റെജി കുര്യന്‍

ന്യൂഡല്‍ഹി:

February 05, 2021, 9:41 pm

കാര്‍ഷിക നിയമങ്ങളില്‍ അപാകതകള്‍ ഇല്ല: നരേന്ദ്ര സിങ് തോമര്‍

Janayugom Online

കാര്‍ഷിക നിയമങ്ങളില്‍ അപാകതകള്‍ ഇല്ലെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. മന്ത്രി നുണ പറയുകയാണെന്ന് പ്രതിപക്ഷം. രാജ്യസഭയില്‍ നടന്ന ചര്‍ച്ചകള്‍ക്കുള്ള മറുപടിയിലാണ് കൃഷി മന്ത്രി കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് രംഗത്ത് എത്തിയത്.

കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ കര്‍ഷകര്‍ക്കു മുന്നില്‍ വച്ചത് നിയമത്തില്‍ അപാകതകള്‍ ഉള്ളതുകൊണ്ടല്ല. നിയമങ്ങളിലെ പോരായ്മകള്‍ എന്താണെന്നു വ്യക്തമാക്കാന്‍ കര്‍ഷകര്‍ക്കോ പ്രതിപക്ഷത്തിനോ സാധിച്ചിട്ടില്ലെന്നും തോമര്‍ പറഞ്ഞു. കര്‍ഷക സമരത്തില്‍ ഒരു സംസ്ഥാനത്തെ കര്‍ഷകര്‍ മാത്രമാണുള്ളതെന്നും പഞ്ചാബിന്റെ പേരു പറയാതെ മന്ത്രി സൂചിപ്പിച്ചു. നിലവിലെ ചന്ത സംവിധാനത്തിനോ മിനിമം താങ്ങുവില സമ്പ്രദായത്തിനോ കോട്ടം വരികയില്ല. ഇത്തരത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ മറികടക്കാനുള്ള വിഫല ശ്രമമാണ് രാജ്യസഭയില്‍ തോമര്‍ നടത്തിയത്.

ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ച സിപിഐ അംഗം ബിനോയ് വിശ്വം, ബിഎസ്പി അംഗം എസ് സി മിശ്ര, എന്‍സിപിയിലെ പ്രഫുല്‍ പട്ടേല്‍, ശിവസേനാ അംഗം സജ്ഞയ് റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിന്റെ നയങ്ങളുടെയും കാര്‍ഷിക നിയമങ്ങളുടെ പോരായ്മകളും അക്കമിട്ടു നിരത്തി. സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് എല്ലാ പ്രതിപക്ഷ അംഗങ്ങളും ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ മൂന്നു ദിവസമായി നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ന്യായീകരണവും പഴയ നിലപാടിന്റെ ആവര്‍ത്തനവുമായി സര്‍ക്കാര്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്.

ലോകത്തിലെ ഇന്റര്‍നെറ്റ് വിച്ഛേദന തലസ്ഥാനമായി ഇന്ത്യന്‍ തലസ്ഥാനം മാറിയെന്നായിരുന്നു കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മ്മയുടെ ആക്ഷേപം. സര്‍ക്കാരിന്റെ കോവിഡ് പാക്കേജിലെ പൊള്ളത്തരങ്ങളും കാര്‍ഷിക നിയമത്തിലെ അപാകതകളും ചൂണ്ടിക്കാട്ടിയുള്ള പ്രസംഗത്തിനിടെയാണ് കര്‍ഷക സമരത്തെ ചെറുക്കാന്‍ ഇന്റര്‍നെറ്റ് സേവനം തസ്സപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടിയെ അദ്ദേഹം കുറ്റപ്പെടുത്തിയത്. കര്‍ഷകരെ സഹായിക്കുന്നതിനു സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളുടെ വകയിരുത്തലുകള്‍ ഊതിപ്പെരുപ്പിച്ചവയാണ്. കര്‍ഷക ദ്രോഹനയമാണ് സര്‍ക്കാര്‍ തുടരുന്നതെന്നം പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
കര്‍ഷക സമരം സംബന്ധിച്ച വിഷയത്തില്‍ കൃഷിമന്ത്രിയുടെ മറുപടിക്കിടെ ഭരണപക്ഷവും പ്രതിപക്ഷവുമായി ശക്തമായ വാഗ്വാദങ്ങളാണ് ഉണ്ടായത്. കൃഷിമന്ത്രി പറയുന്നതു മുഴുവന്‍ നുണയാണെന്നു പ്രതിപക്ഷം ആക്ഷേപമുയര്‍ത്തി. കര്‍ഷക സമരത്തിന്റെ വിഷയം സഭയില്‍ ഉന്നയിക്കുമ്പോള്‍ ജാതിയോ മതമോ പരാമര്‍ശിക്കരുതെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യാ നായിഡു അംഗങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.

ENGLISH SUMMARY: No flaws in agri­cul­tur­al laws: Naren­dra Singh Tomar

YOU MAY ALSO LIKE THIS VIDEO