June 9, 2023 Friday

നൂൽ ലഭിക്കുന്നില്ല: കൈത്തറി മേഖല സ്തംഭനത്തിലേക്ക്

ഷാജി ഇടപ്പള്ളി
കൊച്ചി:
June 2, 2020 9:31 pm

കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ കൈത്തറി സംഘങ്ങൾക്ക് ഉല്പാദനത്തിന് ആവശ്യമായ നൂൽ ലഭിക്കുന്നില്ല. ഇതുമൂലം കൈത്തറി മേഖല തൊഴിൽ സ്തംഭനത്തിലേക്ക് നീങ്ങുന്നു. ഉല്പാദനത്തിന്റെ ഗണ്യമായ പങ്കും വില്പന നടക്കുന്ന വിഷു വിപണിയും ഇക്കുറി ലോക്ഡൗണിനെ തുടർന്ന് ഇല്ലാതായി. മാർച്ച് മുതൽ വില്പന ഇല്ലാത്തതിനാൽ യാതൊരു വരുമാനവും സംഘങ്ങൾക്ക് ലഭിച്ചിട്ടില്ല. തൊഴിലാളികൾക്ക് കൂലിയും ശമ്പളവും മറ്റു അനുകൂല്യങ്ങളും നൽകാനാവാതെ സംഘങ്ങളുടെ പ്രവർത്തനവും പ്രതിസന്ധിയിലാണ്.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജിലും ഈ പരമ്പരാഗത മേഖലയുടെ നിലനിൽപ്പിന് സഹായം വകയിരുത്തിയതുമില്ല. കൈത്തറി സംഘങ്ങൾക്ക് ആവശ്യമായ നൂലിന്റെ അളവുകൾ യാൺ ബാങ്കുൾക്ക് നൽകുകയും അവർ ദേശീയ കൈത്തറി വികസന ഡയറക്ടറേറ്റ് മുഖാന്തിരം തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും നൂൽ ശേഖരിച്ച് നൽകുന്ന രീതിയാണുള്ളത്. എന്നാൽ കോവിഡ് വന്നതോടുകൂടി ഇത്തരം പ്രവർത്തനം അവതാളത്തിലായതാണ് പ്രധാന പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്.

സ്കൂൾ അധ്യയന വർഷം ഇന്ന് മുതൽ ആരംഭിക്കുകയാണ്. പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോമിനുള്ള കൈത്തറി തുണിയുടെ ഉത്പാദനം പൂർണതോതിൽ നടന്നിട്ടില്ല. നൂൽ ലഭിച്ചാൽ മാത്രമേ ആവശ്യത്തിനുള്ള തോതിൽ തുണി നെയ്തെടുക്കാൻ കഴിയുകയുള്ളു. കൈത്തറി മേഖലയുടെ വരുമാന വർധനവിനും തൊഴിൽ സ്ഥിരതയ്ക്കും വേണ്ടിയാണ് സർക്കാർ സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കിയത്. ഇതുമൂലം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നല്ല കൂലിയും ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിച്ചിരുന്നു.

എറണാകുളം ജില്ലയിൽ മാത്രം 13 കൈത്തറി സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവിടെ തൊഴിൽ ചെയ്യുന്നവരടക്കം അനുബന്ധ മേഖലയിലുമായി ആയിരത്തിലേറെപ്പേരാണ് കൈത്തറിയെ ആശ്രയിച്ചു തൊഴിലെടുത്ത് കഴിഞ്ഞുവരുന്നത്. ഒരു മേജർ സംഘത്തിന് ഒരു മാസം കൂലി ഉൾപ്പെടെ ദൈനം ദിന ചെലവുകൾക്കായി കുറഞ്ഞത് മൂന്നര ലക്ഷം രൂപയോളം വേണ്ടിവരും. സാധാരണ സംഘങ്ങൾക്ക് ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം രൂപവരെ ആവശ്യമാണെന്നും ഇതിനുള്ള വരുമാനം ഇല്ലാത്തതു മൂലം ജില്ലയിലെ പല സംഘങ്ങളും അടച്ചുപൂട്ടൽ ഭീക്ഷണിയിലാണെന്നും പറവൂർ കൈത്തറി സംഘം പ്രസിഡന്റും ഹാൻടെക്സ് ബോർഡ് മെമ്പറുമായ ടി എസ് ബേബി പറഞ്ഞു.

ENGLISH SUMMARY: No yarn: Hand­loom sec­tor to stagnation

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.