്യം കണ്ടു. ഷഹീൻ ബാഗിൽ കൈകോർത്ത് ചങ്ങല തീർത്ത കുടുംബിനികളെയും കുഞ്ഞുങ്ങളെയും റോഡിൽ വലിച്ചിഴച്ചു. പ്രതിഷേധം ശക്തമായതോടെ അവർക്കുനേരെ നിറയൊഴിച്ചു. പൊലീസും കലാപത്തിനൊരുങ്ങിവന്നവരും അതിക്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മുസ്‌ലിം നാമധാരികളെ തിരഞ്ഞുപിടിച്ചു കൊന്നൊടുക്കാനുറച്ച അക്രമികൾ, വളരെ ആസൂത്രിതമായി പൊലീസ് ഉദ്യോഗസ്ഥരെയും വകവരുത്തി.

പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയെന്ന രീതിയില്‍ സംഘാനുകൂല മാധ്യമങ്ങൾ ആദ്യമാദ്യം വാർത്തകൾ പടച്ചുവിട്ടു. എന്നാൽ സമൂഹമാധ്യമങ്ങളിലും മറ്റും അക്രമങ്ങളുടെയും അക്രമകാരികളുടെയും ചിത്രങ്ങളും വീഡിയോകളും പുറത്തുവിടാൻ തുടങ്ങിയതോടെയാണ് വർഗീയവാദികളാണ് ഇതിന് പിന്നിലെന്ന് കൂടുതൽ വ്യക്തമായത്. ഡൽഹിക്കപ്പുറം മറ്റുപല സ്ഥലങ്ങളിൽ നിന്നായി അക്രമവാസനയുള്ള നൂറുകണക്കിന് സംഘപരിവാർ പ്രവർത്തകരാണ് കലാപത്തിനായി എത്തിയത്. രാവും പകലുമെന്നില്ലാതെ അവർ അതിക്രമങ്ങൾ തുടർന്നു. ഒന്നിൽ നിന്ന് മരണസംഖ്യ 46 ലേയ്ക്ക് ഉയർന്നപ്പോഴും ആഭ്യന്തരമന്ത്രി അമിത് ഷാ അനങ്ങിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിയും കലാപത്തിന് മൂകസാക്ഷിയായി. ഇരുവർക്കുമെതിരെ വിമർശനങ്ങളേറെ വന്നിട്ടും ഫലമുണ്ടായില്ല. വിളിച്ചുകൂട്ടിയ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽപ്പോലും അമിത് ഷാ ആഭ്യന്തരമന്ത്രിയെന്ന നിലയിലുള്ള തീരുമാനങ്ങളല്ല കൈകൊണ്ടത്.

കലാപകാരികൾ അപ്പോഴും അക്രമങ്ങൾ തുടരുകയായിരുന്നു. അക്രമങ്ങൾ കലാപത്തിലേക്ക് വഴിതിരിച്ചുവിട്ടാൽ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെയുള്ള പോരാട്ടം ഭയന്നില്ലാതാവുമെന്നായിരുന്നു സംഘപരിവാർ കരുതിയത്. ഇതുവരെ താമസിച്ച ഇടങ്ങൾ കത്തിയമർന്ന് ചാരമായി കിടക്കുകയാണ്. പൗരത്വം മാത്രമല്ല, വിദ്യാഭ്യാസ യോഗ്യത തെളിയിക്കാന്‍ പോലും യാതൊരു രേഖകളും ബാക്കിയില്ല. സമ്പാദിച്ചതെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങണം. എന്നിട്ടും അവർ ഭയന്നോടുന്നില്ല, മടങ്ങിവരികയാണ്. നരേന്ദ്രമോഡി സർക്കാരോ അവര്‍ക്ക് കീഴ്പ്പെട്ട ഡൽഹി സംസ്ഥാനഭരണകൂടമോ ഒരുപക്ഷെ ഒപ്പമുണ്ടായേക്കില്ല. കൈപിടിച്ചുയർത്താന്‍ അവിടേയ്ക്ക് നാടൊട്ടുക്കുമെത്തുമെന്ന പ്രതീക്ഷയും സമാധാന ബോധവുമാണ് ഇപ്പോൾ അവരെ നയിക്കുന്നത്. പതിയെ പതിയെ കലാപകാരികൾക്ക് പിന്മാറേണ്ടിവന്ന അവസ്ഥയാണിന്ന് ഡൽഹിയില്‍. അത് ഭരണകൂടത്തിന്റെയോ പൊലീസിന്റെയോ നേട്ടമായി ഒരു ഇന്ത്യാക്കാരനും അംഗീകരിക്കില്ല. തീര്‍ത്തും ഇന്ത്യയുടെ തെരുവോരങ്ങളിൽ തുടരുന്ന പ്രക്ഷോഭത്തിന്റെ ആദ്യവിജയമാണ് ഡൽഹിയിലെ ഈ ശാന്തത. ദേശീയ വികാരത്തിനപ്പുറത്തേയ്ക്ക് പോകുന്ന ഒരു ഭരണകൂടത്തെ ഇന്ത്യൻ ജനത അധികനാൾ വാഴാനനുവദിച്ചിട്ടില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം പോലും വിളിച്ചുപറയുന്നത് അതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.