പരാജിതരുടെ പാഠം ആവശ്യമില്ല: പാകിസ്ഥാനോട് യുഎന്നില്‍ ഇന്ത്യ

Web Desk
Posted on March 10, 2018, 9:59 pm

ജനീവ: യുഎന്നില്‍ പാകിസ്ഥാനെ പരാജിത രാജ്യമെന്ന് വിളിച്ച് ഇന്ത്യ. രണ്ടാം ദിവസവും പാകിസ്ഥാന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചതോടെയാണ് ഇന്ത്യ ശക്തമായ മറുപടി നല്‍കിയത്. ജമ്മു കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന ആവശ്യം വ്യാഴാഴ്ച പാകിസ്ഥാന്‍ യുഎന്നില്‍ ഉന്നയിച്ചിരുന്നു. ഇതേ ആവശ്യം വെള്ളിയാഴ്ച വീണ്ടും ഉന്നയിച്ചതോടെയാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെട്ട രാജ്യമെന്നു വിശേഷിപ്പിച്ചത്.
പരാജയപ്പെട്ട രാജ്യത്തില്‍നിന്നും ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് പാഠം പഠിക്കേണ്ട കാര്യമില്ലെന്ന് ജനീവയിലെ യുഎന്‍ മിഷന്റെ ഇന്ത്യയുടെ സെക്കന്‍ഡ് സെക്രട്ടറി മിനി ദേവി കുമം അറിയിച്ചു. ഭീകരര്‍ പാകിസ്ഥാനില്‍ വളര്‍ച്ചനേടുകയാണ്. ശിക്ഷാഭീതിയില്ലാതെ അവര്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുകയാണ്. അങ്ങനെയുള്ള പാകിസ്ഥാനാണ് ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പറയുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഉസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞതുമുതല്‍ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികള്‍ സൈ്വര്യവിഹാരം നടത്തുന്നതും ഇന്ത്യ പരാമര്‍ശിച്ചു. പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടികളുടെ വലിയൊരു പട്ടികയാണ് ഇന്ത്യ നിരത്തിയത്.
2008ലെ മുംബൈ, 2016ലെ പഠാന്‍കോട്ട്, ഉറി ഭീകരാക്രമണക്കേസുകളിലെ പ്രതികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനുള്ള വിശ്വാസയോഗ്യമായ നടപടികള്‍ക്കാണ് ഇന്ത്യ കാത്തിരിക്കുന്നതെന്നും പാകിസ്ഥാന്റെ ജനീവയിലുള്ള യുഎന്‍ ഡെപ്യൂട്ടി സ്ഥിര പ്രതിനിധി താഹിര്‍ ആന്ദ്രാബിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി കുമം അറിയിച്ചു. സ്വന്തമായി ഉറച്ച തീരുമാനം എടുക്കാനുള്ള അവകാശമില്ലാത്തതാണ് കശ്മീര്‍ പ്രശ്‌നത്തിന്റെ കാരണമെന്നാണ് താഹിര്‍ ആന്ദ്രാബി പറഞ്ഞത്.
ജമ്മു കശ്മീരിനെക്കുറിച്ചുള്ള പ്രമേയം യുഎന്‍ പാസാക്കണമെന്ന സ്ഥിരാവശ്യമാണു പാകിസ്ഥാന്‍ ഉന്നയിക്കുന്നത്. എന്നാല്‍ അതിനുമുന്‍പ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക് അധിനിവേശ കശ്മീര്‍ ഒഴിയണമെന്നത് അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. മറ്റു പല ചുമതലപ്പെടുത്തലുകളും അവര്‍ മറക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ അവര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും കുമം പറഞ്ഞു.