സ്ഥാനാര്‍ഥിയില്ല; രാഹുലിന്‍റെ ഫോട്ടോ പതിച്ച പോസ്റ്ററുകളുമായി വീടുവീടാന്തരം കയറേണ്ട ഗതികേടില്‍ കോണ്‍ഗ്രസ്സുകാര്‍

Web Desk
Posted on April 11, 2019, 9:37 pm

കോഴിക്കോട്: സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചരണം, ‘ഭാവി പ്രധാനമന്ത്രി’ തെരഞ്ഞെടുപ്പിന് മുമ്പ് ഇനി മണ്ഡലത്തില്‍ കാലുകുത്തുമോ എന്ന് വോട്ടര്‍മാര്‍ക്ക് സംശയം, എല്ലാം ഉടന്‍തന്നെ ശരിയാകുമെന്ന് നേതാക്കളുടെ ഉറപ്പ്. ചിലപ്പോള്‍ പ്രിയങ്ക തന്നെ ഇനിയും വരുമെന്ന് ആശ്വാസം പറച്ചില്‍. സ്ഥാനാര്‍ത്ഥിയില്ലെങ്കിലെന്താ ഞങ്ങളിവിടില്ലേ എന്ന് ഉറപ്പുപറയല്‍… വയനാട്ടിലെ യു ഡി എഫ് പ്രചാരണക്യാമ്പിലെ സ്ഥിതിയിതാണ്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം പോലെ ആകെ അനിശ്ചിതാവസ്ഥ. രാഹുലിന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകളുമായി വീടുവീടാന്തരം കയറേണ്ട ഗതികേടിലാണ് കോണ്‍ഗ്രസുകാര്‍ക്കും മുസ്ലീം ലീഗുകാര്‍ക്കും. രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞ ആവേശമൊന്നും പ്രചരണത്തിലില്ല.

സ്ഥാനാര്‍ത്ഥിയില്ലാതെയുള്ള പ്രചരണം ശീലമില്ലാത്ത കോണ്‍ഗ്രസുകാരെ ആശ്വസിപ്പിക്കുന്നത് മുസ്ലീം ലീഗ് നേതാക്കളാണ്. തങ്ങള്‍ പതിറ്റാണ്ടുകളോളം സ്ഥാനാര്‍ത്ഥികളുടെ സാന്നിദ്ധ്യമില്ലാതെ ലോക്‌സഭാ ഇലക്ഷന്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞാണ് അവരുടെ ആശ്വസിപ്പിക്കല്‍. പഴയ മഞ്ചേരി, പൊന്നാനി മണ്ഡലങ്ങളില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടും ജി എം ബനാത്ത്‌വാലയും മത്സരിച്ച കാലത്തൊക്കെ അവര്‍ ദേശാടനക്കിളികളെപ്പോലെ വന്നുപോകുന്ന ശാലമായിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അനുഭവങ്ങള്‍ പങ്കിട്ടാണ് രാഹുലിന്റെ അസാന്നിദ്ധ്യത്തെ സാരമാക്കേണ്ടെന്ന് ലീഗ് നേതാക്കള്‍ കോണ്‍ഗ്രസുകാരെയും വോട്ടര്‍മാരെയും പറഞ്ഞാശ്വസിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥാനാര്‍ത്ഥി വി വി ഐ പി ആയതോടെ ഒന്നു കണികാണാന്‍ പോലും പറ്റാത്ത അവസ്ഥ. നാമനിര്‍ദ്ദേശപത്രിക കൊടുത്തുമടങ്ങിയ ശേഷം ഇനിയെന്ന് തിരിച്ചുവരുമെന്നറിയാത്ത അവസ്ഥ.

വയനാട്ടില്‍ കഴിഞ്ഞ പത്തുവര്‍ഷം എം പിയുണ്ടായിട്ടും അദ്ദേഹം പല കാരണങ്ങളാലും മാറിനിന്ന മണ്ഡലമാണ് ഇത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം സജീവമായിരുന്നുതാനും. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് അനാരോഗ്യം വകവയ്ക്കാതെ പ്രചരണത്തില്‍ സജീവമായിരുന്നു എം ഐ ഷാനവാസ്. വിജയിച്ചശേഷം ദീര്‍ഘകാലം അദ്ദേഹം രോഗതക്കിടക്കയിലായതോടെ വയനാടിന് നാഥനില്ലാത്ത സ്ഥിതിയായി.
വയനാട് പോലെ ഒട്ടേറെ മേഖലകളില്‍ വികസനവും കരുതലും ആവശ്യമുള്ള മണ്ഡലത്തില്‍ ആണ്ടിലൊരിക്കല്‍ പോലും വന്നുപോകാന്‍ ഇടയില്ലാത്ത ഒരാള്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളെയെല്ലാം സ്ഥാനാര്‍ത്ഥിയുടെ വി വി ഐ പി പദവിയും ഭാവിയില്‍ വലിയ ആളാകാനുള്ളയാളാണെന്ന് ആശ്വാസം പറച്ചിലും എത്രമാത്രം തങ്ങള്‍ക്ക് ഗുണകരമാകുമെന്ന സംശയമാണ് വയനാട് മണ്ഡലത്തിലെ സാധാരണക്കാര്‍ക്കെല്ലാം തന്നെ.
രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി വരുന്നതോടെ മണ്ഡലം ഇളക്കിമറിക്കുമെന്ന കോണ്‍ഗ്രസ്-യു ഡി എഫ് ബഡായി പറച്ചിലൊന്നും വയനാട്ടില്‍ കാണാനേയില്ല. എന്നാല്‍ എല്‍ ഡി എഫിന്റെ സ്ഥിതി അതല്ല. ഇന്നലെ കല്‍പ്പറ്റയില്‍ നടന്ന റോഡ് ഷോയും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗവും ഇക്കാലത്തിനിടെ വയനാട് കണ്ട് ഏറ്റവും വലിയ ജനസഞ്ചയമായിരുന്നു. കല്‍പ്പറ്റ നഗരത്തില്‍ ഇന്നലെ റോഡ്‌ഷോയ്‌ക്കെത്തിയത് പതിനായിരങ്ങളായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയെക്കുറിച്ച് വീമ്പിളക്കിയവര്‍ക്ക് മുന്നില്‍ അതിന്റെ നൂറുമടങ്ങ് ജനങ്ങളെ അണിനിരത്തി എല്‍ ഡി എഫ് വയനാട്ടിലെ തങ്ങളുടെ സ്വാധീനം വ്യക്തമാക്കിക്കൊടുത്തു. രാഹുലിന്റെ നാമനിര്‍ദ്ദേശപത്രികാസമര്‍പ്പണത്തിന് കേരളത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നും കോണ്‍ഗ്രസുകാര്‍ വയനാട്ടില്‍ എത്തിയപ്പോള്‍ ഇന്നലെ നടന്ന എല്‍ ഡി എഫ് റോഡ് ഷോയില്‍ വയനാട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്. കാരണം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി സുനീറിന്റെ മണ്ഡലം പര്യടനം വണ്ടൂരില്‍ നടക്കുന്നതിനാല്‍ മലപ്പുറം ജില്ലയില്‍ നിന്ന് എല്‍ ഡി എഫി പ്രവര്‍ത്തകര്‍ വയനാട്ടില്‍ എത്തിയിരുന്നില്ല. എന്നിട്ടും കല്‍പ്പറ്റ പട്ടണം നിറയത്തക്കവിധം പ്രവര്‍ത്തകരെ അണിനിരത്താന്‍ എല്‍ ഡി എഫിന് സാധിച്ചു. എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ റോഡ് ഷോ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്-മുസ്ലീം ലീഗ് നേതാക്കള്‍. രാഹുല്‍ ഗാന്ധി വന്നില്ലെങ്കിലും ജയിപ്പിക്കുന്ന കാര്യം തങ്ങളേറ്റെന്ന് വീമ്പടിച്ചവര്‍ ഇപ്പോള്‍ പരുങ്ങലിലാണ്. എല്‍ ഡി എഫ് സര്‍വ്വ ശക്തിയും സമാഹരിച്ച് എതിരാളി ആരായാലും നേരിടുമെന്ന ഉറച്ച തീരുമാനത്തോടെയാണ് തെരഞ്ഞെടുപ്പ് ഫ്രവര്‍ത്തനങ്ങളില്‍ മുന്നേറുന്നത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്നലെ കല്‍പ്പറ്റയില്‍ കണ്ടതും.