പ്രത്യേക ലേഖകൻ

ന്യൂഡൽഹി:

June 02, 2020, 9:11 pm

മുൻകരുതലുകളില്ല; വ്യാവസായ സ്ഥാപനങ്ങളിൽ കോവിഡ് അനിയന്ത്രിതമാകുന്നു

Janayugom Online

മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ വിവിധ വ്യാവസായ സ്ഥാപനങ്ങളിൽ ജീവനക്കാരെ പണിയെടുപ്പിക്കുന്നത് കാരണം കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുന്നു. ചെന്നൈയിലെ രാജ്യത്തെ രണ്ടാമത്തെ പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ ഹ്യുണ്ടായി മോട്ടോഴ്സ് ഇന്ത്യ ലിമിറ്റഡ്, മൊബൈൽ നിർമ്മാണ കമ്പനിയായ നോക്കിയ സൊല്യൂഷൻസ് എന്നിവിടങ്ങളിലെ നിരവധി ജീവനക്കാർക്കാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊറോണ സ്ഥിരീകരിച്ചത്.

ഹ്യൂണ്ടായ് മോട്ടോഴ്സിലെ തൊഴിലാളികൾക്കും നോക്കിയ സൊല്യൂഷൻസിലെ 42 ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നോക്കിയ തങ്ങളുടെ പ്ലാന്റ് ഇതിനകം അടച്ചുപൂട്ടി. എന്നാൽ ഹ്യൂണ്ടായ് മോട്ടോഴ്സിൽ രോഗം സ്ഥിരീകരിച്ചെങ്കിലും പ്ലാന്റ് രണ്ട് ദിവസത്തേയ്ക്ക് മാത്രമാണ് അടച്ചിട്ടത്. ഇത് കൂടുതൽ രോഗ വ്യാപനത്തിന് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ കമ്പനി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച്ച ഉണ്ടായെങ്കിലും ഇതിനെതിരെ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് എഐടിയുസി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. കമ്പനികളിൽ ഉല്പാദനം ആരംഭിക്കുന്നതിന് തങ്ങൾ തടസമല്ല, എന്നാൽ തൊഴിലാളികൾക്ക് ആവശ്യമായ രോഗപ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിലുള്ള വീഴ്ച്ചയിലാണ് തങ്ങൾ ആശങ്കപ്പെടുന്നതെന്നും തൊഴിലാളികൾ പറയുന്നു.

ഓഫീസർമാർക്കും, തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചെങ്കിലും മറ്റുള്ളവരിൽ രോഗ പരിശോധന നടത്താൻ ഹ്യുണ്ടായ് മോട്ടോഴ്സ് തയ്യാറാകുന്നില്ല. ഇക്കാര്യം ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും നാളിതുവരെ തുടർനടപടികൾ ഉണ്ടായിട്ടില്ല. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിക്കുന്ന നിലപാടുകളാണ് കമ്പനി അധികൃതർ സ്വീകരിക്കുന്നത്. കമ്പനിയിൽ വാഹനങ്ങളുടെ ഉല്പാദനം സാധാരണ നിലയിൽ എത്തിയെങ്കിലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്.

അതിനിടെ അവധി ദിനം, അധികസമയ ജോലി എന്നിവയുടെ ആനുകൂല്യങ്ങളും റദ്ദാക്കുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ കെ ടയേഴ്സ്, ആഷി ഗ്ലാസ് ഉൾപ്പെടെയുള്ള കമ്പനികൾ ജീവനക്കാരുടെ ശമ്പളം 40 ശതമാനത്തോളം വെട്ടിക്കുറച്ചു. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്.

ENGLISH SUMMARY: No pre­con­cep­tions; Covid is unreg­u­lat­ed in indus­tri­al firms

YOU MAY ALSO LIKE THIS VIDEO