June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ലൈസൻസില്ല, രജിസ്ട്രേഷനില്ല; കായൽ നിറയെ ഹൗസ് ബോട്ടുകൾ

By Janayugom Webdesk
January 29, 2020

കുട്ടനാടൻ കായൽ സൗന്ദര്യം ആസ്വദിക്കാനാണ് കഴിഞ്ഞ 23ന് കണ്ണൂർ മട്ടന്നൂർ സ്വദേശി നിഷാദും കുടുംബവും സുഹൃത്തുക്കളും ഉൾപ്പെട്ട പതിമൂന്നംഗ സംഘം കുമരകത്ത് എത്തിയത്. ഇതിന് മുൻപ് രണ്ടുതവണ ഹൗസ് ബോട്ട് യാത്ര നടത്തിയതിന്റെ മധുരതരമായ ഓർമ്മകളാണ് വീണ്ടുമൊരു യാത്രയ്ക്ക് അവരെ പ്രേരിപ്പിച്ചത്. പാതിരാമണലിലേയ്ക്ക് യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ അവർ ബോട്ടിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് സ്രാങ്കിനോട് ആരാഞ്ഞപ്പോൾ എല്ലാം റെഡി ആണെന്നായിരുന്നു മറുപടി. ഉച്ചയ്ക്ക് പന്ത്രണ്ടോടെ യാത്ര ആരംഭിച്ചു. ഒന്നേകാലോടെ ഹൗസ്ബോട്ടിന്റെ അപ്പർഡക്കിൽ നിന്നും സ്ത്രീകളുടെ കൂട്ട നിലവിളി കേട്ടാണ് യാത്രാക്ഷീണം കാരണം ഉറങ്ങിയ നിഷാദും സുഹൃത്തുക്കളും എഴുന്നേറ്റത്. ബോട്ടിൽ തീ ആളി കത്തുകയാണ്. ആറുമാസം പ്രായമുള്ള നിസാ മറിയത്തെ നെഞ്ചിലമർത്തി മാതാവ് അൽഷിറ അലറി കരയുകയായിരുന്നു. പിന്നെ അതൊരു കൂട്ടകരച്ചിലായി. പ്രദേശവാസിയുടെ സ്പീഡ് ബോട്ട് ഹൗസ്ബോട്ടിനടുത്തേയ്ക്ക് പാഞ്ഞടുക്കുകയും ബോട്ടിലുള്ളവരെ അതിൽ കയറ്റുകയും ചെയ്തു. ഭാരം താങ്ങാനാകാതെ സ്പീഡ് ബോട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞായ നിസാമറിയം ഉൾപ്പെടെയുള്ളവർ കായലിൽ വീണു. അതിസാഹസികമായാണ് നിസാമറിയത്തെ കൂടെയുള്ളവർ രക്ഷിച്ചത്. ഈ പ്രദേശത്ത് അധികം ആഴമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ഹൗസ്ബോട്ട് ടൂറിസത്തിലെ ഒരു കറുത്ത ഏടായിരുന്നു അത്. ഇത് കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ല. തീപിടിച്ചും വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചും സഞ്ചാരികൾ കായലിൽ വീണും ഹൗസ് ബോട്ട് മേഖലയിൽ അപകടങ്ങൾ തുടർക്കഥയാണ്. ഒട്ടേറെ പേർ ഇത്തരത്തിൽ മരിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തതയാണ് ഹൗസ് ബോട്ട് ദുരന്തങ്ങള്‍ക്ക് കാരണം. ആലപ്പുഴ‑കോട്ടയം ജില്ലകളിലായി തുറമുഖ വകുപ്പിന്റെ രേഖകൾ പ്രകാരം 780 ബോട്ടുകൾക്ക് മാത്രമാണ് ലൈസൻസുള്ളത്. എന്നാൽ 1500 ൽ അധികം ബോട്ടുകളാണ് യാതൊരുവിധ ലൈസൻസുകളുമില്ലാതെ സഞ്ചാരം നടത്തുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, സർവ്വെ സർട്ടിഫിക്കറ്റ് എന്നിവയാണ് ഒരു ബോട്ട് സർവീസിനിറക്കുന്നതിന് ആവശ്യമായിട്ടുള്ളത്.

ഒരു ഹൗസ് ബോട്ടിന് അഞ്ച് വർഷത്തേയ്ക്കാണ് രജിസ്ട്രേഷൻ നൽകുന്നത്. ബോട്ടിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഫീസ് നൽകേണ്ടത്. രണ്ട് മുതൽ അ‍ഞ്ച് വരെ ബെഡ്റൂം ഉള്ള ഒരു ഹൗസ് ബോട്ടിന് 4000 രൂപയാണ് രജിസ്ട്രേഷൻ ഫീസായി അടയ്ക്കേണ്ടത്. യാത്രക്കാരുടേയും ബോട്ട് ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കാനാണ് ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്. ബോട്ടിലെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ ബയോടോയ്‌ലറ്റിൽ സംസ്ക്കരിക്കുന്നത് ഉറപ്പാക്കാനാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റ്. ബോട്ട് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താനാണ് സർവ്വേ റിപ്പോർട്ട്. കൂടാതെ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ലൈഫ് ബോയ കയ്യെത്തും ദൂരത്തും വെയ്ക്കണം. ലൈഫ് ജാക്കറ്റ് ധരിച്ചുവേണം യാത്ര ചെയ്യുവാൻ. ബോട്ടുകളിൽ മദ്യപിക്കുന്നതും വക്കുകളിൽ നിൽക്കുന്നതും ഒഴിവാക്കണം. വെള്ളം കയറുമ്പോൾ സൂചന ലഭിക്കാൻ വേണ്ടി അലാറം ഘടിപ്പിക്കണം. വെള്ളം കയറിയാൽ പമ്പ് ചെയ്ത് ഒഴിവാക്കാൻ മോട്ടോറും വേണം. നിർദ്ദേശങ്ങൾ ഇങ്ങനെ നിരവധിയുണ്ടെങ്കിലും ഭൂരിഭാഗം ഹൗസ് ബോട്ടുകളും ഇത് പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. കഴിഞ്ഞ ദിവസം മുഹമ്മ പാതിരാമണലിൽ ഉണ്ടായ അപകടത്തിൽപ്പെട്ട ബോട്ട് എട്ട് മിനിട്ടുകൾ കൊണ്ടാണ് കത്തിചാമ്പലായത്. വൻകിട ഹോട്ടലുകളിലേതിനു പോലെ സൗകര്യമുള്ള ബോട്ടായിരുന്നു അത്. പക്ഷേ ആവശ്യമായ അഗ്നി സുരക്ഷാ ഉപകരണങ്ങൾ മാത്രം ഉണ്ടായിരുന്നില്ല. ഓരോ ഹൗസ്ബോട്ടിലും നൂറുലിറ്ററോളം ഡീസൽ ഉൾക്കൊള്ളുന്ന ടാങ്കാണ് ഉള്ളത്. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു. കായലിന്റെ നടുവിൽവെച്ച് ബോട്ടിന് തീപിടിച്ചാൽ ഫയർഫോഴ്സിന് പോലും നോക്കി നിൽക്കാനേ കഴിയൂ എന്നതാണ് വസ്തുത. ആയിരത്തി അഞ്ഞൂറോളം ഹൗസ് ബോട്ടുകൾ സർവ്വീസ് നടത്തുന്ന ആലപ്പുഴയിലെ ഫയർഫോഴ്സ് യൂണിറ്റിൽ ജല രക്ഷാ പ്രവർത്തനം നടത്തുന്നതിന് ആവശ്യമായ സംവിധാനങ്ങളുമില്ല.

Eng­lish sum­ma­ry: No license, no registration;a lots of house­boats in backwater

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.