25 April 2024, Thursday

സ്ത്രീകൾ മന്ത്രിയാവേണ്ടവരല്ല, പ്രസവിക്കേണ്ടവർ

Janayugom Webdesk
September 11, 2021 12:18 pm

കാബൂൾ: സ്ത്രീകൾ മന്ത്രിമാരാകേണ്ടവരല്ല കുട്ടികൾക്ക് ജന്മം നൽകേണ്ടവരാണെന്ന് താലിബാൻ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമി. ടോളോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമർശം. ‘ഒരു സ്ത്രീക്ക് മന്ത്രിയാകാൻ കഴിയില്ല, അവൾക്ക് താങ്ങാനാവാത്ത എന്തെങ്കിലും നിങ്ങൾ അവളുടെ കഴുത്തിൽ വച്ചുകെട്ടുന്നത് പോലെയാവും അത്. സ്ത്രീകൾ മന്ത്രിസഭയിൽ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. അവർ പ്രസവിക്കണം. വനിതാ പ്രതിഷേധക്കാർക്ക് അഫ്ഗാനിസ്ഥാനിലെ എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കാൻ കഴിയില്ല’, താലിബാന്‍ നേതാവിന്റെ വാക്കുകളിങ്ങനെയായിരുന്നു.

തൊഴിലിനും സര്‍ക്കാരില്‍ പ്രാതിനിധ്യത്തിനും വേണ്ടി പ്രതിഷേധിക്കുന്ന സ്ത്രീകൾ അഫ്ഗാനിസ്ഥാനിലുള്ളവരെ പ്രതിനിധാനം ചെയ്യുന്നില്ലെന്നാണ് ഹാഷിമിയുടെ വാഗം. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ ഇവിടത്തെ ജനങ്ങൾക്ക് ജന്മം നൽകുകയും അവരെ ഇസ്‌ലാമിക ധാർമ്മികതയെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് ചെയ്യേണ്ടതെന്നും ഇയാള്‍ പറയുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ നടപ്പാക്കാൻ ശ്രമിക്കുന്ന ഉത്തരവുകൾക്കെതിരെ പ്രതിഷേധവുമായി സ്ത്രീകൾ തെരുവിൽ ഇറങ്ങിയിരുന്നു. കാബൂളിൽ കഴിഞ്ഞദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ താലിബാൻ ഭീകരർ വെടിയുതിർത്തിരുന്നു.

പ്ലക്കാർഡുകളും പോസ്റ്ററുകളുമായി തെരുവിലിറങ്ങുന്ന സ്ത്രീകളെ താലിബാൻ അംഗങ്ങൾ തോക്കുകളുമായി നേരിടുന്നതിന്റെ നിരവധി ചിത്രങ്ങളാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് മാധ്യമപ്രവർത്തകർ ട്വീറ്റ് ചെയ്യുന്നത്.

പ്രതിഷേധവുമായി തെരുവിലിറങ്ങിയ നൂറുകണക്കിനുവരുന്ന സ്ത്രീകളെ പിരിച്ചുവിടാൻ താലിബാൻ വെടിയുതിർത്തതായി വാർത്തകളുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനിലെ സ്വകാര്യ സർവകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാകൃതമായ മാർഗരേഖ താലിബാൻ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. പെൺകുട്ടികൾ നിർബന്ധമായും മുഖം മറയ്ക്കണം, ക്ലാസ് റൂമുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറവേണം, പെൺകുട്ടികളെ വനിതാ അധ്യാപകർ തന്നെ പഠിപ്പിക്കണം, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക വാതിലുകൾ വേണം, ആൺകുട്ടികളും പെൺകുട്ടികളും ഇടവേളകളിൽ ഒരുമിച്ച് ഇടപഴകാതിരിക്കാൻ പെൺകുട്ടികളുടെ ക്ലാസുകൾ അഞ്ച് മിനിറ്റ് മുമ്പായി അവസാനിപ്പിക്കണം, സഹപാഠികളായ ആൺകുട്ടികൾ കോളജ് പരിസരം വിട്ടുപോകുന്നതുവരെ പെൺകുട്ടികൾ വിശ്രമമുറികളിൽ തുടരണം തുടങ്ങിയ നിർദേശങ്ങളായിരുന്നു മാർഗരേഖയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.