March 29, 2023 Wednesday

Related news

June 7, 2020
May 29, 2020
May 17, 2020
May 4, 2020
May 3, 2020
April 29, 2020
April 25, 2020
April 25, 2020
April 25, 2020
April 24, 2020

ലോക്ഡൗണിൽ ഗതിയില്ലാതെ നാടോടി വിഭാഗങ്ങൾ; സൗജന്യ റേഷനുമില്ല മരുന്നുമില്ല; ആകാശത്തുനിന്നുള്ള വെളിച്ചവും പ്രതീക്ഷിച്ച് 120 ദശലക്ഷം നാടോടികള്‍

ന്യൂഡൽഹി
പ്രത്യേക ലേഖകൻ
June 7, 2020 8:57 pm

കൊറോണ വ്യാപനം തടയാനെന്ന പേരിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗണിൽ ഗതിയില്ലാതെയായത് നാടോടി വിഭാഗങ്ങൾ. ഇവർ സൗജന്യ റേഷനും മരുന്നുമില്ലാതെ ആകാശത്തുനിന്നുള്ള വെളിച്ചവും പ്രതീക്ഷിച്ച് നിരാംലബരായി കഴിയുന്നു. സബ് കാ സാത് സബ്കാ വികാസ് എന്ന് എപ്പോഴും പറയുന്ന മോഡ‍ി സർക്കാർ ഈ നാടോടി വിഭാഗങ്ങളെക്കുറിച്ച് ഒരുവാക്കുപോലും ഇനിയും പരാമർശിച്ചിട്ടില്ലെന്നത് തികച്ചും ഉൽക്കണ്ഠ ഉളവാക്കുന്ന കാര്യമാണ്. സർക്കാരിന്റെ ഏകദേശ കണക്കുകൾ പ്രകാരം 120 ദശലക്ഷം പേരാണ് രാജ്യത്ത് നാടോടി വിഭാഗങ്ങളായുള്ളത്. കാലിമേയ്ക്കൽ, കരകൗശല വസ്തുക്കളുടെ നിർമ്മാണം, മരുന്നു ചെടികൾ ശേഖരിക്കുക, നാടോടി പാട്ടുകളും കലാരൂപങ്ങളും അവതരിപ്പിക്കൽ തുടങ്ങിയ പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടാണ് ഇവർ കഴിയുന്നത്.

കൊറോണ മഹാമാരിയോ അതിനെ പ്രതിരോധിക്കാനായി സർക്കാർ പറയുന്ന സമ്പർക്ക അകലമോ ഇവർക്ക് അറിയില്ല. രാജ്യത്ത് സാമൂഹ്യ വ്യാപനം തുടങ്ങിയെന്നും ഉറവിടം അറിയാതെയുള്ള രോഗികളുടെ എണ്ണത്തിലുള്ള വർധനയും ലക്ഷണങ്ങളില്ലാത്ത രോഗികളുടെ വർധനയുമാണ് ഈ നാടോടികളുടെ കാര്യത്തിൽ ആശങ്ക വർധിപ്പിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പലപ്പോഴും കാലികളെ മേയ്ക്കാനും മരുന്നുചെടികൾ ശേഖരിക്കാനുമായി നീരുറവകൾ കൂടുതലുള്ള സ്ഥലത്താണ് ഇവർ കൂട്ടമായി എത്തുന്നത്. ഇവിടങ്ങളിൽ ഒരുക്കുന്ന താ‌ല്ക്കാലിക കിടപ്പാടങ്ങളിലാണ് ഇവർ അന്തിയുറങ്ങുന്നത്. മഹാമാരിയുടെ കാലത്ത് മാത്രമല്ല കഴിഞ്ഞ കുറച്ച് വർഷങ്ങളായി തികഞ്ഞ അവഗണനയാണ് ഇവർ നേരിടുന്നത്.

പരമ്പരാഗത ജീവനോപാധിപോലും ഇല്ലാതാകുന്ന അവസ്ഥയിലും. ഇപ്പോൾ പ്രഖ്യാപിച്ച ലോക്ഡൗൺ ഇവരുടെ ജീവിതം കൂടുതൽ പരിതാപകരമാക്കി. രാജസ്ഥാനിലെ ബാർമർ ജില്ലയിലെ കാൽബെയിലാസ്, ഗുഡാലിയ ലോഹാർസ്, ബാഗ്രിസ് തുടങ്ങിയ നാടോടി വിഭാഗങ്ങൾ കൊടിയ പട്ടിണിയിലാണെന്ന് സ്ഥലം സന്ദർശിച്ച സാമൂഹ്യ പ്രവർത്തകയായ അനിതാ സോണി പറയുന്നു. ജോലി തേടി കിലോമീറ്ററുകളാണ് ഇവർ ഓരോ ദിവസവും താണ്ടുന്നത്. എന്നാൽ രാജ്യം അടച്ചുപൂട്ടിയ അവസ്ഥയിൽ ഇതിലും രക്ഷയില്ല. ഇക്കാര്യം രാജസ്ഥാൻ സർക്കാരിനെ അറിയിച്ചെങ്കിലും ലോക്ഡൗൺ അഞ്ചാം ഘട്ടമായിട്ടും ഇതിന് പരിഹാരമായില്ല. ബഹുഭൂരിപക്ഷം വരുന്ന നാടോടി വിഭാഗങ്ങൾക്ക് റേഷൻ കാർഡുകൾ പോലുമില്ല. ഇതുകാരണം ഇവർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഒന്നുംതന്നെ ലഭിച്ചിട്ടില്ല. ഇത് കൂടാതെ ഇവർ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയും കിട്ടുന്നില്ല.

you may also like this video;

കുരങ്ങുകളെ കളിപ്പിച്ചും പാട്ടുകൾ പാടിയുമാണ് കലന്ദർ വിഭാഗക്കാരായ നാടോടികൾ ജീവിക്കുന്നത്. ഇതിൽ നിന്നും കിട്ടുന്ന വരുമാനമാണ് ഇവരുടെ ജീവനോപാധി. എന്നാൽ ലോക്ഡൗണിൽ ഇത് നഷ്ടപ്പെട്ടു. മറ്റൊരുകൂട്ടർ കാട്ടിൽ നിന്നും ശേഖരിക്കുന്ന മരുന്നുകൾ വില്പന നടത്തിയാണ് ജീവിതം തള്ളിവിടുന്നത്. ഇതും ഇപ്പോൾ നിലച്ച അവസ്ഥയിലാണ്. മരുന്നുകൾ വിൽക്കാനും പാട്ടുകൾ പാടി ജീവിതം കണ്ടെത്താനുമായി മറ്റ് സ്ഥലങ്ങളിൽ പോയവർ ഇപ്പോൾ ഭക്ഷണവും കുടിവെള്ളവുമില്ലാതെ കുടുങ്ങി കിടക്കുകയാണ്. ചിലർ കുട്ടികളെ കൂട്ടി പോയവരാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി ഭിക്ഷാടനം നടത്തേണ്ട അവസ്ഥയിലാണ് നാടോടികൾ.

നാടോടി വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. അതിനിടെ നാടോടി വിഭാഗങ്ങളിൽപ്പെട്ട മുസ്‌ലിങ്ങളാണ് വിവേചനങ്ങൾക്ക് ഏറെ ഇരയാകുന്നത്. അതിനിടെ ഇവരിൽ ഒരു വിഭാഗം കുടിയേറ്റ തൊഴിലാളികൾക്കൊപ്പം തൊഴിൽ തേടി അന്യസംസ്ഥാനങ്ങളിലേയ്ക്ക് പലായനം ചെയ്തു. ഇപ്പോൾ ഇവർ എവിടെയാണെന്നു പോലും അറിയാത്ത സ്ഥിതിയാണ്. പാവപ്പെട്ട ഇവരെ സംരക്ഷിക്കാൻ ഇനിയും ഒരു നടപടിയും ഉണ്ടായിട്ടില്ല.

സ്ഥിരമായി ഇവർക്ക് വാസസ്ഥലമില്ലെന്നും നാടുകൾ തോറും ഇവർ സഞ്ചരിക്കുന്നത് കാരണം ഇവർക്കായി ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ കഴിയില്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം. രാജ്യത്തെ പാവപ്പെട്ട, ഊരും പേരുമുള്ളവർ പോലും കഷ്ടപ്പെടുന്ന അവസ്ഥയിൽ ഈ നാടോടികളുടെ അവസ്ഥ അതിലേറെ പരിതാപകരമാണ്. നിർവചനം കൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ട ഈ വിഭാഗങ്ങളെ ഭരണവർഗം അവഗണിക്കുന്നു. ഈ മഹാമരിയുടെ കാലത്തെങ്കിലും ഇവർക്ക് തണലേകാൻ മോഡി സർക്കാർ തയ്യാറാകുമോ എന്നതാണ് ഏറ്റവും പ്രസക്തമായത്. ഇവർക്കും വേണ്ടേ അന്നത്തിനായെങ്കിലും ഒരു ആത്മനിർഭർ പാക്കേജ്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.