Web Desk

സിഡ്നി

June 17, 2020, 12:51 pm

ഐപിഎല്ലിന് പ്രതീക്ഷയേകി ക്രിക്കറ്റ് ഓസ്ട്രേലിയ; ടി20 ലോകകപ്പ് ഈ വർഷമില്ല !

Janayugom Online

ടി20 ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയയിൽ വച്ച് ഈ വർഷം നടത്തുകയെന്നത് അസാധ്യമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ എഡിങ്‌സ് പറഞ്ഞു. കൊറോണവൈറസ് മഹാമാരിയെ നിന്ത്രണവിധേയമാക്കാന്‍ ഇനിയും സാധിച്ചിട്ടില്ലാത്തതിനാല്‍ ലോകകപ്പ് നടത്തുകയെന്നത് അസാധ്യമാണെന്നും അദ്ദേഹം പറയുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്‌സ് രാജിവെച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിനാണ് ട്വന്റി20 ലോകകപ്പിനെ കുറിച്ചും പ്രതികരണം ഉയര്‍ന്നത്. ഓസ്‌ട്രേലിയയിലെ സ്റ്റേഡിയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാനും കാണികളെ പ്രവേശിപ്പിക്കാനും സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയാകുന്നതിന് ഇപ്പോള്‍ രാജ്യത്തിന് ധൈര്യമില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ എഡിങ്‌സ് വ്യക്തമാക്കി. എന്നാല്‍ ലോകകപ്പിനായി 16 രാജ്യങ്ങളിലെ ടീമുകളെ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുവരുക ഇപ്പോഴത്തെ അപകരമായ സാഹചര്യത്തില്‍ നടക്കില്ലെന്നാണ് തനിക്കു തോന്നുന്നത്. നടത്താന്‍ ശ്രമിച്ചാല്‍ തന്നെ അതു വളരെ ശ്രമകരമായിരിക്കുമെന്നും എഡ്ഡിങ്‌സ് കൂട്ടിച്ചേർത്തു. ലോകകപ്പിന്റെ ഭാവിയുമായി ബന്ധപ്പെട്ട് ഐസിസിയുടെ യോഗം ചേരുമ്പോള്‍ ഇതു മാറ്റിവയ്ക്കാവുന്നതാണെന്നാണ് ഞങ്ങള്‍ അഭിപ്പായപ്പെടാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 10ന് ഐസിസിയുടെ യോഗം ചേര്‍ന്നിരുന്നെങ്കിലും ലോകകപ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാവാതെ പിരിഞ്ഞിരുന്നു. ജൂലൈയിലെ സാഹചര്യം പരിശോധിച്ച ശേഷം ലോകകപ്പിനെക്കുറിച്ച് തീരുമാനിക്കുമെന്നാണ് അന്ന് ഐസിസി അറിയിച്ചത്. ട്വന്റി20 ലോകകപ്പ് ഉപേക്ഷിച്ചാല്‍ ഒക്ടോബര്‍-നവംബര്‍ സമയം ഐപിഎല്ലിനായി ബിസിസിഐ വിനിയോഗിക്കും. സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്താനാണ് ആലോചിക്കുന്നതെന്ന് ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അടുത്തിടെ അറിയിച്ചിരുന്നു. വേണമെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വിവിധ ക്രിക്കറ്റ് അസോസിയേഷനുകളെ രേഖാമൂലം അറിയിച്ചിരുന്നു.

you may also like this video;