ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ കണക്ഷനുകള്‍ റദ്ദാകില്ല

Web Desk
Posted on October 20, 2018, 8:56 am

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ കണക്ഷനുകള്‍ റദ്ദാകില്ല. മറ്റ് രേഖകള്‍ നല്‍കി ഉപയോക്താക്കൾക്ക് ആവശ്യമെങ്കില്‍ ആധാര്‍ വിച്ഛേദിക്കാം. ആധാറുമായി ബന്ധിപ്പിച്ച 50 കോടിയോളം മൊബൈൽ കണക്ഷനുകള്‍ വിച്ഛേദിക്കപ്പെടാന്‍ സാധ്യതയെറുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത്തരം കണക്ഷനുകള്‍ റദ്ദാക്കില്ലന്ന് ആധാർ അതോറിറ്റിയും (യു.ഐ.ഡി.എ.ഐ.) ടെലികോം വകുപ്പും  അറിയിച്ചു.

മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാർ ആവശ്യമില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. ആധാർ ഇ‑കെവൈസി ഉപയോഗിച്ച് നൽകിയ മൊബൈൽ നമ്പറുകൾ റദ്ദാക്കണമെന്ന് വിധിയിൽ പറയുന്നില്ല. അതിനാൽ നിലവില്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാർ വിച്ഛേദിക്കാവുന്നതാണ്. ഇതിനായി സേവനദാതാക്കളെ സമീപിച്ച് അപേക്ഷ നൽകിയാൽ മതിയാകും. എന്നാല്‍ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ നൽകണം.

പുതിയ സിംകാർഡുകൾ നൽകാനായി പ്രത്യേക കെവൈസി സംവിധാനം രൂപീകരിക്കും. പുതിയ സിം കാർഡ് വേണ്ടവരുടെ അപേക്ഷ നൽകാനെത്തിയ സമയം ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ ഫോട്ടോ, തിരിച്ചറിയൽ രേഖകളുടെ പകർപ്പ് തുടങ്ങിയവ ഉൾപ്പെടെയുള്ള കെവൈസി സംവിധാനമാണ് തയാറാക്കുന്നത്.