വി.മായാദേവി

തിരുവനന്തപുരം

June 09, 2020, 5:00 pm

സുരയും മുരളിയും അറിയാൻ, ആ ‘സുവർണ്ണാവസരം’ ഇത്തവണ ചീറ്റിപ്പോകത്തേ ഉള്ളൂ

Janayugom Online

സമാനതകളില്ലാത്ത കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാരിനെ താറടിച്ച് കാട്ടാനും അതിലെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി അതിനെ രാഷ്ട്രീയമായി എങ്ങനെ ചൂഷണം ചെയ്യാം എന്നുമാണ് ഒരു കേന്ദ്രമന്ത്രിയും അവരുടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും ആലോചിക്കുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കോ കോവിഡ് പ്രതിസന്ധിയില്‍ പെട്ടുഴലുന്ന ജനങ്ങള്‍ക്ക് എന്തെങ്കിലും സഹായം എത്തിക്കാനോ ശ്രമിക്കാതെ പിണറായി വിജയന് എവിടെയെങ്കിലും വീഴ്ചയുണ്ടോയെന്ന് നോക്കിയിരിക്കുന്ന ബിജെപി നിലപാടുകള്‍ ഇവിടെ വേവില്ല. കാരണം ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായി തുടങ്ങിയിട്ടുണ്ട് എന്നത് തന്നെ.

വിദേശത്ത് കുടുങ്ങിയിരിക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ ശ്രമം. ഇതിന്റെ കാര്‍മ്മികത്വം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ നേരിട്ട് ഏറ്റെടുത്തു. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്തത് കൊണ്ട് ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇങ്ങോട്ടേക്ക് എത്താനാകുന്നില്ലെന്നായിരുന്നു ആരോപണം. സംസ്ഥാനത്ത് ദിവസവും പന്ത്രണ്ട് വിമാനങ്ങള്‍ മാത്രം എത്തിയാല്‍ മതിയെന്ന നിബന്ധനയും പിണറായി സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ വച്ചു എന്നും ആരോപണമുയര്‍ന്നു. എന്നാല്‍ ഈ പന്ത്രണ്ട് വിമാനങ്ങള്‍ പോലും വരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്ന് കണക്കുകളും വസ്തുതകളും നിരത്തി പിണറായി വിജയന്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. ആ സുവര്‍ണാവസരം പിണറായി അങ്ങനെ തട്ടിത്തെറിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു സുവര്‍ണാവസരം തുറക്കപ്പെട്ടത്.

YOU MAY ALSO LIKE THIS VIDEO

രണ്ട് മാസത്തിലേറെയായി പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ആരാധനാലയങ്ങള്‍ മുന്‍നിര്‍ത്തി ചില വിളവെടുപ്പുകള്‍ സ്വപ്നം കണ്ട് ബിജെപി അധ്യക്ഷന്‍ നേരിട്ട് രംഗത്തെത്തി. ആദ്യഘട്ടത്തില്‍ ഈ തുറുപ്പ് ചീട്ട് ഉപയോഗിക്കാന്‍ കോണ്‍ഗ്രസാണ് ശ്രമിച്ചത് എന്നതും എടുത്ത് പറയേണ്ടതുണ്ട്. ആരാധനാലയങ്ങള്‍ തുറക്കണമെന്ന മുറവിളിയുമായി അവര്‍ രംഗത്തെത്തി. എന്നാല്‍ വലിയ വിവാദ വിഷയമായി അക്കാര്യം മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്കായില്ല.

ഇതിനിടെയാണ് ലോക്ഡൗണ്‍ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങളും എടുത്തു മാറ്റി. നിബന്ധനകളോടെ പൊതുജനങ്ങളെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതോടെ കേരളത്തിലും അത് നടപ്പാക്കാമെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ ക്ഷേത്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് മുന്നോടിയായി പല ആരാധനാലയങ്ങളും ശുചീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. സാനിറ്റൈസറുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ തുടങ്ങുകയും ചെയ്തു.

എന്നാല്‍ പൊതുജനങ്ങളുടെ ഇടയില്‍ നിന്ന് തന്നെ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ആശങ്ക ഉയരാന്‍ തുടങ്ങി. ഉടന്‍ തുറക്കില്ലെന്ന പ്രഖ്യാപനവുമായി തിരുവനന്തപുരം പാളയം ഇമാം തന്നെ ആദ്യം രംഗത്തെത്തി. ഇതോടെ ബിജെപി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അങ്കലാപ്പിലായി. ഇതിനെ എങ്ങനെ വിനിയോഗിക്കാമെന്നായി പിന്നീട് ഇവരുടെ ചിന്ത. പാളയം ഇമാമിന്റെ ചുവട് പിടിച്ച് മിക്ക മുസ്ലീം ക്രൈസ്തവ ദേവാലയങ്ങളും തത്ക്കാലം തുറക്കേണ്ടെന്ന് തീരുമാനിച്ചു. ഇതിന് പിന്നാലെ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാല്‍ക്ഷേത്രം തുടങ്ങിയവയും തത്ക്കാലം തുറക്കേണ്ടെന്ന് തീരുമാനിച്ചു.

YOU MAY ALSO LIKE THIS VIDEO

ഇതോടെ വിശ്വഹിന്ദുപരിഷത്തിന്റെ നിയന്ത്രണങ്ങളിലുള്ള ക്ഷേത്രങ്ങള്‍ തുറക്കില്ലെന്ന പ്രഖ്യാപനവുമെത്തി. ഇതെല്ലാമായപ്പോള്‍ ആരോപണങ്ങളുയര്‍ത്തി കെ സുരേന്ദ്രന്‍ അവതരിച്ചു. സംസ്ഥാന സര്‍ക്കാര്‍ പണം മോഹിച്ചാണ് ആരാധനാലയങ്ങള്‍ തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചതെന്നായി അദ്ദേഹത്തിന്റെ ആരോപണം. കേന്ദ്രമന്ത്രി വി മുരളീധരനും ക്ഷേത്രം തുറക്കുന്നതിനെതിരെ ആഞ്ഞടിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പൊതുജനമധ്യത്തില്‍ തുറന്നെതിര്‍ക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ അതിലൂടെ മുരളീധരന്‍ ചെയ്തത്. ഇവരുടെ ഇരട്ടത്താപ്പുകള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ സുരയും മുരളിയും മനസിലാക്കുക നിങ്ങളുടെ ഈ പൊറാട്ട് നാടകങ്ങള്‍ ഒന്നും തത്ക്കാലം ഇവിടെ വിലപ്പോകില്ല. ഒരു കോമഡി ഷോ കാണുന്നത് പോലെ തന്നെയാണ് നിങ്ങളുടെ ടെലിവിഷന്‍ ഷോകള്‍ ഇപ്പോള്‍ ജനങ്ങള്‍ സ്വീകരിക്കുന്നത് എന്നും തിരിച്ചറിയുക. തത്ക്കാലം ആ പരിപ്പ് ഇവിടെ വേവില്ലെന്ന് തിരിച്ചറിയുക. അതുമായി നിങ്ങള്‍ വല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും തത്ക്കാലം വണ്ടി കയറുക.