ആത്മഹത്യ ചെയ്ത വ്യവസായിയെ പീഡിപ്പിച്ചുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നഗരസഭ അദ്ധ്യക്ഷ

Web Desk
Posted on June 19, 2019, 5:32 pm

കണ്ണൂര്‍ : ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍  വ്യവസായിയെ പീഡിപ്പിച്ചുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നഗരസഭ അദ്ധ്യക്ഷ പി.കെ.ശ്യാമള  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  മേയ് അവസാനമാണ് പാറയില്‍ സാജന്റെ കെട്ടിടവുമായി ബന്ധപ്പെട്ട ഫയല്‍ സെക്രട്ടറിക്ക് മുന്നില്‍ വന്നതെന്നും അതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ദാരുണമായ മരണമെന്നും അവര്‍ പറഞ്ഞു.

താനടക്കമുള്ള ജനപ്രതിനിധികള്‍ക്കുമുന്നില്‍ പരാതി എത്തിയിട്ടില്ല.  അനുമതി സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്തത് ഉദ്യോഗസ്ഥരാണ് .കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിയമപ്രകാരമുള്ള കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ.

നേരത്തെ തളിപ്പറമ്പ് നഗരസഭയില്‍നിന്നാണ് കെട്ടിട നിര്‍മാണത്തിനുള്ള പ്ലാന്‍ പാസാക്കിയതെന്നും പിന്നീട് ആന്തൂര്‍ നഗരസഭ നിലവില്‍വന്നതിന് ശേഷമാണ് നിര്‍മാണം ആരംഭിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഇതിനിടെ അനധികൃത നിര്‍മാണമാണെന്ന് കാണിച്ച്‌ പരാതി ലഭിച്ചിരുന്നു. സാജന്‍ ഇക്കാര്യത്തില്‍ നോട്ടീസ് അയക്കുകയും പണിനിറുത്തിവയ്ക്കുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. പിന്നീട് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചശേഷമാണ് നിര്‍മാണം പുനരാരംഭിച്ചതെന്നും പി.കെ. ശ്യാമള വ്യക്തമാക്കി.

സാജന്‍ കെട്ടിടത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത് ഏപ്രില്‍ 12‑നാണ് . അപേക്ഷയിലെ ന്യൂനതകള്‍ കണ്ടെത്തുകയും അത് പരിഹരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഏപ്രില്‍ 20‑നും മെയ് 20‑നും വിവാഹങ്ങള്‍ നടന്നിരുന്നു. താന്‍ ഉള്‍പ്പെടെ ഒരു വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഇനിയുള്ള ദിവസങ്ങളിലും വിവാഹം നടക്കാനുണ്ട്. ഇതൊന്നും നഗരസഭ തടഞ്ഞിട്ടില്ല. നഗരസഭ ഭരണസമിതിക്ക് അദ്ദേഹത്തോട് യാതൊരു വിരോധവുമില്ലെന്നും അവര്‍ വ്യക്തമാക്കി.