ഷഹ്‌ലയുടെ മരണം: അധ്യാപകരെ അറസ്റ്റ് ചെയ്യുമോ? കോടതിയിൽ നിലപാട് വ്യക്തമാക്കി പൊലീസ്

Web Desk
Posted on December 07, 2019, 9:56 am

കൊച്ചി: ക്ലാസ് മുറിയിൽ വച്ചു വിദ്യാർഥിനിയായ ഷഹ്‌ല ഷിറിൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിലെ ഒന്നും മൂന്നും പ്രതികളായ ബത്തേരി ഗവ. സർവജന ഹൈസ്കൂൾ അധ്യാപകനായ സി.വി. ഷജിൽ, വൈസ് പ്രിൻസിപ്പൽ‍ കെ. കെ. മോഹനൻ എന്നിവരെ തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്കിനെക്കുറിച്ചു പത്രിക നൽകണമെന്നു കോടതി നിർദേശിച്ചു.ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു പ്രതിയായ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ.ജിസ മെറിൻ ജോയിയുടെ ഹർജിക്കൊപ്പം കേസ് ബുധനാഴ്ച പരിഗണിക്കും.

you may also like this video

നവംബർ 20നാണു ഷഹ്‌ല മരിച്ചത്. പൊതുജനരോഷം തടുക്കാനുള്ള പുകമറയായി അനാവശ്യ കേസ് റജിസ്റ്റർ ചെയ്തതാണെന്നു ഹർജിക്കാർ ആരോപിച്ചു. ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണം തെറ്റാണ്. പാമ്പു കടിച്ചെന്നതു സംശയം മാത്രമാണെന്നും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം നടത്താത്തതിനാൽ വിചാരണ വേളയിൽ മരണകാരണം ശാസ്ത്രീയമായി തെളിയിക്കാനാകുമോ എന്നു കോടതി വാദത്തിനിടെ ചോദിച്ചു. വിദ്യാർഥിനിയുടെ പിതാവ് പറഞ്ഞിട്ടാണ് പോസ്റ്റ്മോർട്ടം ചെയ്യാതിരുന്നതെന്നു പൊലീസ് അറിയിച്ചു. പാമ്പ് കടിയാണു മരണകാരണമെന്നതിന് ഒട്ടേറെ തെളിവുകളുണ്ടെന്നും വിശദീകരിച്ചു.