സ്ഥിരം നിയമനങ്ങളില്ല; എച്ച്എംടിയിലും കരാര്‍വത്കരണം

Web Desk
Posted on March 14, 2018, 11:01 pm

ഷാജി ഇടപ്പള്ളി

കൊച്ചി : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കളമശ്ശേരിയിലെ ഹിന്ദുസ്ഥാന്‍ മെഷ്യന്‍ ടൂള്‍സ്          (എച്ച്എംടി) യിലും സ്ഥിരം നിയമനം ഒഴിവാക്കി കരാര്‍വത്കരണത്തിലൂടെ രണ്ടുവര്‍ഷത്തേക്ക് വിവിധ തസ്തികകളിലാണ് നിയമനം നടത്തുന്നതിനുള്ള നീക്കം പുരോഗമിക്കുന്നത്.
പ്രോജക്ട് അസ്സോസിയേറ്റ് എന്ന ഓമനപ്പേരിലാണ് തുച്ഛമായ ശമ്പളത്തിന് എന്‍ജിനീയറിങ്, ഐടിഐ, എംബിഎ യോഗ്യതകളുള്ളവരില്‍ നിന്നും അപേക്ഷ പത്ര പരസ്യം വഴി കമ്പനി ക്ഷണിച്ചിട്ടുള്ളത്. എഞ്ചിനീയര്‍മാര്‍ക്ക് 13000 രൂപയും ഐടിഐ കാര്‍ക്ക്8000 രൂപയുമാണ് വാഗ്ദാനം നല്‍കിയിട്ടുള്ളത്. എച്ച്എംടി നിലനില്‍ക്കണമെങ്കില്‍ ജീവനക്കാരുടെ കുറവ് പരിഗണിച്ച് സ്ഥിരം നിയമനം നല്‍കണമെന്ന് വിവിധ ഘട്ടങ്ങളില്‍ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും യാതൊരു അനുകൂല നടപടിയും കൈക്കൊള്ളാത്ത മാനേജ്‌മെന്റാണ് ധൃതി പിടിച്ചു കരാര്‍ നിയമനത്തിനുള്ള പരസ്യം നല്‍കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്‍റെ യുവജന വിരുദ്ധ നയങ്ങള്‍ തന്നെയാണ് ഇവിടയേയും പ്രതിഫലിക്കുന്നത് . 1991 ലെ ആഗോള വല്‍ക്കരണ ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കിയത് മുതല്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ യുവാക്കള്‍ക്ക് നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരും പൊതുമേഖലയും നിഷേധാല്‍മാകയാ സമീപനമാണ് കൈക്കൊണ്ടിരുന്നത്. കൂടാതെ മോഹവാഗ്ദാനങ്ങള്‍ നല്‍കി സ്വയം വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. 3500 ഓളം ജീവനക്കാരും മൂന്നു ഷിഫ്റ്റുകളും പ്രവര്‍ത്തിച്ചിരുന്ന എച്ച് എം ടി യില്‍ ഇപ്പോള്‍ 21 എന്‍ജിനീയര്‍മാരും 30 ഡിപ്ലോമക്കാരും നൂറോളം ഐ ടി ഐ യോഗ്യതയുള്ള ജീവനക്കാരും എച്ച്ആര്‍ വിഭാഗത്തില്‍ 4 ഉം അക്കൗണ്ട്‌സില്‍ 8 ഉം ഉള്‍പ്പടെ 205 ജീവനക്കാരാണുള്ളത്.

ഇതിനിടെ അടുത്ത രണ്ടു വര്‍ഷംകൊണ്ട് പിരിഞ്ഞുപോകുന്നവരുടെ എണ്ണം കണക്കാക്കിയാല്‍ 100 ഓളം വരും.ഈ സാഹചര്യം കണക്കിലെടുത്തു സ്ഥിരം നിയമനം നടത്തി ഈ പൊതുമേഖലാ സ്ഥാപനത്തെ നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്. രാജ്യത്തിന് ആവശ്യമായ മെഷ്യന്‍ ടൂള്‍സുകളുടെ വലിയ തോതിലുള്ള ഉല്പാദനത്തിന് കഴിയുന്ന ഈ സ്ഥാപനം വളരെ പരിതാപകരമായ അവസ്ഥയിലാണ് നീങ്ങുന്നത്.

എച്ച്എംടിയുടെ പഴയകാല പ്രതാപം വീണ്ടെടുത്ത് വിവിധ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞാല്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. നിലവിലുള്ള ജീവനക്കാര്‍ക്കാകട്ടെ 1997 ലെ സേവന വേതന വ്യവസ്ഥ പ്രകാരമുള്ള ശമ്പളവും അനുകൂല്യങ്ങളുമാണ് ഇന്നും ലഭിക്കുന്നത്. എന്നിട്ടും ജീവനക്കാര്‍ സ്ഥാപനത്തിന്റെ നിലനില്പിനുവേണ്ടി കഷ്ടതകള്‍ നേരിട്ടും സഹകരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരും, മാനേജ്‌മെന്റും ദ്രോഹ നടപടികളാണ് കൈക്കൊള്ളുന്നതെന്നും വ്യാപകമായ ആക്ഷേപമുണ്ട്.