തീവ്രദേശീയ പാര്‍ട്ടികള്‍ക്കെതിരെ യൂറോപ്പില്‍ പ്രതിഷേധം ശക്തം

Web Desk
Posted on May 20, 2019, 8:50 pm

യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ തീവ്ര ദേശീയ പാര്‍ട്ടികള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. തീവ്ര വലതുപക്ഷ കക്ഷികളെ പാര്‍ലമെന്റ് സമിതിയിലേക്ക് തെരഞ്ഞെടുത്ത് അയക്കരുതെന്ന ആഹ്വാനവുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയിരിക്കുന്നത്. മെയ് 23 നാണു യൂറോപ്യന്‍ യൂണിയന്റെ പ്രധാന ഘടകങ്ങളിലൊന്നായ യൂറോപ്പ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിക്കുക.

യൂണിയനില്‍ അംഗങ്ങളായ ഓരോ രാജ്യത്തിനും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റില്‍ പ്രതിനിധികളുള്ളത്. ഈ അംഗങ്ങളെയാണ് ഓരോ രാജ്യത്തെയും പൗരന്മാര്‍ ചേര്‍ന്ന് മെയ് 23 മുതല്‍ 26 വരെ നടക്കുന്ന ജനഹിത പരിശോധനയിലൂടെ തെരഞ്ഞെടുക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ നിയമ നിര്‍മാണ പ്രവര്‍ത്തനങ്ങളിലോ ബഡ്ജറ്റ് കാര്യങ്ങളിലോ ഇടപെടാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അവകാശമില്ലെങ്കിലും യൂണിയന്‍ രൂപം കൊടുക്കുന്ന നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനു ഈ സമിതി അംഗങ്ങളുടെ അനുമതി വേണം.

തീവ്ര ദേശിയവാദവും അഭയാര്‍ത്ഥി വിരുദ്ധതയും മുഖമുദ്രയാക്കിയ വലതുപക്ഷ പാര്‍ട്ടികള്‍ പൊതുസമൂഹത്തിനു ആപത്താണെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. അടുത്തിടെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ഇത്തരം കക്ഷികള്‍ അധികാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കടുത്ത വിഭാഗീയ, വംശീയ, അഭയാര്‍ഥീവിരുദ്ധ നിലപാടുകളാണ് ഇവര്‍ കൈക്കൊള്ളുന്നത്. ഇത്തരം ആശയങ്ങളെ പിന്തുടരുന്നവര്‍ യൂറോപ്യന്‍ യൂണിയന്റെ തലപ്പത്തെത്തിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിവിധ രാജ്യങ്ഹലില്‍ പ്രതിഷേധക്കാരുടെ പ്രകടനങ്ങള്‍ നടന്നത്.

യൂറോപ്പിനെ ആകെ വംശീയ വിദ്വേഷങ്ങളുടെയും വെറുപ്പിന്റെയും ഇടമാക്കി ഇക്കൂട്ടര്‍ മാറ്റുമെന്നും ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയമല്ല പകരം ഒന്നിച്ച് നില്‍ക്കുന്ന യൂറോപ്പിനെയാണ് തങ്ങള്‍ക്ക് ആവശ്യമെന്നും സമരാനുകൂലികള്‍ പറയുന്നു. ജര്‍മനിയിലെ മ്യൂണിച്ച്, ബെര്‍ലിന്‍, ഫ്രാങ്ക് ഫര്‍ട്ട് തുടങ്ങിയ നഗരങ്ങളില്‍ വന്‍ ജനാവലിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. മറ്റ് യൂറോപ്യന്‍ നഗരങ്ങളിലേക്കും പ്രതിഷേധ പ്രകടങ്ങള്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.