Saturday
16 Nov 2019

വൈദ്യുതിയില്‍ രാഷ്ട്രീയം വേണ്ട

By: Web Desk | Friday 7 June 2019 8:15 AM IST


വൈദ്യുതിയുടെ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ചില മുക്കും മൂലയും ഇരുട്ടിലാണിപ്പോഴും. മേഖലയിലെ തൊഴിലാളികളെയും ഉപയോക്താക്കളെയും കറണ്ടടിപ്പിക്കുന്ന നടപടികളും മെല്ലെപ്പോക്കും തുടരുന്നു. റഗുലേറ്ററി കമ്മിഷന്റെ കണക്കനുസരിച്ച് കെഎസ്ഇബിയില്‍ 6686 കോടി രൂപയുടെ റവന്യുവിടവ് ഉണ്ടെന്നാണ്. പ്രസരണ വിതരണ മേഖലയുടെ നവീകരണ ഉത്തരവാദിത്തം ഏറ്റെടുത്ത് കോടികളുടെ പ്രവര്‍ത്തനങ്ങളാണ് കെഎസ്ഇബി നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1900 കോടി രൂപയുടെ മൂലധന ചെലവ് കെഎസ്ഇബിക്ക് ഉണ്ടായെന്നാണ് കണക്ക്. ഇത് സര്‍വകാല റെക്കോഡാണെങ്കിലും നഷ്ടം പക്ഷെ വിതരണ മേഖലയിലെ വരുംകാല വികസനത്തെ ബാധിക്കും. റഗുലേറ്ററി കമ്മിഷന്റെ ഗുരുതരമായ വീഴ്ചയാണെന്നാണ് ഈ മേഖലയില്‍ സേവനമനുഷ്ടിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിരമായ ഇടപെടല്‍ ഉണ്ടാവണമെന്ന് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) പോലുള്ള മുഖ്യധാരാ ട്രേഡ് യൂണിയനുകളും ആവശ്യപ്പെടുന്നു. പാലക്കാട് ഇന്നാരംഭിക്കുന്ന ഫെഡറേഷന്‍ ഇരുപതാം സമ്മേളനം ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തൊഴിലാളികളുടെയും ജീവനക്കാരുടെയും സഹനശേഷിയാണ് കേരളം പോലുള്ള സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധി അത്രമേല്‍ വിമര്‍ശനവിധേയമാകാത്തതിന് പിന്നില്‍. വൈദ്യുതി പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് അങ്ങിങ്ങുണ്ടാവുന്ന പ്രാദേശിക പ്രശ്‌നങ്ങളൊഴിച്ചാല്‍ ഈ മേഖലയിലെ സേവനം പ്രശംസനീയമാണ്. ഏതുനിമിഷവും ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന അവസ്ഥയിലാണ് ഓരോ ദിവസവും തൊഴില്‍ തുടങ്ങുന്നത്. സുരക്ഷയ്ക്കായി ജോലി തുടങ്ങാതിരിക്കാനോ ഇടയ്ക്ക് വച്ച് നിര്‍ത്തിവയ്ക്കാനോ അധികാരം പതിച്ചുനല്‍കുന്ന ‘സ്റ്റോപ്പ് കാര്‍ഡ്’ നിയമത്തില്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. സഹജീവികളുടെ സുരക്ഷയും നാടിന്റെ ആവശ്യവും മുന്‍നിര്‍ത്തി അപകടമുഖത്ത് സധൈര്യം സേവനം ചെയ്യാന്‍ മടിയില്ലാത്തവരാണ് വൈദ്യുത ബോര്‍ഡിലെ ജീവനക്കാര്‍. ഫോനി ചുഴലിക്കൊടുങ്കാറ്റുണ്ടായ ഒഡിഷയിലും ഗജ വീശിയടിച്ച തമിഴ്‌നാട്ടിലുമെല്ലാം താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കെഎസ്ഇബിയിലെ ജീവനക്കാര്‍ പോയത് വിസ്മരിക്കാനാവുന്നതല്ല.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 200 വൈദ്യുതി അപകടമരണങ്ങളുണ്ടാവുന്നു. അതില്‍ മുപ്പതോളം പേര്‍ കെഎസ്ഇബിയുടെ കീഴില്‍ ജോലി ചെയ്യുന്നവരാണ്. ഒരു ദശാബ്ദമായി ഇതാണ് വൈദ്യുത മേഖലയിലെ അവസ്ഥ. മരിക്കുന്നവരേക്കാള്‍ പതിന്മടങ്ങ് ആളുകള്‍ക്ക് പരിക്ക് പറ്റുന്നു. 2015ല്‍ മരിച്ചത് 32 പേരാണ്. എന്നാല്‍ 150 ലേറെ കെഎസ്ഇബി ജീവനക്കാര്‍ക്ക് പരിക്കേറ്റതായാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രേഖ ചൂണ്ടിക്കാട്ടുന്നത്. ജനസംഖ്യയുടെ കാര്യത്തില്‍ ഓസ്‌ട്രേലിയ കേരളത്തിനുസമാനമാണ്. വൈദ്യുത പ്രസരണ, വിതരണത്തില്‍ കേരളത്തിലേതിനേക്കാള്‍ വലിയ ശൃംഖലയാണവിടെ. രണ്ടിടത്തേയും വൈദ്യുതാഘാതങ്ങള്‍ തട്ടിച്ചുനോക്കുമ്പോള്‍ കേരളമാണ് ഏറെ മുന്നില്‍. സുരക്ഷയുടെ പോരായ്മയാണ് നമുക്ക് ജീവനുകളുടെ നഷ്ടമുണ്ടാക്കുന്നതെന്നാണ് ഈ പഠനം ബോധ്യപ്പെടുത്തുന്നത്.

വൈദ്യുതി ഉല്‍പാദനം, തൊഴിലാളികളുടെ സുരക്ഷ, വൈദ്യുതി ബോര്‍ഡിന്റെ നിലനില്‍പ്പ്, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കല്‍, പുനരുപയോഗ വൈദ്യുത സ്രോതസുകളുടെ വ്യാപനം തുടങ്ങി സര്‍ക്കാരുകള്‍ അവഗണിക്കപ്പെടുന്ന വിഷയങ്ങളേറെയാണ്. ഇത് കേവലം ജീവനക്കാരുടെ വിഷയം മാത്രമല്ല, കെഎസ്ഇബിയുടെ കണക്കില്‍ പറയുന്ന 91,59,399 ഉപയോക്താക്കളുടെ പ്രശ്‌നം കൂടിയായി ഇതിനെ കാണണം. ഒന്നാം നരേന്ദ്രമോഡി സര്‍ക്കാര്‍ വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കുന്നതിനായി കൊണ്ടുവന്ന നിയമം തിരുത്തപ്പെടേണ്ടതാണ്. 2003ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന ബിജെപി സര്‍ക്കാരാണ് സ്വകാര്യവല്‍ക്കരണത്തിലേക്ക് കണ്ണുവച്ചുള്ള വൈദ്യുതി നിയമം കൊണ്ടുവന്നത്. മോഡി അധികാരത്തിലെത്തിയപ്പോള്‍ 2015ലും 2018ലും നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളും പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയും ഇതിനെ എതിര്‍ത്തു. 48 മണിക്കൂര്‍ നീണ്ടുനിന്ന വൈദ്യുതി ജീവനക്കാരുടെ സമരത്തിനും രാജ്യം സാക്ഷ്യംവഹിച്ചു. രണ്ടാം മോഡി സര്‍ക്കാര്‍ വൈദ്യുതി നിയമഭേദഗതി ബില്‍ പൊടിതട്ടിയെടുത്താല്‍ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും.

രാജ്യത്ത് ഇനിയും വൈദ്യുതി എത്താത്ത നാല് കോടി വീടുകളുണ്ടെന്നാണ് കണക്ക്. 25 കോടിയിലധികം പേര്‍ക്ക് വൈദ്യുതി ഉപയോഗിക്കാനും കഴിയുന്നില്ല. സ്വകാര്യ മേഖലയിലാകട്ടെ വന്‍തോതില്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്നുമുണ്ട്. ഇവര്‍ക്ക് വഴിവിട്ട സഹായങ്ങളും നല്‍കുന്നു. നരേന്ദ്ര മോഡിയുടെ ബിനാമിയെന്ന് സംശയിക്കപ്പെടുന്ന അഡാനിയുടെ പവര്‍ കമ്പനിക്ക് ഒന്നാം മോഡി സര്‍ക്കാര്‍ 320 കോടിയുടെ നികുതി ഇളവാണ് നല്‍കിയത്. വൈദ്യുതി വിതരണ കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കെയാണ് സ്വകാര്യ കമ്പനിക്ക് സെസ് പദവി നല്‍കി ലാഭമുണ്ടാക്കാന്‍ അവസരം കൊടുത്തിരിക്കുന്നത്. ഒരുഭാഗത്ത് കേന്ദ്ര സര്‍ക്കാര്‍ വൈദ്യുത പ്രസരണ-വിതരണാവകാശം സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതാനൊരുങ്ങുന്നു. ഇവിടെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്കും കെഎസ്ഇബിയുടെ സാമ്പത്തിക പ്രതിസന്ധിക്കും ആക്കം കൂട്ടുംവിധം റഗുലേറ്ററി കമ്മിഷന്‍ വീഴ്ചകള്‍ തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉന്നംവയ്ക്കുന്ന സ്വകാര്യവല്‍ക്കരണത്തിനെതിരെ പോരാടാന്‍ തയ്യാറെടുക്കുന്ന ജനത തിരിഞ്ഞുനില്‍ക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് വിഷയത്തെ ഗൗരവത്തില്‍ കാണേണ്ടതും ഇടപെടേണ്ടതും.