പുതിയ സംരംഭങ്ങൾ തുടങ്ങാൻ മൂന്നു വർഷത്തേക്ക് ലൈസൻസ് വേണ്ട, അറിയേണ്ട കാര്യങ്ങൾ

Web Desk
Posted on November 26, 2019, 7:40 pm

തിരുവനന്തപുരം: വിവിധ ലൈസൻസുകൾക്കായി കാത്തുനിൽക്കാതെ അപേക്ഷിച്ചയുടൻ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നിയമ ഭേദഗതി സഭ പാസാക്കി. 2019ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബില്ലാണ് നിയമസഭ പാസാക്കിയത്. കേരള ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനവും ഭേദഗതി ബില്ലും ഇതോടൊപ്പം സഭ പാസാക്കി. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് ബിൽ അവതരിപ്പിച്ചത്. കേരളത്തിന്റെ വ്യവസായ മേഖലക്ക് കൂടുതൽ ഉത്തേജനം നൽകുന്ന പുതിയ നിയമപ്രകാരം മൂന്നു വർഷം വരെ പത്തുകോടി രൂപവരെ മുതൽമുടക്കുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭം ആരംഭിക്കാൻ ലൈസൻസുകൾ ആവശ്യമില്ല.

ജില്ലാ ഏകജാലക ബോർഡിന് അപേക്ഷയും സത്യവാങ്മൂലവും നൽകുമ്പോൾ ലഭിക്കുന്ന രസീത് പ്രകാരം പിറ്റേ ദിവസംതന്നെ വ്യവസായം ആരംഭിക്കാം. മൂന്നു വർഷം കഴിഞ്ഞാൽ ആറു മാസത്തിനകം എല്ലാ ലൈസൻസുകളും ക്ലിയറൻസുകളും എടുക്കണം. റെഡ് കാറ്റഗറിയിൽപെട്ടതോ നെൽവയൽ തണ്ണീർത്തട നിയമം തീരദേശ പരിപാലന നിയമം എന്നിവ ലംഘിച്ചുള്ളതോ ആയ വ്യവസായം ആരംഭിക്കാൻ ഈ നിയമ പ്രകാരം സാധിക്കില്ല. അതേസമയം വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതി ലഭിക്കാൻ തടസ്സമില്ല. നിലവിൽ കേരളത്തിലെ വ്യവസായ സംരംഭങ്ങളിൽ 68 ശതമാനവും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളാണ്. കേരളത്തിൽ കൂടുതൽ സാധ്യതയും ഇത്തരം വ്യവസായങ്ങൾക്കാണ്. പുതിയ നിയമം ഇത്തരം വ്യവസായങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ഏറെ സഹായം പകരുന്നതാണെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. നിയമ പ്രകാരം സംരംഭകർക്ക് ഇനി ഓഫീസുകൾ കയറിയിങ്ങേണ്ട. മൂന്നു വർഷത്തേക്ക് ഒരു പരിശോധനയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

പുതിയ നിയമം ഇങ്ങനെ
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി നിശ്ചിത ഫോറത്തിൽ സ്വയം സാക്ഷ്യപ്പെടുത്തി ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ പരിശോധിക്കുന്ന ബോർഡ് കൈപറ്റ് രസീത് നൽകും. ഇത് ലഭിച്ചാലുടൻ സംരംഭം തുടങ്ങാം. മൂന്നു വർഷമാണ് കാലാവധി. തുടർന്ന് ആറു മാസത്തിനകം നിയമപരാമായി എടുക്കേണ്ട എല്ലാ ലൈസൻസുകളും ക്ലിയറൻസുകളും എടുത്തിരിക്കണം. സാക്ഷ്യ പത്രത്തിലെ നിബന്ധനകൾ ലംഘിച്ചാൽ അഞ്ചു ലക്ഷംരൂപവരെ പിഴ, പത്തു കോടി രൂപയിൽ താഴെയുള്ള സംരംഭങ്ങൾക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. നോഡൽ ഏജൻസിയുടെ തീരുമാനം അനൂകൂലമല്ലെങ്കിൽ സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡ് മുമ്പാകെ അപ്പീൽ നൽകാം.

പുതിയ നിയമത്തിനായി ആറു നിയമങ്ങളിൽ ഭേദഗതി
1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994ലെ കേരള് മുനിസിപ്പാലിറ്റി ആക്ട്, 1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും ആക്സട്, 2013ലെ കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും ആക്ട്, 1955ലെ ട്രവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ട്, 1939ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ട് എന്നീ നിയമങ്ങളിൽ ഭേദഗതി വരുത്തി.

അനുമതി ലഭിക്കാത്തവ
റെഡ് കാറ്റഗറിയിൽപെട്ട ഓയിൽ റിഫൈനറി, മൈനിംഗ്, ഫാർമസ്യൂട്ടിക്കൽസ്, ഡിസ്റ്റലിറി തുടങ്ങിയ സംരംഭങ്ങൾക്ക് ഈ നിയമം ബാധകമല്ല. തണ്ണീർതട നിയമം മറികടക്കാനാവില്ല. അതിനാൽ നെൽവയൽ നികത്തി കെട്ടിടം പണിയാനാകില്ല. തീരദേശം, പരിസ്ഥിതി ലോല പ്രദേശങ്ങൾ എന്നിവയെ നിയമം സ്പർശിക്കുന്നില്ല. നികുതി വെട്ടിച്ച് വ്യവസായം തുടങ്ങാനാകില്ല. ജിഎസ്‌ടി, ഭക്ഷ്യസുരക്ഷാ നിയമം, ഗുണമേന്മാ സർട്ടിഫിക്കറ്റുകൾ, അളവ് തൂക്ക നിയമങ്ങൾ തുടങ്ങിയവ ബാധകമാണ്.

നിയമം കാർഷിക മേഖലയ്ക്ക് കരുത്ത് പകരുമെന്ന് മന്ത്രി പിന്നീട് വാർത്ത സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. മൂന്നു വർഷത്തേയ്ക്ക് ലൈസൻസ് എടുക്കാതെ സംരംഭം തുടങ്ങാം എന്ന നിയമം പ്രാബല്യത്തിൽ വരുന്നത് കാർഷിക മേഖലയ്ക്ക് കരുത്തുപകരും. കൂടുതൽ കാർഷിക വിളകൾ മൂല്യവർദ്ധിതമാക്കാൻ സാഹചര്യമുണ്ടാകുന്നതോടെ കാർഷികോൽപ്പന്നങ്ങൾക്ക് വില ഉയരുകയും കൂടുതൽ കർഷകർ ഈ രംഗത്തേക്ക് കടന്നുവരികയും ചെയ്യും.

ഗോഡൗണുകളും ഫ്രീസിംഗ് പോയിന്റുകളും ധാരാളമായി തുടങ്ങാൻ സൗകര്യം ലഭിക്കും. വിളവെടുപ്പ് സമയത്ത് കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കേണ്ടി വരില്ല.

കാലവിളംബം കൂടാതെ സംരംഭം തുടങ്ങാൻ കഴിയുന്നുവെന്നതാണ് നിയമത്തിന്റെ കാതൽ. ലൈസൻസിനായി സമയം കളയാതെ സംരംഭം തുടങ്ങാം. എന്നാൽ നിയമവിധേയമായി മാത്രമേ കാര്യങ്ങൾ ചെയ്യാനാകൂ. പഠിച്ചിറങ്ങിയാൽ സ്വന്തം നിലയിൽ ഒരു സംരംഭം എത്രയും വേഗം പ്ലാൻ ചെയ്യാനും നടപ്പാക്കാനും നിയമം വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. വിദേശതൊഴിൽ അവസാനിപ്പിച്ച് നാട്ടിൽ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലൈസൻസിനായി കാത്തുനിൽക്കാതെ സംരംഭം തുടങ്ങാൻ കഴിയുന്നതിനാൽ പദ്ധതി ചെലവ് പ്ലാൻ ചെയ്തതു പോലെ നിയന്ത്രിക്കാൻ കഴിയും. പരിസ്ഥിതി സൗഹൃദവും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായ നൂതന ചെറുകിട സംരംഭങ്ങൾ വളർന്നുവരാൻ നിയമം വഴിവയ്ക്കുമെന്നും വ്യവസായ മന്ത്രി വിശദീകരിച്ചു.