കോച്ചിങ്ങിനു പോകാന്‍ പണമില്ലാതെ ഏഷ്യന്‍ ഗെയിംസ് താരം

ഇതുവരെ നേടിയ മെഡലുകളുമായി ബിനിഷ
മണലൂര്‍: ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ സ്പോര്‍ട്സ് താരം, റഷ്യയില്‍ 20 ദിവസത്തെ കോച്ചിങ്ങിനു പോകാന്‍ പണമില്ലാതെ കഷ്ടപ്പെടുന്നു. കുറാഷ് താരമായ പഴുവില്‍ വെസ്റ്റ് ഞായക്കാട്ട് വീട്ടില്‍ ബിജുവിന്റെ മകള്‍ ബിനിഷയാണ് പണം ഇല്ലാതെ കോച്ചിങ്ങ് മുടങ്ങുമെന്ന ആശങ്കയില്‍ കഴിയുന്നത്. ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള ചിലവ് ഒളിമ്പിക്സ് അസോസിയേഷനാണ് വഹിക്കുന്നത്. എന്നാല്‍, ഇതിനു മുന്നോടിയായി റഷ്യയില്‍ നടക്കുന്ന കോച്ചിങ്ങ് ക്ലാസില്‍ പങ്കെടുക്കേണ്ടതുണ്ട്. ഇതിന്റെ റഷ്യയില്‍ പോകാനുള്ള ഒരു ലക്ഷം രൂപ സ്വയം കണ്ടെത്തണം എന്നറിയിച്ചുള്ള കുറാഷ് അസോസിയേഷന്റെ കത്ത് കഴിഞ്ഞ ദിവസം ബിനിഷക്ക് ലഭിച്ചതായി പിതാവ് ബൈജു പറഞ്ഞു.
ടയര്‍പഞ്ചര്‍ കട നടത്തുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നും ഇതിനുള്ള തുക കണ്ടെത്താനാകാത്തതിലുള്ള വിഷമത്തിലാണ് ഈ കുടുംബം. കുറാഷ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പതിനാറംഗ സംഘത്തോടൊപ്പമാണ് ഏഷ്യന്‍ ഗെയിംസില്‍ ബിനിഷ പങ്കെടുക്കേണ്ടത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ആഗസ്റ്റ് 18 മുതലാണ് ഏഷ്യന്‍ ഗയിംസ് മത്സരങ്ങള്‍ അരങ്ങേറുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബിനിഷ ജൂഡോ, റെസ്ലിങ്ങ് എന്നിവയില്‍ പരിശീലനം നേടുന്നത്. തുടര്‍ന്നാണ് കുറാഷില്‍ എത്തുന്നത്. തൃശൂര്‍ സെന്റ് മേരീസ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ബിനിഷ. സഹോദരിമാരായ സനിഷയും സാനിയയും ജൂഡോ, റസ്ലിങ്ങ് താരങ്ങളാണ്.