രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല

Web Desk
Posted on October 22, 2019, 11:49 am

ഗുവാഹത്തി: അസമില്‍ ഇനി രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്ല. അസമിലെ 126 അംഗ നിയമസഭ ജനസംഖ്യ നയത്തിന് രൂപം നല്‍കി രണ്ട് വര്‍ഷം പിന്നീടുമ്പോഴാണ് മന്ത്രിസഭ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പുതിയ തീരുമാനം 2021 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാകും.

ഭൂമിയില്ലാത്ത തദ്ദേശീയര്‍ക്ക് 43,200 ചതുരശ്ര അടി ഭൂമി കൃഷിയ്ക്കും വീട് വയ്ക്കാനും അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഈ ഭൂമിയുടെ ക്രയവിക്രയം പതിനഞ്ച് വര്‍ഷത്തിന് ശേഷം മാത്രമേ നടത്താനാകൂ എന്നും വ്യവസ്ഥയുണ്ട്.

അണുകുടുംബത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2017 സെപ്റ്റംബറിലാണ് സംസ്ഥാന നിയമസഭ ജനസംഖ്യ‑സ്ത്രീശാക്തീകരണ നയം പാസാക്കിയത്. നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാരും രണ്ട് കുട്ടികള്‍ എന്ന നയം പിന്തുടരേണ്ടതാണ്.

ബസ് നിരക്ക് 25ശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. വിധവകള്‍ക്ക് പ്രതിമാസം മുന്നൂറ് രൂപ സഹായം നല്‍കും. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണ ഇന്ദിര മിരിയുടെ പേരിലാണ് ഈ പദ്ധതി. ഈ പദ്ധതി വഴി ഏപ്രില്‍ ഒന്നിന് ശേഷം വിധവകളാകുന്നവര്‍ക്ക് 25,000 രൂപ നല്‍കാനും തീരുമാനമുണ്ട്.