ആർ ബാലചന്ദ്രൻ

ആലപ്പുഴ

December 21, 2020, 9:53 pm

സീസണായിട്ടും സഞ്ചാരികളില്ല; ആലപ്പുഴയില്‍ ഹൗസ്‌ബോട്ടുകൾ വിൽപ്പനക്ക്

Janayugom Online

ലോക്ക്ഡൗണിന് ശേഷം തുറന്ന ഹൗസ് ബോട്ട് ടൂറിസം വ്യവസായം വൻ തകർച്ചയിൽ. ടൂറിസം സീസണായിട്ട് പോലും വിരലിലെണ്ണാവുന്ന ഹൗസ് ബോട്ടുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. മലബാറിൽ നിന്നുള്ള സഞ്ചാരികൾ മാത്രമാണ് എത്തുന്നത്. 26 വർഷത്തെ പെരുമയുള്ള ഈ വ്യവസായത്തിന് മരണമണി മുഴങ്ങിക്കഴിഞ്ഞു.
ബോട്ടുകൾ ഓടാൻ കഴിയാതെ വന്നതോടെ ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി ആണ് നേരിടുന്നത്. പരിപാലന ചെലവും ഭീമമായ നഷ്ടവും കാരണം ഭൂരിഭാഗം ഉടമകളും ഹൗസ്‌ബോട്ടുകൾ വിറ്റുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പരസ്യങ്ങൾ ഓണ്‍ലൈനിലും സമൂഹമാധ്യമങ്ങളിലും ഇക്കൂട്ടർ നൽകി കഴിഞ്ഞു. മൊത്തം മേഖലയിലും സാമ്പത്തിക മാന്ദ്യം ബാധിച്ചത് വിൽപ്പനക്ക് തടസ്സമാകുന്നുണ്ട്. ജീവനക്കാരുടെ എണ്ണം പൂർണ്ണമായും വെട്ടിക്കുറച്ചു കഴിഞ്ഞു. ദിവസ വേതനക്കാരെ ഉപയോഗിച്ചാണ് ഇപ്പോഴുള്ള സർവ്വീസ് നടത്തുന്നത്. മുൻപ് ലാഭകരമായിരുന്ന വ്യവസായത്തിൽ നിന്ന് ഒരാൾക്ക് അഞ്ച് ലക്ഷം രൂപവരെ വരുമാനം ലഭിക്കുമായിരുന്നു. ഇപ്പോഴത് 50, 000 രൂപവരെ എത്തി.

ആലപ്പുഴ, കൊല്ലം, എറണാകുളം, കോട്ടയം മേഖലകളിൽ 1470 ഓളം ഹൗസ് ബോട്ടുകളാണ് ഉള്ളത്. കൂടാതെ 400 ഓളം ശിക്കാര ബോട്ടുകളും 50 മോട്ടോർ ബോട്ടുകളും 60 സ്പീഡ് ബോട്ടുകളും കായൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഹൗസ് ബോട്ട് ഒഴികെ ബാക്കിയെല്ലാം പൂർണ്ണമായും നിശ്ചലമായി കിടക്കുകയാണ്. ഒരുകാലത്ത് ദിവസവും സർവ്വീസ് നടത്തിയിരുന്ന ഹൗസ് ബോട്ടുകൾ ഇപ്പോൾ ശനി- ഞായർ ദിവസങ്ങളിൽ മാത്രമായി ചുരുങ്ങി. ഇതിൽ നിന്നും ലഭിക്കുന്നതാകട്ടെ പകുതി വരുമാനം മാത്രമാണ്. സർക്കാർ ടൂറിസം രംഗത്ത് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ വേണ്ട രീതിൽ തങ്ങൾക്ക് പ്രയോജനപ്പെടുത്താൻ അധികൃതർ ശ്രമിച്ചില്ലെന്നാണ് ഉടമകൾ പറയുന്നത്.

ഗ്രാന്റ് പോലും യഥാസമയം ലഭിക്കുന്നില്ലെന്നും പരിശോധക്ക് വരുന്നവർ ഇതിന്റെ പേരിൽ പണം തട്ടിയെടുക്കുന്നതായും ആരോപണം ഉണ്ട്. ടൂറിസം വകുപ്പ് നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ ബാങ്കുകാർ തയ്യാറാകാത്ത് ഹൗസ് ബോട്ട് ഉടമകളെ കൂടുതൽ വലയ്ക്കുന്നു. ധനസഹായത്തിന് ലോണിനായി ബാങ്കുകളെ സമീപിച്ചെങ്കിലും വസ്തു ഈടായി നൽകണമെന്ന് നിർദ്ദേശമാണ് ബാങ്ക് അധികൃതർ പറയുന്നത്. 2015 മുതൽ തുടങ്ങിയ പ്രതിസന്ധി ഈ മേഖലയെ വിടാതെ പിന്തുടരുകയാണ്. ഇറ്റലി, ഇംഗ്ലണ്ട് പോലുള്ള വിദേശ രാജ്യങ്ങളിൽ വീണ്ടും കോവിഡ് പിടിമുറുക്കിയതോടെ ഹൗസ് ബോട്ട് ടൂറിസം രംഗം കൂടുതൽ പരുങ്ങലിലാകും. ഈ വ്യവസായത്തിന്റെ പ്രധാന വരുമാന സ്രോതസ് വിദേശ രാജ്യങ്ങളായിരുന്നു. ബുക്കിംഗുകൾക്കായി ഹൗസ് ബോട്ട് ഉടമകളെ പലരും സമീപിക്കുന്നുണ്ടെങ്കിലും അതെല്ലാം കോവിഡ് ഭീതി മൂലം ഒഴിവാക്കപ്പെടുകയാണ്.

Eng­lish Sum­ma­ry: No tourists dur­ing the sea­son; House­boats for sale in Alappuzha

You may like this video also