കര്‍താര്‍പുര്‍ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ വീസ വേണ്ട

Web Desk
Posted on July 14, 2019, 8:51 pm

ലഹോര്‍ : കര്‍താര്‍പുര്‍ ഇടനാഴിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇന്ത്യ‑പാക് രണ്ടാംഘട്ട ചര്‍ച്ച വിജയം. ഇന്ത്യയുടെ ആവശ്യങ്ങള്‍ പാകിസ്ഥാന്‍ അംഗീകരിച്ചു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഇനി മുതല്‍ വീസ ഇല്ലാതെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാം. ദിവസംഅയ്യായിരം പേരെ വീതം ഗുരുദ്വാരയിലേക്ക് കടത്തിവിടാനും ധാരണയായി.
ആഭ്യന്തര മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി എസ്‌സിഎല്‍ ദാസാണ് ഇന്ത്യന്‍ പ്രതിനിധി

സംഘത്തെ നയിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവടക്കം 20 പാകിസ്ഥാന്‍ പ്രതിനിധികളാണു ചര്‍ച്ചയില്‍ പങ്കെടുത്തത്. ദിവസം അയ്യായിരം തീര്‍ഥാടകര്‍ക്ക് വീസയില്ലാതെ ഇടനാഴി ഉപയോഗിക്കാന്‍ അവസരമുണ്ടാകണമെന്ന് ആദ്യഘട്ട ചര്‍ച്ചയില്‍ തന്നെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ ഗുരുദാസ്പുര്‍ ജില്ലയിലുള്ള ദേരാ ബാബ നാനാക്കില്‍ നിന്ന് പാകിസ്ഥാനിലെ നരോവാള്‍ ജില്ലയിലുള്ള കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന നാല് കിലോമീറ്റര്‍ പാതയിലൂടെ വീസയില്ലാതെ ഇന്ത്യയിലെ സിഖ് തീര്‍ഥാടകര്‍ക്ക് എത്താനാവും. സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് 18 വര്‍ഷം നദീതീരത്തുള്ള ഈ ഗുരുദ്വാരയില്‍ താമസിച്ചിട്ടുണ്ട്. ലഹോറില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ നരോവാള്‍ ജില്ലയിലാണു കര്‍താര്‍പുര്‍ ഗുരുദ്വാര.