Web Desk

ന്യൂഡൽഹി

December 10, 2020, 9:45 pm

സൗജന്യ മാസ്ക്കില്ല: വീടുകളിലുണ്ടാക്കി ഉപയോഗിച്ചാൽ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍

മാസ്കുകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും മാർഗനിർദ്ദേശം മാത്രമെന്ന് ആരോഗ്യമന്ത്രാലയം
Janayugom Online

കോവിഡ് വ്യാപനം രാജ്യത്ത് തുടരുമ്പോൾ സൗജന്യമായി മാസ്കുകൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന ആവശ്യത്തോടുപോലും മുഖംതിരിച്ച് കേന്ദ്രസർക്കാർ. സാധാരണക്കാരായ ജനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിനായി സൗജന്യമായി ഗുണമേന്മയുള്ള മാസ്കുകൾ വിതരണം ചെയ്യണമെന്ന് ബിനോയ് വിശ്വം എംപി പാർലമെന്റിൽ ഉന്നയിച്ച ആവശ്യത്തിനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മറുപടി നൽകിയിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ സെപ്റ്റംബർ 21 നായിരുന്നു ബിനോയ് വിശ്വം ഈ വിഷയം ശൂന്യവേളയിൽ പാര്‍ലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. മന്ത്രാലയം വിഷയം പരിഗണിക്കാമെന്നായിരുന്നു മറുപടി.

അടുത്തിടെ എംപിക്ക് നൽകിയ കത്തിൽ വിഷയം മന്ത്രാലയം പരിഗണിച്ചുവെന്നും ഇക്കാര്യത്തിൽ വേണ്ട മാർഗനിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അശ്വിനി കുമാര്‍ ചൗബേ അറിയിച്ചു. അരിയെത്രയെന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന രീതിയിലുള്ള മറുപടിയാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. വീടുകളിൽ സ്വന്തമായി മാസ്കുകൾ നിർമ്മിക്കുന്നതും ഇവ ഉപയോഗിക്കുന്നതും സംബന്ധിച്ചുള്ളതാണ് ഈ മാർഗരേഖ. മുഖ്യ ശാസ്ത്രഉപദേശകന്റെ പേരിൽ ഇവ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ 16 ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മറുപടിയിൽ വിശദമാക്കുന്നു.

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ വിഷയം വേണ്ടത്ര പ്രാധാന്യത്തോടെ ആരോഗ്യമന്ത്രാലയം പരിഗണിച്ചില്ലെന്നാണ് മറുപടി വ്യക്തമാക്കുന്നതെന്ന് ബിനോയ് വിശ്വം എംപി അഭിപ്രായപ്പെട്ടു. സാധാരണക്കാരായ ജനങ്ങള്‍ നേരിടുന്ന വിഷയങ്ങളിൽ കേന്ദ്രസർക്കാർ തുടരുന്ന അലംഭാവത്തിന് ഇത് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: No free mask: Cen­tral gov­ern­ment says home-made is enough

You may like this video also