സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി വിഹിതമില്ല

Web Desk

ന്യൂഡൽഹി

Posted on July 29, 2020, 10:39 pm

കൊറോണ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി കാരണം ചരക്ക് സേവന നികുതി (ജിഎസ്‌ടി — ചരക്കു സേവന നികുതി) യിലെ സംസ്ഥാന വിഹിതം നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. ചൊവ്വാഴ്ച ചേർന്ന പാർലമെന്റിലെ ധനകാര്യ സ്ഥിരം സമിതി യോഗത്തിലാണ് ധനവകുപ്പ് സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡേ ഇക്കാര്യം വ്യക്തമാക്കിയത്. ധനകാര്യ സെക്രട്ടറിക്ക് പുറമേ ഡിപിഐഐടി സെക്രട്ടറി ഗുരുപ്രസാദ് മഹാപത്രയും യോഗത്തിലുണ്ടായിരുന്നു. യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് ധനമന്ത്രലയം അവതരിപ്പിച്ചു.

സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശിക ഉടൻ നൽകണമെന്ന് ബിജെപി എംപി ജയന്ത് സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷ പാ‍ർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളോടുള്ള ബാധ്യതയിൽനിന്ന് എങ്ങനെയാണ് കേന്ദ്രസർക്കാരിന് പിന്നാക്കം പോകാനാകുക എന്നും അംഗങ്ങൾ ചോദിച്ചു. നഷ്ടപരിഹാരം നല്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുന്നതിന് ചരക്കുസേവന നികുതി നിയമത്തിൽ വ്യവസ്ഥകളുണ്ടെന്നായിരുന്നു ഇതിന് ധനമന്ത്രാലയത്തിന്റെ മറുപടി. നിശ്ചിത ലക്ഷ്യത്തേക്കാൾ വരുമാനം കുറയുകയാണെങ്കിൽ സംസ്ഥാനങ്ങൾക്ക് വിഹിതം നല്കേണ്ട കാര്യവും ഇതിനനുസരിച്ച് ആകാമെന്നും അധികൃതർ വ്യക്തമാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ വരുമാന നഷ്ടം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സമിതിക്ക് മുമ്പാകെ സമർപ്പിച്ചില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. എങ്ങനെ ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള സർക്കാർ പദ്ധതി ചർച്ച ചെയ്യണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

അംഗങ്ങളുന്നയിച്ച വിഷയങ്ങൾ പലതും രാഷ്ട്രീയസ്വഭാവമുള്ളതാണെന്നും അതിന് ഉദ്യോഗസ്ഥറ്‍ക്ക് മറുപടിനല്കാൻ കഴിയില്ലെന്നുമായിരുന്നു യോഗാധ്യക്ഷന്റെ മറുപടി. ഈ ഘട്ടത്തിൽ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ സ്ഥിതി അവതരിപ്പിക്കുകയും അതേ കുറിച്ച് ചർച്ച നടത്തുകയും ചെയ്യുന്നില്ലെങ്കിൽ ഈസമിതിയുടെ ആവശ്യമെന്താണെന്ന് ഒരു അംഗം ചോദിച്ചു. മനീഷ്തിവാരി, അംബിക സോണി, ഗൗരവ് ഗോഗോയി, പ്രഫുൽ പട്ടേൽ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നല്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുന്നതിന് ഈ മാസം ജിഎസ്‌ടി കൗൺസിൽ ചേരുന്നതിന് തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെയും തീയതി പ്രഖ്യാപിച്ചിട്ടില്ല.

കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ ജിഎസ്‌ടി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. 41 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് വിദഗ്ധരുടെ നിഗമനം. ഏപ്രിൽ- ജൂൺ മാസത്തിലെ ആകെയുള്ള ജിഎസ്‌ടി വരുമാനം 1.85 ലക്ഷം കോടി രൂപ മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജിഎസ്‌ടി വരുമാനം 3.14 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വരുമാനത്തിൽ ഇനിയും കുറവുണ്ടാകാനാണ് സാധ്യത. കുടിശിക നൽകില്ലെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലാക്കും.

Sub: No GST to states

You may like this video also