Janayugom Online
rahul Gandhi

രാഹുല്‍ കുടുങ്ങിയത്; ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ചലനമുണ്ടാക്കില്ല

Web Desk
Posted on April 02, 2019, 8:55 pm

സുരേന്ദ്രന്‍ കുത്തനൂര്‍

തൃശൂര്‍: രാഹുലിന്റെ കേരളത്തിലേക്കുള്ള് വരവ് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് ഊര്‍ജം പകരാനാണെന്ന കേരളത്തിലെ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളുടെ വാദം പൊളിയുന്നു. കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ഇരയായി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി മതേതര സഖ്യം തകര്‍ത്ത രാഹുല്‍ഗാന്ധിയുടെ വരവ് തെക്കേഇന്ത്യയില്‍ ഒരു രാഷ്ട്രീയ ചലനവുമുണ്ടാക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. കോണ്‍ഗ്രസിനോ കേരളത്തിന് പുറത്തുള്ള സഖ്യകക്ഷികള്‍ക്കോ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് യാതൊരു നേട്ടവുമുണ്ടാക്കില്ലെന്നാണ് രാഷ്ട്രീയ സമവാക്യങ്ങള്‍ വെച്ചുള്ള വിലയിരുത്തല്‍.

ലോക്‌സഭയിലേക്കുള്ള ആകെ 543 സീറ്റുകളില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളുള്‍പ്പെടുന്ന തെക്കേഇന്ത്യയില്‍ നിന്ന് 130 സീറ്റുകളാണുള്ളത്. ഇതില്‍ പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളും ഉള്‍പ്പെടുന്നു. 2014 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംഖ്യത്തിന് 23 ഉം ബിജെപി സഖ്യത്തിന് 75 ഉം സീറ്റുകള്‍ തെക്കേ ഇന്ത്യയില്‍ നിന്ന് ലഭിച്ചു. ഇതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും 20 വീതം സീറ്റുകളാണുള്ളത്. ആന്ധ്രപ്രദേശില്‍ ബിജെപി മൂന്നും കോണ്‍ഗ്രസ് രണ്ടും സീറ്റുകളില്‍ വിജയിച്ചു. ആകെ ഇരുപത്തിയഞ്ചില്‍ പതിനഞ്ചിടത്ത് തെലുങ്ക് ദേശം പാര്‍ട്ടി, എട്ടിടത്ത് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, രണ്ട് സീറ്റില്‍ ബിജെപി എന്നതാണ് സീറ്റ് നില. ഇത്തവണ ടിഡിപി സഖ്യം പോയതോടെ ബിജെപിയുടെ സാധ്യത പൂജ്യമായിരിക്കുകയാണ്. കോണ്‍ഗ്രസിനും നിലംതൊടാനാകില്ല എന്ന് 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചു.

ആന്ധ്ര പ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയാണ് ഇപ്പോള്‍ ഭരണത്തില്‍. മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസാണ് മുഖ്യ എതിരാളി. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ബിജെപിക്കും നേരിട്ടിറങ്ങി കളിക്കാന്‍ വലിയ ഇടമൊന്നുമില്ലാത്തിടത്ത് തെലുഗുദേശത്തിന്റെ തണലിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
തെലങ്കാന നിയമസഭയിലെ 119 അംഗങ്ങളില്‍ രണ്ട് പേര്‍ മാത്രമാണ് നിലവില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് ഉള്ളത്. അതുകൊണ്ടു തന്നെ നേരിട്ട് ലോക്‌സഭയിലേക്ക് മത്സരിക്കാതെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് പിന്തുണ നല്‍കാനാണ് ടിഡിപി തീരുമാനം. കോണ്‍ഗ്രസ്, സിപിഐ, തെലങ്കാന ജന സമിതി എന്നിവയുടെ സഖ്യത്തിലായിരുന്നു തെലങ്കാനയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി മത്സരിച്ചത്. സഖ്യം ആകെ സ്വന്തമാക്കിയ 19 സീറ്റുകളില്‍ ടിഡിപി രണ്ടും കോണ്‍ഗ്രസ് 17 സീറ്റുകളിലും വിജയിച്ചു. അതുകൊണ്ടു തന്നെ മോഡിക്കെതിരെയുള്ള പോരാട്ടം എന്ന നിലയില്‍ ഇത്തവണ 17 ലോക്‌സഭാ സീറ്റുകളിലും കോണ്‍ഗ്രസിനെ ടിഡിപി പിന്തുണക്കും.

തമിഴ്‌നാട്ടില്‍ പോണ്ടിച്ചേരി ഉള്‍പ്പെടെ ആകെ 40 ലോക്‌സഭാ സീറ്റുകളാണുള്ളത്. നിലവില്‍ ഇവിടെ ബിജെപിക്ക് ഒരു എംപി മാത്രമേയുള്ളൂ. 39 സീറ്റുകളില്‍ 37 എണ്ണത്തിലും എഐഎഡിഎംകെ യാണ് വിജയിച്ചത്. ഇത്തവണ എഐഎഡിഎംകെ യുമായി സഖ്യത്തിലെത്തി സീറ്റുകള്‍ പരമാവധി നേടാനാണ് ബിജെപി സ്വപ്‌നം കാണുന്നത്. ഇവിടെ ഡിഎംകെയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്. 30 സീറ്റില്‍ ഡിഎംകെ മത്സരിക്കുമ്പോള്‍ ഒമ്പത് സീറ്റാണ് കോണ്‍ഗ്രസിനു നല്‍കിയത്. 39 സീറ്റിലും ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം വിജയിക്കുമെന്നാണ് ഇതുവരെയുള്ള സര്‍വേ ഫലങ്ങള്‍. ഈ സഖ്യത്തിന്റെ വോട്ടിങ്ങ് ശതമാനം 44.2 ആയി ഉയരുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു.
തെക്കേ ഇന്ത്യയില്‍ ബിജെപിക്കു കാര്യമായ അടിത്തറയുള്ള സംസ്ഥാനമാണ് കര്‍ണാടകയെങ്കിലും കോണ്‍ഗ്രസും ജനതാദളും (എസ്) ഒന്നിച്ചു നിന്നാല്‍ ബിജെപി ബഹുദൂരം പിന്നിലാകുമെന്ന് 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയതാണ്. 2014ല്‍ കര്‍ണാടകയിലെ 28 സീറ്റില്‍ പതിനേഴും ബിജെപിക്കായിരുന്നു. കോണ്‍ഗ്രസിന് ഒമ്പതും ദളിനു രണ്ടും സീറ്റാണ് അന്ന് കിട്ടിയത്. കോണ്‍ഗ്രസും ദളും ഒരുമിക്കുമ്പോള്‍ ബിജെപി സീറ്റ് ഗണ്യമായി കുറയാനാണ് സാധ്യത.

Read this also

രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം: ബിനോയ് വിശ്വം

കര്‍ണാടകയില്‍ ദളും, ആന്ധ്രയില്‍ ടിഡിപിയും, തമിഴ്‌നാട്ടില്‍ ഡിഎംകെയും സഹായിച്ചാല്‍ മാത്രം ഏതാനും സീറ്റ് കിട്ടുമെന്ന ഗതികേടിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കുന്നത് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മുന്നേറ്റത്തിന് ഊര്‍ജം പകരാനാണെന്നത് പൊള്ളയാണെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അമേഠിയില്‍ തോല്‍വിയുണ്ടായാല്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്താകാതിരിക്കാന്‍ സീറ്റ് ഉറപ്പിക്കുക തന്നെയാണ് ഉറച്ച സീറ്റിലേക്കുള്ള രാഹുലിന്റെ ഒളിച്ചോട്ടമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രിയങ്ക സത്സരിക്കാനുള്ള സാധ്യതയും രാഹുലിന്റെ വയനാട് സീറ്റിനു പിന്നിലുള്ളതായും സൂചനയുണ്ട്. പ്രിയങ്ക ജയിക്കുകയും രാഹുല്‍ അമേഠിയില്‍ തോല്‍ക്കുകയും ചെയ്താല്‍ പ്രധാനമന്ത്രി സാധ്യത ഇല്ലാതാകുമോ എന്ന ഭയമാണ് ഇതിനു പിന്നില്‍. അമേഠി കൈവിട്ടാലും പാര്‍ട്ടിക്ക് അവസരം കിട്ടിയാല്‍ ക്ഷണിച്ചു വരുത്തി പ്രധാനമന്ത്രിയാക്കാം. പിന്നീട് തെരഞ്ഞെടുക്കപ്പെട്ടാല്‍ മതി. എന്നാല്‍ പ്രിയങ്കയുടെ സാന്നിധ്യം ആ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നു. ഈ സാഹചര്യത്തില്‍ രാഹുലിന് തെരഞ്ഞെടുപ്പില്‍ ജയിച്ചേ പറ്റൂ എന്നതുകൊണ്ടുതന്നെയാവും വയനാടിലേക്ക് തിരിഞ്ഞത് എന്നും വിലയിരുത്തപ്പെടുന്നു.

You may like this

https://www.facebook.com/janayugomdaily/videos/422046931879359/