Web Desk

തിരുവനന്തപുരം

July 17, 2021, 10:20 pm

അർഹതപ്പെട്ടവർക്ക് ആർക്കും ആനുകൂല്യം നഷ്ടമാകില്ല: മുഖ്യമന്ത്രി

Janayugom Online

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ അർഹതപ്പെട്ടവർക്ക് ആർക്കും ആനുകൂല്യം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ആനുകൂല്യം ലഭിക്കുന്ന വിഭാഗത്തിന് കുറവ് വരാതെയും മുഴുവനായി ജനസംഖ്യാനുപാതികമായി ആക്കുകയുമാണ് സർക്കാർ ചെയ്തത്. ആനുകൂല്യങ്ങൾ വിവേചനപരമായി വിതരണം ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം സർക്കാർ എടുത്തത്. അതിനെ പ്രതിപക്ഷ നേതാവടക്കം എല്ലാവരും ആദ്യഘട്ടത്തിൽ സ്വാഗതം ചെയ്തിരുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരു കുറവും ആർക്കും വരില്ല. ഇപ്പോൾ കിട്ടുന്നവർക്കെല്ലാം ആനുകൂല്യം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ വരുന്ന അപേക്ഷകർക്ക് എല്ലാം കൊടുക്കാൻ സാധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആശങ്കയുടെ കാര്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മുസ്‌ലിം വിഭാഗത്തിന് സഹായം വേണമെന്നതിൽ ഞങ്ങൾക്ക് തർക്കമില്ല. അതിൽ കുറവുണ്ടാകില്ല. ഒരു കൂട്ടർക്ക് കൊടുക്കുന്നതിൽ കുറവ് വരാതെ മറ്റൊരു കൂട്ടർക്ക് കൊടുക്കുന്നതിൽ പിന്നെ എന്തിനാണ് തർക്കം? അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് പിന്തുണച്ചത്. പിന്നീട് അദ്ദേഹത്തെ കൊണ്ട് മുസ്‌ലിം ലീഗ് തിരുത്തിച്ചു. പറഞ്ഞത് മാറ്റിപ്പറഞ്ഞവരല്ല ഞങ്ങൾ. ഇവിടെ ഒരു കുറവും വരില്ല. പരാതിയുള്ള മറ്റൊരു കൂട്ടർക്ക് നൽകും.

സാമൂഹ്യ പിന്നാക്കാവസ്ഥ പരിഗണിച്ചുള്ളതാണ് സംവരണം. ഇത് ന്യൂനപക്ഷ വിഭാഗത്തിനുള്ള ആനുകൂല്യമാണ്. അതിൽ മുസ്‌ലിം വിഭാഗത്തിന് മാത്രമല്ല മറ്റ് ചില വിഭാഗങ്ങൾക്ക് കൂടി കൊടുത്തു. ആ കൊടുത്തതിൽ കുറവുണ്ടായെന്ന പരാതിക്കാണ് ഇപ്പോൾ പരിഹാരം കണ്ടിരിക്കുന്നത്. വാദിച്ച് വാദിച്ച് സമൂഹത്തിന്റെ പ്രത്യേകത കളയരുതെന്നും ഇത് അപകടകരമായ കാര്യമാണെന്നും തീ കോരിയിടുന്ന വർത്തമാനം പറയാതിരിക്കലാണ് നല്ലതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Eng­lish Sum­ma­ry: No one will lose the ben­e­fit to those who deserve it: CM
You may like this video also