പൊലീസിന്റെ വാദം പൊളിഞ്ഞു; എല്‍ദോ എബ്രഹാം എംഎല്‍എയെ മര്‍ദ്ദിക്കുന്ന ചിത്രത്തില്‍ കൃത്രിമമില്ലെന്ന് റിപ്പോര്‍ട്ട്‌

Web Desk
Posted on July 29, 2019, 6:02 pm

കോഴിക്കോട്: ഡിഐജി ഓഫിസിലേക്കു സിപിഐ നടത്തിയ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രത്തില്‍ കൃത്രിമം നടന്നിട്ടില്ലെന്നു സ്വതന്ത്ര സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ ഡോ പി വിനോദ് ഭട്ടതിരിപ്പാട്. എംഎല്‍എ ഹാജരാക്കിയ ചിത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നായിരുന്നു പൊലീസിന്റെ വാദം.

പൊലീസ് നിര്‍ദ്ദേശപ്രകാരം വിനോദ് ഭട്ടതിരിപ്പാട് നടത്തിയ പരിശോധനയിലാണ് ചിത്രത്തില്‍ എഡിറ്റിങ് നടന്നിട്ടില്ലെന്നു വ്യക്തമായത്. പരിശോധനാഫലം ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

ലാത്തിച്ചാര്‍ജിനിടയില്‍ എല്‍ദോ എബ്രഹാമിനെ മര്‍ദ്ദിച്ചില്ലെന്നായിരുന്നു പൊലീസ് പ്രചാരണം. എന്നാല്‍, പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രം എല്‍ദോ എബ്രഹാം തന്നെ സംഭവം അന്വേഷിക്കുന്ന കലക്ടര്‍ക്കു കൈമാറി. ഇതോടെ ചിത്രം വ്യാജമെന്ന് പൊലീസ് വാദിച്ചു. ചിത്രത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് സെന്‍ട്രല്‍ എസ്‌ഐ വിബിന്‍ദാസ് കലക്ടര്‍ക്കു മൊഴിയും നല്‍കി. ഇതിനിടെയാണു ചിത്രത്തിന്റെ ആധികാരിക പരിശോധിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി വിനോദ് ഭട്ടതിരിപ്പാടിനെ സമീപിച്ചത്. ചിത്രത്തിന്റെ ഹെക്‌സാഡെസിമല്‍ കോഡുകള്‍ പരിശോധിച്ചാണു എഡിറ്റിങ് നടന്നിട്ടില്ലെന്നു വിനോദ് ഭട്ടതിരിപ്പാട് കണ്ടെത്തിയത്.

 

You May Also Like This: