നവാഗതരുടെ ചിത്രങ്ങള്‍ക്ക് തിയേറ്ററുകള്‍ ഇല്ല: സന്ദീപ് അജിത്ത് കുമാര്‍

Web Desk
Posted on March 20, 2019, 9:06 pm

കോഴിക്കോട്: നവാഗതരുടെ കൂട്ടായ്മയില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ക്ക് തിയേറ്ററുകള്‍ ലഭിക്കുകയെന്നത് വെല്ലുവിളിയാണന്ന് സംവിധായകന്‍ സന്ദീപ് അജിത്ത് കുമാര്‍. കോഴിക്കോടന്‍ കൂട്ടായ്മയില്‍ ഒരുക്കിയ ‘മേരേ പ്യാരേ ദേശ് വാസിയോം’ സിനിമയുമായി ബന്ധപ്പെട്ട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുമുഖങ്ങളെ അണി നിരത്തി പുറത്തിറക്കുന്ന ചിത്രങ്ങളെ അവഗണിക്കുന്ന സമീപനമാണ് തീയേറ്റകളുടെ ഭാഗത്ത് നിന്നും നിരന്തരം ഉണ്ടാവുന്നത്. ഇത്തരം ചെറു ബജറ്റ് ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് തിയേറ്ററുകള്‍ വാടകക്ക് നല്‍കാമെന്ന നിര്‍ദ്ദേശമാണ് മലബാറിലെ തിയേറ്ററുടമകളില്‍ നിന്നും ലഭിച്ചത്. രാവിലെ ഒന്‍പത് മണി എന്നിങ്ങനെ ആളുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സമയമാണ് ഇത്തരം ചിത്രങ്ങളുടെ പ്രദര്‍ശനത്തിനായി നല്‍കുന്നതെന്നും പുത്തന്‍ ആശയങ്ങളുമായി ചലച്ചിത്രലോകത്ത് എത്തുന്നവര്‍ക്ക് ഈ സമീപനം തിരിച്ചടിയാവുകയാണന്നും സന്ദീപ് പറഞ്ഞു.

കോമഡിയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ‘മേരേ പ്യാരേ ദേശ് വാസിയോം’ 18 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ച ചിത്രമാണ്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത വാക്യമാണ് ‘മേരേ പ്യാരേ ദേശ് വാസിയോം’. ചിത്രത്തില്‍ നോട്ടുനിരോധനത്തിന് വലിയ പ്രാധാന്യമൊന്നുമില്ലെങ്കിലും ഇന്നിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പടുന്നുണ്ട്. കേരളത്തില്‍ 38 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിനെ കുറിച്ച് നല്ല അഭിപ്രായമാണ് ഉയരുന്നത്. എന്നാല്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് ചിത്രം എത്തിക്കുന്നതിന് പ്രദര്‍ശന സമയം ഉള്‍പ്പെടെ പല തടസ്സങ്ങള്‍ നേരിടുന്നതായും അണിയറ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. അഷ്‌ക്കര്‍ സൗദാന്‍, നിര്‍മ്മല്‍ പാലാഴി, നീനാ കുറുപ്പ്, ആര്യാ ദേവി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഇസ്മായില്‍ മാഞ്ഞാലിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നഹിയാന്‍, സംഗീതം നന്ദഗോപന്‍, ആരോമല്‍. ഗിരീഷ് പുത്തന്‍ഞ്ചേരിയുടെ മകന്‍ ദിന്‍നാഥ് പുത്തഞ്ചേരിയാണ് ചിത്രത്തിലെ ഒരു ഗാനത്തിന്റെ വരികള്‍ ഒരുക്കിയത്. ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞിട്ടുണ്ട്. അഭിനേതാക്കളായ ദിനേശ് എരഞ്ഞിക്കല്‍, അഞ്ജലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബൈജു, നെഹ്യന്‍, സജയന്‍ പാലാഴി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.