മുന്നണി പ്രവേശനത്തിന് നേതാക്കളുടെ ജാതകം നോക്കേണ്ട കാര്യമില്ല: കാനം രാജേന്ദ്രന്‍

Web Desk

ആലപ്പുഴ

Posted on December 30, 2018, 4:59 pm

ഇടതു മുന്നണി പ്രവേശനത്തിന് കക്ഷി നേതാക്കളുടെ ജാതകം നോക്കേണ്ട കാര്യമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഐ എന്‍ എല്‍ കഴിഞ്ഞ 25 വര്‍ഷമായി എല്‍ ഡി എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. അവര്‍ വര്‍ഗീയ പാര്‍ട്ടിയാണെന്ന് മുന്നണിയില്‍ ആര്‍ക്കും അഭിപ്രായമില്ല. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യുണിയന്‍ ( എ ഐ ടി യു സി) വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനായി ആലപ്പുഴയിലെത്തിയ കാനം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) യും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. ആ ബന്ധം ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ അംഗീകരിച്ചതു കൊണ്ടാണ് പത്തനാപുരത്തടക്കം ഇടതുപക്ഷത്തിന് ഉജ്ജ്വല വിജയം നേടാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യത്വം അവശേഷിക്കുന്ന ആര്‍ക്കും വനിതാ മതിലില്‍ പങ്കെടുക്കാം. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സ്ത്രീ പുരുഷ സമത്വത്തിന് എതിരല്ല. എന്നാല്‍, ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി എല്‍ ഡി എഫിന്റെ ബഹുജന അടിത്തറ തകര്‍ക്കുവാനാണ് കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കുന്നത്. സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ ദുര്‍ബലരാകുമെന്നും അദ്ദേഹം പറഞ്ഞു. സി പി എം ഉള്‍പ്പെട്ട ഇടതുമുന്നണിയാണ് വനിതാ മതില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത്. ഈ വിഷയത്തില്‍ വി എസ് എടുത്ത നിലപാടിനെ പറ്റി അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.