Web Desk

തിരുവനന്തപുരം

January 17, 2021, 5:25 pm

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളിലായി: ആരോഗ്യ മന്ത്രി

Janayugom Online

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. കേരളത്തില്‍ ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും വാക്‌സീന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമക്കി. 

തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ 4 ദിവസങ്ങളിലാണ് വാക്‌സീന്‍ കുത്തിവയ്പ്പ് എടുക്കുന്നത്. ബുധനാഴ്ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ദിവസമായതിനാല്‍ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയതെന്നും ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍ വാക്‌സിനേഷന്‍ തുടരാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

വരും ദിവസങ്ങളിലും 100 പേരെ വച്ച് 133 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി ഉള്‍പ്പടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ആരംഭിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. അത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോവിഡ് മുന്നണി പോരാളികളായ വിവിധ സേനാംഗങ്ങള്‍, പൊലീസുകാര്‍, കോവിഡുമായി സഹകരിച്ച റവന്യൂ വകുപ്പ് ജീവനക്കാര്‍, മുന്‍സിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
Eng­lish sum­ma­ry: no side effects for covid vaccine
You may also like this video: