Janayugom Online
kpcc-jana

വൈസ്പ്രസിഡന്റ്മാരെ ഒഴിവാക്കിയേക്കും, കെപിസിസിയില്‍ പുനസംഘടന കീറാമുട്ടിയാകും

Web Desk
Posted on September 23, 2018, 9:56 pm

തിരുവനന്തപുരം: കെപിസിസിയില്‍ വൈസ് പ്രസിഡന്റുമാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതിനാല്‍ കെപിസിസിയില്‍ ഇനി വൈസ് പ്രസിഡന്റുമാര്‍ ഉണ്ടാകില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ കെപിസിസിയുടെ പുനസംഘടന സംസ്ഥാന നേതൃത്വത്തിന് തലവേദനയാകും. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രധാന ഭാരവാഹികളെ എഐസിസി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുനസംഘടന ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പുനസംഘടനയില്‍ നിലവിലെ വൈസ്പ്രസിഡന്റുമാര്‍ക്ക് അര്‍ഹമായി സ്ഥാനം നല്‍കുകയെന്നത് വെല്ലുവിളിയാകും. ഒപ്പം 63 പേരടങ്ങുന്ന ഭാരവാഹിപ്പട്ടിക ചുരുക്കണമെന്നും, വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നുമുള്ള നിര്‍ദേശം നേതൃത്വം മുന്നോട്ടുവെയ്ക്കുന്നുണ്ട്. പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തി കെപിസിസിയില്‍ സമ്പൂര്‍ണ അഴിച്ചുപണിയാണ് ലക്ഷ്യമിടുന്നത്. ഒക്‌ടോബര്‍ 20ന് മുന്‍പ് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണു തീരുമാനം. പുതിയ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുന്ന ഈ മാസം 27ന് തന്നെ യുഡിഎഫ് ഏകോപന സമിതി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.