Thursday
22 Aug 2019

‘ഞാനും രോഹിത്തും തമ്മില്‍ ഒരു പ്രശ്‌നവുമില്ല, ഇത് തികച്ചും അസംബന്ധം’; കോലി

By: Web Desk | Monday 29 July 2019 7:41 PM IST


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരങ്ങള്‍ക്കിടയില്‍ ഭിന്നതകളും ചേരിതിരവുകളുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി പരിശീലകന്‍ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാത് കോലിയും മാധ്യമങ്ങള്‍ക്ക് മുന്നില്‍. രോഹിത്തുമായി ഒരു പ്രശ്‌നവുമില്ലെന്നും കള്ളം പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമമുണ്ടെന്നും കോലി പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി. ടീമിലെ ഒരു താരവും ടീമിനേക്കാള്‍ വലുതല്ലെന്ന് ശാസ്ത്രി പറഞ്ഞു. ഒരു മാസം നീളുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി ഇന്നു രാത്രി പുറപ്പെടാനിരിക്കെയാണ് വിദേശ പര്യടനങ്ങള്‍ക്കു മുന്‍പു പതിവുള്ള മാധ്യമ സമ്മേളനത്തിനായി ശാസ്ത്രിയും കോലിയുമെത്തിയത്.

‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനും ചില വാര്‍ത്തകള്‍ കേട്ടു. ഡ്രസിങ് റൂമിലെ അന്തരീക്ഷം മോശമാണെങ്കില്‍ ഇത്രയും സ്ഥിരതയോടെ കളിക്കാന്‍ നമുക്കു സാധിക്കില്ലായിരുന്നുവെന്ന് വ്യക്തമല്ലേ? മാത്രമല്ല, ആരോടെങ്കിലും
ദേഷ്യമുണ്ടെങ്കില്‍ അത് എന്റെ മുഖത്തുതന്നെ കാണാം’, കോലി പറഞ്ഞു.

ടീമിലെ അന്തരീക്ഷം മോശമായിരുന്നെങ്കില്‍ ഇത്രയധികം വിജയങ്ങള്‍ നേടാന്‍ ടീമിന് എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു കോലിയുടെ പ്രതികരണം.