Janayugom Online
Ram Nath Kovind- Janayugom

സമൂഹത്തില്‍ ഹിംസക്ക് സ്ഥാനമില്ല: രാഷ്ട്രപതി

Web Desk

ന്യൂഡല്‍ഹി

Posted on August 14, 2018, 11:04 pm

ഇന്ത്യന്‍ സമൂഹത്തില്‍ ഹിംസക്ക് സ്ഥാനമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം,
വിവാദ വിഷയങ്ങളും ബാഹ്യ ചര്‍ച്ചകളും നമ്മുടെ ശ്രദ്ധതിരിക്കരുതെന്നും രാഷ്ട്രനിര്‍മ്മാണ പദ്ധതികളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വിടവുകള്‍ നികത്താന്‍ പ്രതിഭാശാലികളായ യുവജനങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യ, എഞ്ചിനീയറിങ്, സംരംഭകത്വം, കലാകായിക രംഗം തുടങ്ങിയ മേഖലകളില്‍ യുവജനങ്ങളുടെ അനന്തമായ മനുഷ്യവിഭവ മൂലധനം പ്രയോജനപ്പെടുത്തുന്നുണ്ട്. രാജ്യം കാക്കുന്ന സായുധ സേനാംഗങ്ങള്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. അവര്‍ക്ക് മികച്ച ആയുധങ്ങളും ഉപകണരങ്ങളും നല്‍കുകയും, അത്തരം ആയുധങ്ങളുടെയും, ഉപകരണങ്ങളുടെയും വിതരണ ശൃംഖല ഇന്ത്യയില്‍ തന്നെ സൃഷ്ടിക്കുകയും വേണം.

പൊലീസുകാരുടെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും തൊഴില്‍ പരവും വ്യക്തിപരവുമായ സാഹചര്യം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം, വൈദ്യുതി ലഭ്യത, തുറസ്സായ സ്ഥലങ്ങളിലെ വിസര്‍ജ്ജനം നിര്‍മ്മാര്‍ജ്ജനം ചെയ്യല്‍ എന്നിവയെല്ലാം പൂര്‍ണമായി കൈവരിക്കാവുന്നതാണ്.

വനിതകള്‍ക്ക് സമൂഹത്തില്‍ സവിശേഷ സ്ഥാനമുണ്ട്. രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ വ്യാപനം രാജ്യത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ 150-ാം അനുസ്മരണ വാര്‍ഷികത്തോട് അടുത്ത് നില്‍ക്കുന്ന ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഓരോരുത്തര്‍ക്കും ഗാന്ധിയന്‍ ആശയങ്ങളും പ്രമാണങ്ങളും നമ്മുടെ പ്രവൃത്തിയുടെയും പെരുമാറ്റത്തിന്റെയും ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.