സംസ്ഥാനത്ത് കോവിഡ് മുക്തമാകുന്ന രണ്ടാമത്തെ ജില്ലയായി ഇടുക്കി

Web Desk

തൊടുപുഴ

Posted on April 11, 2020, 8:20 pm

സംസ്ഥാനത്ത് കോവിഡ് മുക്തമാകുന്ന രണ്ടാമത്തെ ജില്ലയായി ഇടുക്കി. ചികിത്സയിരുന്ന മൂന്ന് പേര്‍ക്കു കൂടി ഇന്ന് രോഗം ഭേദമായതോടെയാണ് ജില്ല കോവിഡ് മുക്തമായത്. കോവിഡ് രോഗം ജില്ലയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് ഏപ്രില്‍ രണ്ടിനാണ്. 70കാരിയും രണ്ട് കുട്ടികളും വിദേശിയും ഉള്‍പ്പടെ 10 പേര്‍ക്കായിരുന്നു ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ആറു പേര്‍ ഇടുക്കി മെഡിക്കല്‍ കോളജിലേയും മൂന്നു പേര്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലേയും ചികിത്സയിലൂടെയാണ് രോഗമുക്തരായത്. മൂന്നാറില്‍ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് കളമശേരി മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.

ഇടുക്കി മെ‍ഡ‍ിക്കൽ കോളജ് ആശുപത്രി ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന കോൺഗ്രസ് പ്രവർത്തകനായ ചുരുളി സ്വദേശിയുടെ അമ്മയും പത്ത് വയസുകാരൻ മകനും നിസാമുദിനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത കുമ്പംകല്ല് സ്വദേശിയുമാണ് ഇന്ന് ആശുപത്രി വിട്ടത്.

മൂന്നാറിലെത്തിയ ബ്രിട്ടീഷ് വിനോദ സഞ്ചാരിക്കാണ് ജില്ലയില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പിന്നീട് വിദേശത്ത് നിന്നും വന്ന കുമാരമംഗലം സ്വദേശി, ചെറുതോണി സ്വദേശിയായ കോണ്‍ഗ്രസ് നേതാവ് എന്നിവര്‍ക്കും രോഗം പകര്‍ന്നു. കോണ്‍ഗ്രസ് നേതാവില്‍ നിന്നാണ് ചുരുളി സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബൈസണ്‍വാലി സ്വദേശിയായ അധ്യാപികയ്ക്കും രോഗം പകര്‍ന്നത്. ചുരുളി സ്വദേശിയുടെ അമ്മയ്ക്കും ഭാര്യയ്ക്കും പത്ത് വയസുകാരന്‍ മകനും ബൈസണ്‍വാലി സ്വദേശിയുടെ ഒമ്പതുകാരന്‍ മകനും കുമ്മംകല്ല് സ്വദേശിക്കും പിന്നീട് രോഗ ബാധയുണ്ടായി. അതിന് ശേഷം പത്ത് ദിവസമായി ഇതുവരെ ഒരു കോവിഡ് കേസുപോലും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

YOU MAY ALSO LIKE THIS VIDEO